Friday, March 2, 2012

വേമ്പനാട്ടുകായലിനെ ശുദ്ധീകരിക്കാന്‍ നീരൊഴുക്ക് നാലിരട്ടിയാക്കണം

മലിനീകരണത്തിന്റെ പിടിയിലമര്‍ന്ന കുട്ടനാടിനെയും വേമ്പനാട്ടുകായലിനെയും ശുദ്ധീകരിക്കാന്‍ നദികളില്‍ ഇപ്പോഴുള്ള നീരൊഴുക്കിന്റെ നാലിരട്ടി വേണ്ടിവരുമെന്ന് പഠന റിപ്പോര്‍ട്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കുട്ടനാടും വേമ്പനാട്ടുകായലും കടുത്ത ജലക്ഷാമം നേരിടുമ്പോഴാണ് പമ്പ-അച്ചന്‍കോവിലാറുകളിലെ വെള്ളം തമിഴ്നാട്ടിലെ വൈപ്പാറിലേക്ക് ഒഴുക്കിവിടാന്‍ നീക്കം നടത്തുന്നത്.

കുട്ടനാട്ടിലെയും വേമ്പനാട്ടുകായലിലെയും മാലിന്യം ഒഴുക്കിക്കളയാന്‍ പ്രതിവര്‍ഷം 4,745 ദശലക്ഷം ഘനമീറ്റര്‍ വെള്ളം വേണമെന്നിരിക്കെ നിലവിലെ ലഭ്യത 1,208 ദശലക്ഷം ഘനമീറ്റര്‍ മാത്രമാണെന്ന് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഡബ്ല്യുആര്‍ഡിഎം ഡയറക്ടര്‍ പ്രൊഫ. ഇ ജെ ജയിംസിന്റെ പഠനത്തില്‍ കണ്ടെത്തി. കൂടാതെ 2050 ആകുന്നതോടെ കൃഷിക്കും കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള വെള്ളത്തിന് പമ്പയാറില്‍ 3,537 ദശലക്ഷം ഘനമീറ്ററിന്റെയും അച്ചന്‍കോവിലാറ്റില്‍ 459 ദശലക്ഷം ഘനമീറ്റര്‍ ജലദൗര്‍ലഭ്യവും ഉണ്ടാകുമെന്നും പഠനത്തില്‍ കണ്ടെത്തി. പമ്പ, അച്ചന്‍കോവില്‍ , മണിമല, മീനച്ചിലാറുകള്‍ അതിന്റെ ഉത്ഭവസ്ഥാനം മുതല്‍ ഒഴുക്കിക്കെണ്ടുവരുന്ന മാലിന്യമത്രയും കുട്ടനാട്ടിലും വേമ്പനാട്ടുകായലിലുമാണ് തള്ളുന്നത്. കൂടാതെ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന കീടനാശിനികളുടെയും രാസവളത്തിന്റെയും അവശിഷ്ടങ്ങളും കായലിലാണ് ഒഴുകിയെത്തുന്നത്. കൂടാതെ ആലപ്പുഴ, കൊച്ചി നഗരങ്ങളില്‍നിന്നുള്ള ടണ്‍കണക്കിന് ആശുപത്രി മാലിന്യം ഉള്‍പ്പെടെ കായലില്‍പതിക്കുന്നു. കായല്‍ജലത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് ഭീതിജനകമാംവിധം ഉയര്‍ന്നതായി അടുത്തിടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ കുട്ടനാടന്‍ കരപ്രദേശങ്ങളില്‍ അടിഞ്ഞുകൂടുന്ന മാലിന്യമത്രയും ഒഴുക്കി കടലില്‍ തള്ളുന്നതില്‍ വെള്ളപ്പൊക്കവും നിര്‍ണായക പങ്കുവഹിക്കുന്നു. വര്‍ഷംതോറുമുുള്ള ഓരുകയറ്റവും വെള്ളപ്പൊക്കവും കുട്ടനാടിന്റെ പ്രകൃതിദത്തമായ ശുദ്ധീകരണ പ്രക്രിയയാണ്.

