പിറവം ഉപതിരഞ്ഞെടുപ്പില്‍ യഥാര്‍ഥത്തില്‍ ചര്‍ച്ചയാകേണ്ടത് മീനച്ചില്‍-മൂവാറ്റുപുഴ നദീസംയോജന പദ്ധതിയെക്കുറിച്ചാണ്. മൂവാറ്റുപുഴ നദീതടത്തെ വരള്‍ച്ചയിലാഴ്ത്തി മാത്രമേ മീനച്ചില്‍ ലിങ്ക് പദ്ധതി നടപ്പാക്കുവാനാകൂ എന്ന് ഏതാണ്ടുറപ്പാണ്. കോട്ടയം ബജറ്റെന്ന അപരനാമത്തില്‍ അറിയപ്പെട്ട യു ഡി എഫ് സര്‍ക്കാരിന്റെ കന്നിബജറ്റില്‍ 25 കോടി രൂപയാണ് ഈ പദ്ധതിക്കായി മാറ്റിവച്ചത്.
മൂവാറ്റുപുഴയാറില്‍ നിന്നും ഉദ്ദേശം ഏഴു കി.മീറ്ററോളം ടണല്‍ മാര്‍ഗം വെള്ളം മീനച്ചിലാറിന്റെ പോഷകനദിയായ കടപ്പുഴയാറിലെത്തിച്ച് കൃഷിക്കും ജലസേചനത്തിനും കുടിവെള്ളപദ്ധതികള്‍ക്കുമായി ഉപയോഗിക്കുക എന്നതാണ് മീനച്ചില്‍ നദീതടപദ്ധതി. ഡാം നിര്‍മ്മാണം, തടയണ നിര്‍മ്മാണം, മീനച്ചിലാറിന്റെ അടിത്തട്ട് പൊട്ടിക്കല്‍, ടണല്‍ നിര്‍മ്മാണം എന്നിവയ്ക്കായി 65 കോടിരൂപയാണ് പദ്ധതി അടങ്കല്‍. 2011-12 ബജറ്റില്‍ 25 കോടി നീക്കിവയ്ക്കുകയും ചെയ്തു. കോട്ടയം ജില്ലയിലെ ധനകാര്യ മന്ത്രിയുടെ മണ്ഡലമായ പാലാ പ്രദേശം ഉള്‍പ്പെടുന്ന മീനച്ചില്‍ താലൂക്കും പ്രാന്തപ്രദേശങ്ങളുമാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. 1977ല്‍ വെറും 75 കോടി അടങ്കലില്‍ ആരംഭിച്ച മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിക്കായി ഇതുവരെ 600 കോടി രൂപ ചെലവിട്ടു. ആ നിലയ്ക്ക് മീനച്ചില്‍ നദീതട പദ്ധതിക്ക് 65 കോടി അടങ്കലിന് പകരം 6500 കോടി രൂപ ചെലവഴിച്ചാലും പദ്ധതി പൂര്‍ത്തിയാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം.
എന്നാല്‍ ഈ പദ്ധതി മൂലം മൂവാറ്റുപുഴയിലെ നിലവിലെ ജലസേചന പദ്ധതികള്‍ ഒന്നടങ്കം നശിപ്പിക്കപ്പെടുമെന്നതാണ് ഭീതിയുണ്ടാക്കുന്നത്. ധനമന്ത്രിയുടെ ഈ പദ്ധതിയ്‌ക്കെതിരെ പല കോണുകളില്‍ നിന്നും പദ്ധതിയുടെ ഗുണദോഷങ്ങളെ കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ ഈ പദ്ധതിയുടെ സാധ്യത വിലയിരുത്തുവാനായി വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ധനമന്ത്രിയുടെ പ്രസ്താവന വന്നു. ബജറ്റില്‍ തുക വകയിരുത്തിയതിനുശേഷം പദ്ധതിയെക്കുറിച്ച് പഠിക്കുവാന്‍ സമിതിയെ വച്ചതു തന്നെ അസംബന്ധമാണ്. എന്തായാലും അടുത്ത ബജറ്റിനുള്ള സമയമായിട്ടും പഠനം തീര്‍ന്നിട്ടില്ല. ഈ പദ്ധതി നടപ്പായാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക പിറവം നിയോജകമണ്ഡലത്തെയായിരിക്കുമെന്നതാണ് വളരെ പ്രസക്തമായ കാര്യം. മൂവാറ്റുപുഴയിലേക്ക് പെരിയാറില്‍ നിന്നു വന്ന ജലം മീനച്ചില്‍ ആറിലേക്ക് കടത്തിക്കൊണ്ടു പോകുമ്പോള്‍ ബുദ്ധിമുട്ടിലാകുക പിറവം മണ്ഡലത്തിലെയും മൂവാറ്റുപുഴ നദീതടത്തിലെയും കര്‍ഷകരാണ്. കൃഷിക്ക് ആവശ്യമായ ജലം ലഭിക്കില്ലെന്ന് മാത്രമല്ല കുടിവെള്ളക്ഷാമത്തിലേക്കും