Monday, March 19, 2012

ജപ്പാന്‍ കുടിവെള്ളപദ്ധതി: വെള്ളം "നാടുകടത്താന്‍" നീക്കം

ചേര്‍ത്തല താലൂക്കിലെ ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കാന്‍ ലക്ഷ്യമിട്ട് യാഥാര്‍ഥ്യമാക്കിയ ജപ്പാന്‍ കുടിവെള്ളപദ്ധതിയിലെ വെള്ളം എറണാകുളത്തേക്ക് ഒഴുക്കാന്‍ ഉന്നതതലനീക്കം. പദ്ധതിയില്‍നിന്ന് കണക്ഷന്‍ എടുക്കാന്‍ ചേര്‍ത്തലക്കാര്‍ തയ്യാറാകുന്നില്ലെന്ന കാരണംപറഞ്ഞാണ് ഈ നീക്കം. ഇത് നടപ്പായാല്‍ പദ്ധതിയുടെ മുഖ്യഗുണഭോക്താക്കള്‍ എറണാകുളം നിവാസികളും വന്‍കിട ബിസിനസുകാരുമായി മാറും. 500ല്‍പരം കോടി രൂപ ചെലവിട്ടാണ് ബൃഹത്ത്പദ്ധതി ചേര്‍ത്തലയില്‍ യാഥാര്‍ഥ്യമായത്. താലൂക്കിലെ 18 പഞ്ചായത്തുകളിലെയും നഗരസഭയിലെയും ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പതിറ്റാണ്ടുകള്‍ സ്വപ്നപദ്ധതിയായി കണക്കാക്കപ്പെട്ട സംരംഭത്തിന് 2007ലാണ് കരാറായതും നിര്‍മാണം തുടങ്ങിയതും. 2011ല്‍ 95 ശതമാനം നിര്‍മാണവും പൂര്‍ത്തിയാക്കിയെങ്കിലും നാടിന് സമര്‍പ്പിക്കാനായത് കഴിഞ്ഞ ജനുവരി മൂന്നിനാണ്.

അനുവദനീയമായതിലും അധികം ലവണാംശം (ഫ്ളൂറൈഡ്) കലര്‍ന്ന വെള്ളമാണ് ചേര്‍ത്തല താലൂക്കിലെ മഹാഭൂരിപക്ഷം പേരും കുടിക്കാനായി ഉപയോഗിക്കുന്നത്. ഇത് ഉദര-അസ്ഥി-ദന്ത രോഗങ്ങള്‍ക്ക് കാരണമാകുന്നതായും ജനതയുടെ ആരോഗ്യത്തെ അപകടകരമാംവിധം ബാധിക്കുന്നതായും പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ഇതുപ്രകാരമാണ് കുടിവെള്ളപദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചത്. മൂവാറ്റുപുഴയാറില്‍നിന്ന് കുഴല്‍വഴി വേമ്പനാട് കായല്‍ കടത്തി എത്തിക്കുന്ന വെള്ളം തൈക്കാട്ടുശേരി മാക്കേകടവിലെ അത്യന്താധുനികവും വിശാലവുമായ ശുദ്ധീകരണശാലയില്‍ ശുദ്ധീകരിച്ചാണ് താലൂക്കിലാകെ വിതരണം ചെയ്യുക. 55,000 ഗാര്‍ഹിക കണക്ഷനുകളാണ് പദ്ധതി ലക്ഷ്യമിടുന്നത്. 13,600 പേര്‍ കണക്ഷന് അപേക്ഷിച്ചു. എന്നാല്‍ ഭീമമായ തുക നല്‍കി കണക്ഷന്‍ എടുക്കാന്‍ ഭൂരിഭാഗംപേര്‍ക്കും കഴിഞ്ഞില്ല. ആകെ 256 പേര്‍ മാത്രമാണ് നിശ്ചിത തുക അടച്ച് കണക്ഷന്‍ എടുത്തത്. 2070 രൂപ 10 ഗഡുക്കളായി നല്‍കാനുള്ള സൗകര്യം പിന്നീട് ഒരുക്കി. എന്നാല്‍ മീറ്റര്‍ വിലയും പ്ലമ്പിങ് ജോലിയുടെ ചെലവും ഗുണഭോക്താക്കള്‍ വഹിക്കണം. ഇക്കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ഒരുനടപടിയും ഉണ്ടായില്ല. മാത്രമല്ല, പദ്ധതിയുടെ ജലവിതരണകുഴലില്‍നിന്ന് 50 മീറ്റര്‍ അകലെവരെമാത്രം കണക്ഷന്‍ നല്‍കാനാണ് ഇപ്പോഴത്തെ വ്യവസ്ഥ. ഫലത്തില്‍ സ്വപ്നപദ്ധതി യാഥാര്‍ഥ്യമായെങ്കിലും ചേര്‍ത്തലക്കാര്‍ക്ക് വെള്ളം എത്തിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാരില്‍നിന്ന് ഉണ്ടായില്ല. ഇതോടെ വാട്ടര്‍ കണക്ഷന്‍ എടുക്കാന്‍ ആളില്ലാത്ത നിലയായി.

ഈ സൗകര്യം മുതലെടുത്തത് ചേര്‍ത്തലക്കാര്‍ക്കുള്ള വെള്ളം എറണാകുളത്തേക്ക് കൊണ്ടുപോകാന്‍ നീക്കം നടത്തുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം അടങ്ങിയ ഫയല്‍ ജലഅതോറിറ്റി മാനേജിങ് ഡയറക്ടറുടെ പരിഗണനയിലാണ്. ഇത് അംഗീകരിക്കപ്പെട്ടാല്‍ ചേര്‍ത്തലക്കാര്‍ക്ക് പദ്ധതിയുടെ പ്രയോജനം പേരിനുമാത്രമാകും. എറണാകുളത്തെ ഫ്ളാറ്റ് ലോബിയും വന്‍കിടക്കാരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക. ചേര്‍ത്തലക്കാരെ വാട്ടര്‍ കണക്ഷന്‍ എടുക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുള്ള ഒരുവിധ ശ്രമവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോര്‍ത്തിണക്കി വിപുല ബോധവല്‍ക്കരണമാണ് അനിവാര്യം. ആവശ്യക്കാര്‍ക്കെല്ലാം ദൂരപരിധി പരിഗണിക്കാതെ കണക്ഷന്‍ നല്‍കണം. കണക്ഷന്‍ ചെലവ് വഹിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതംകൂടി പ്രയോജനപ്പെടുത്താം. 160ല്‍പരം ജീവനക്കാരെ രംഗത്തിറക്കി കണക്ഷന്‍ നടപടികള്‍ ജനകീയമായി പൂര്‍ത്തിയാക്കാനാകും. ഇക്കാര്യങ്ങളൊന്നും നിര്‍വഹിക്കാതെയാണ് ചേര്‍ത്തലയ്ക്കായി ആവിഷ്കരിച്ച കുടിവെള്ളപദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
(ടി പി സുന്ദരേശന്‍)

deshabhimani 190312

No comments:

Post a Comment