പമ്പ- അച്ചന്‍കോവിലാറുകളിലെ നീരൊഴുക്ക് കുറയുന്നതോടെ ഈ പ്രതിഭാസം ഇല്ലാതാകുകയും കുട്ടനാട് മലിനീകരണത്തിന്റെ പിടിയിലാകുകയും ചെയ്യും. നദീസംയോജനം നടപ്പായാല്‍ രാജ്യത്തെ ഏറ്റവുംവലിയ തണ്ണീര്‍ത്തടമായ വേമ്പനാട്ടുകായലിന്റെ ആവാസ വ്യവസ്ഥ തകരുമെന്ന് പരിസ്ഥിതി സ്നേഹികള്‍ ചൂണ്ടിക്കാട്ടുന്നു. നീരൊഴുക്ക് കുറയുന്നതോടെ കായലിന്റെ താപനിലയില്‍ വ്യത്യാസം സംഭവിക്കുമെന്നും ഇത് കായലിലെ മത്സ്യങ്ങള്‍ , കൊഞ്ച്, കക്ക തുടങ്ങിയവയ്ക്ക് നാശംവരുത്തുമെന്നും പല പഠനങ്ങളും മുന്നറിയിപ്പ് നല്‍കുന്നു. തണ്ണീര്‍മുക്കം റഗുലേറ്റര്‍ ആരംഭിച്ചതോടെ ഓരിന്റെ സാന്ദ്രതയിലുണ്ടായ വ്യത്യാസംമൂലം പല മത്സ്യവര്‍ഗവും നശിച്ചു. ശുദ്ധജല മത്സ്യം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ എന്ന് അടുത്തിടെ ചില പഠനങ്ങള്‍ കണ്ടെത്തി. പമ്പ- അച്ചന്‍കോവിലാറുകളിലെ കുടിവെള്ള പദ്ധതികള്‍ ഇല്ലാതാകുന്നത് 30 ലക്ഷത്തോളം ജനങ്ങളുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കും. ഈ റിപ്പോര്‍ട്ടുകള്‍ കൈവശമുള്ളപ്പോഴാണ് സംസ്ഥാന താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത്. കായലിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവില്‍ ഗുരുതരമായ കുറവുണ്ടായാല്‍ മധ്യേഷ്യയിലെ "യുറാള്‍" കടലിനു സംഭവിച്ചപോലെ "കായല്‍മരണ"ത്തിന് സംസ്ഥാനം നിശബ്ദ സാക്ഷികളാകേണ്ടിവരും.

നദീസംയോജനം: വിധി സര്‍ക്കാരിന്റെ പിടിപ്പുകേട്

ആലപ്പുഴ: പമ്പ -അച്ചന്‍കോവില്‍ നദികളെ വൈപ്പാര്‍ നദിയുമായി സംയോജിപ്പിക്കുന്നതിനെതിരെ സമരം ചെയ്യുമെന്ന് പറയുന്ന കൊടിക്കുന്നില്‍ സുരേഷ് എംപി ആദ്യം പ്രതികരിക്കേണ്ടത് യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരെ. യുഡിഎഫ് സര്‍ക്കാര്‍ കേസ് നടത്തിപ്പില്‍ കാട്ടിയ അലംഭാവമാണ് കോടതി വിധി കേരളത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായത്. എല്‍ഡിഎഫ് ഭരണകാലത്ത് ഹരീഷ് സാല്‍വെയടക്കമുള്ള പ്രഗത്ഭ അഭിഭാഷകരെ അണിനിരത്തിയാണ് കേസ് കേരളം വാദിച്ചത്. എന്നാല്‍ അവസാന വാദത്തില്‍ പുതുതായി ചുമതലയേറ്റ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്. കേരളത്തിന്റെ വാദമുഖത്തെ ശരിയായി അവതരിപ്പിക്കുന്നതിലും വീഴ്ചയുണ്ടായി. കുട്ടനാടിന്റെ പാരിസ്ഥിതിക ദുര്‍ബലാവസ്ഥ വേണ്ട വണ്ണം ധരിപ്പിക്കാനും കഴിഞ്ഞില്ല. അതാണ് കേസില്‍ കേരളത്തിന് തിരിച്ചടിയുണ്ടാക്കിയത്.

ഇതിന് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരാണ് ആദ്യ കുറ്റവാളി. ജലസേചന വകുപ്പും നിയമ വകുപ്പും കൈകാര്യം ചെയ്യുന്ന കേരള കോണ്‍ഗ്രസ് മന്ത്രിമാരുടെ വീഴ്ചയാണെങ്കില്‍ അതും തുറന്നു പറയാന്‍ കൊടിക്കുന്നില്‍ തയ്യാറാകണം. സംയോജനം പ്രാവര്‍ത്തികമായാല്‍ അത് കുട്ടനാടിന്റെ സര്‍വനാശത്തിന് വഴിവെക്കും. ജലനിരപ്പ് കുറയുന്നത് കൃഷിയെയും വിനോദ സഞ്ചാരത്തെയും ബാധിക്കും. മലിനീകരണം കൂടുന്നതോടെ കുടിവെള്ളവും കിട്ടാതെയാകും. മത്സ്യസമ്പത്തും നശിക്കുമെന്നും സര്‍ക്കാര്‍ നിയോഗിച്ച പഠനസംഘം തന്നെ കണ്ടെത്തിയിട്ടുണ്ട്.

deshabhimani 010312

1 comment:

  1. മലിനീകരണത്തിന്റെ പിടിയിലമര്‍ന്ന കുട്ടനാടിനെയും വേമ്പനാട്ടുകായലിനെയും ശുദ്ധീകരിക്കാന്‍ നദികളില്‍ ഇപ്പോഴുള്ള നീരൊഴുക്കിന്റെ നാലിരട്ടി വേണ്ടിവരുമെന്ന് പഠന റിപ്പോര്‍ട്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കുട്ടനാടും വേമ്പനാട്ടുകായലും കടുത്ത ജലക്ഷാമം നേരിടുമ്പോഴാണ് പമ്പ-അച്ചന്‍കോവിലാറുകളിലെ വെള്ളം തമിഴ്നാട്ടിലെ വൈപ്പാറിലേക്ക് ഒഴുക്കിവിടാന്‍ നീക്കം നടത്തുന്നത്.

    ReplyDelete