ഓരുവെള്ള കയറ്റത്തിലേക്കും മീനച്ചില്‍ നദീതട പദ്ധതി വഴിവയ്ക്കുമെന്നതുകൊണ്ടുതന്നെ ഈ വിഷയം പിറവം ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടണം. ഒട്ടനവധി നിയമസഭാ മണ്ഡലങ്ങളില്‍ കൃഷിയും കുടിവെള്ള സ്‌കീമുകളും നശിപ്പിച്ച് മീനച്ചില്‍ താലൂക്കിലെയും തന്റെ മണ്ഡലത്തിലെയും കൃഷിയും കുടിവെള്ള ലഭ്യതയും ഉറപ്പാക്കാന്‍ ഒരു ധനമന്ത്രി സംസ്ഥാന ഖജനാവിലെ പണം ഉപയോഗിക്കുന്നത് പരസ്യമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പ്രാദേശിക പാര്‍ട്ടികളിലെ മന്ത്രിമാര്‍ സംസ്ഥാനത്തിന്റെ മന്ത്രിമാരാണ് തങ്ങള്‍ എന്ന് മറന്നുപോകുന്നുണ്ടോ എന്ന് സമൂഹം വിലയിരുത്തേണ്ടതായിട്ടുണ്ട്. പൊതുഖജനാവ് പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ ഉപയോഗിക്കുമ്പോള്‍ സംസ്ഥാന താല്‍പര്യം ഏത് പരിധി വരെ സംരക്ഷിക്കപ്പെടണം?
മീനച്ചില്‍ പദ്ധതി വന്ന വഴി പരിശോധിച്ചാല്‍ യു ഡി എഫ് സര്‍ക്കാരിന്റെ ഈ പദ്ധതിയിലുള്ള താല്‍പര്യം വ്യക്തമാകും. മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് മൂവാറ്റുപുഴ-മീനച്ചില്‍ നദീസംയോജനപദ്ധതി കൊണ്ടുവന്നത്. തുടര്‍ന്നുവന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ പദ്ധതിയുടെ സാധ്യത വിലയിരുത്തുവാന്‍ ഒരു സമിതിയെ നിയോഗിച്ചു. ജല അതോറിട്ടി ചീഫ് എന്‍ജിനീയര്‍, വൈദ്യുതിബോര്‍ഡ് ചീഫ് എന്‍ജിനീയര്‍, സെസ്സ് ഡയറക്ടര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ ഡയറക്ടര്‍, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എം വി ഐ പി) സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ അംഗങ്ങളായ സമിതി ഈ പദ്ധതി അപ്രായോഗികമാണെന്ന കണ്ടെത്തലില്‍ പദ്ധതി തള്ളി. വനനാശവും ടണലുകളും മീനച്ചിലിലെ പാറപൊട്ടിക്കലും തികച്ചും ഇക്കോളജീയ സന്തുലിതാവസ്ഥയ്ക്ക് ഭീഷണിയാണ്.
മൂവാറ്റുപുഴയാറിനേക്കാള്‍ ഉയരത്തില്‍ മീനച്ചിലാര്‍ ഒഴുകുന്നതിനാല്‍ ജലം മീനച്ചിലാറില്‍ എത്തിക്കുവാന്‍ ധാരാളം കുഴിക്കേണ്ടതായും പാറപൊട്ടിക്കേണ്ടതായും വരും. മീനച്ചിലാറിലെത്തുന്ന മൂവാറ്റുപുഴ ജലം താഴോട്ടൊഴുകണമെങ്കിലും മീനച്ചിലാറിന്റെ അടിത്തട്ട് പൊട്ടിക്കണം. മൂവാറ്റുപുഴയാറിലെ ജലത്തിന്റെ ഒഴുക്ക് നദീസംയോജനം വഴി കുറയുമ്പോള്‍ വേമ്പനാട് കായലില്‍ നിന്നും മൂവാറ്റുപുഴയാറിലേക്ക് ഉപ്പുവെള്ളം കൂടുതല്‍ അകത്തോട്ടു കയറുവാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടും. മൂവാറ്റുപുഴയിലെ മഴക്കാല നീരൊഴുക്ക് മാത്രം കണക്കിലെടുത്താണ് പദ്ധതിവിഭാവനം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ മൂവാറ്റുപുഴയില്‍ നിന്ന് പമ്പുചെയ്ത് നടപ്പാക്കി വരുന്ന ഒട്ടനവധി സ്‌കീമുകളാണ് വേനല്‍ക്കാലത്ത് നടക്കാതെ വരിക. മൂവാറ്റുപുഴയില്‍ നടന്നുവരുന്ന ഇരുപതോളം ശുദ്ധജല വിതരണപദ്ധതികളും ആലപ്പുഴ ജില്ലയ്ക്ക് പ്രത്യേകിച്ചും ചേര്‍ത്തല താലൂക്കിന് ശുദ്ധജലം പമ്പു ചെയ്യുന്ന സ്‌കീമുകളും എറണാകുളം നഗരത്തിലേക്ക് പിറവത്തു നിന്ന് ജലമെടുത്ത് വിതരണം ചെയ്യുന്ന പദ്ധതികളും നിലയ്ക്കും. ചുരുക്കത്തില്‍ മൂവാറ്റുപുഴയില്‍ നിന്നുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതികളും എറണാകുളം പട്ടണത്തിലേക്കുള്ള ജനറം പദ്ധതികളും തകരും. പിറവം പാഴൂര്‍ പടിപ്പുരയില്‍ നിന്നും എറണാകുളത്തെ മരട്, കുമ്പളം, ചെല്ലാനം, കുമ്പളങ്ങി, കോന്തുരുത്തി, തേവര തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിഭാവനം ചെയ്തിട്ടുള്ള ശുദ്ധജല പമ്പിംഗ് തടസപ്പെടും. പിറവം നിയോജക മണ്ഡലത്തിലെ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ കൃഷിയെ പ്രതികൂലമായി ബാധിക്കും. ഈ വസ്തുതകള്‍ ധനമന്ത്രിയെ ധരിപ്പിച്ചപ്പോള്‍ ഈ പദ്ധതി പൊന്‍മുട്ടയിടുന്ന പദ്ധതിയാണെന്നും മൂവാറ്റുപുഴയിലെ പദ്ധതികള്‍ മീനച്ചില്‍ ലിങ്ക് പദ്ധതി വരുമ്പോള്‍ നിന്നുപോകുമെന്നും പഠനം നടത്തണമെന്നും ആവശ്യപ്പെട്ടപ്പോള്‍ വിവാദങ്ങള്‍ ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്നാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. എന്നാല്‍ നാലുമാസത്തിനു ശേഷവും സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരാത്തത് പിറവം നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ പദ്ധതി ചോദ്യം ചെയ്യുമെന്നതിനാലാണെന്ന് അനുമാനിക്കേണ്ടി വരും.
കോടികള്‍ ചെലവഴിച്ച് നടപ്പാക്കേണ്ട പദ്ധതിക്ക് പരിസ്ഥിതി ആഘാതപഠനം നടന്നിട്ടില്ലെന്നതാണ് ഏറ്റവും പ്രധാന പ്രശ്‌നം. ഇതു കൂടാതെ പിറവം നിയോജകമണ്ഡലവും മൂവാറ്റുപുഴയാറും തമ്മിലുള്ള ബന്ധം കൂടി കണക്കിലെടുക്കണം. മൂവാറ്റുപുഴ പട്ടണത്തിന് അടുത്തുവച്ച് കാളിയാറും കോതമംഗലം പുഴയും ചേര്‍ന്ന് മൂവാറ്റുപുഴയാറില്‍ എത്തിയശേഷമുള്ള താഴോട്ടുള്ള ഒഴുക്ക് മിക്കവാറും പിറവം നിയോജകമണ്ഡലത്തിലൂടെയാണ്. വെട്ടിക്കാട്ടുമുക്ക് വച്ച് മൂവാറ്റുപുഴയാര്‍ രണ്ടായി പിളര്‍ന്ന് വേമ്പനാട്ടുകായലില്‍ ചെറിയ തോടുകളും കൈവഴികളുമായി പതിക്കുന്ന മൂവാറ്റുപുഴയുടെ ഒഴുക്കിലെ പ്രധാന പങ്ക് പിറവം നിയോജകമണ്ഡലത്തിലൂടെയാണ്. ഇതാണ് മൂവാറ്റുപുഴ വാലി ഇറിഗേഷന് ശക്തി പകരുന്നത്. മൂവാറ്റുപുഴയും എം വി ഐ പിയുമില്ലെങ്കില്‍ പിറവത്തിന് കുടിവെള്ളവും കൃഷിയാവശ്യത്തിനുള്ള ജലവും പച്ചപ്പും നഷ്ടപ്പെടുമായിരുന്നു. ഇടുക്കിയിലെ ജലം ടണല്‍മാര്‍ഗം മൂലമറ്റത്തെത്തി വൈദ്യുതി ഉത്പാദനത്തിനു ശേഷം മൂവാറ്റുപുഴയിലെത്തുന്നതിനാല്‍ ഇടുക്കിപദ്ധതി കമ്മിഷന്‍ ചെയ്തതിനു ശേഷം മൂവാറ്റുപുഴ നദീതടപ്രദേശം വരള്‍ച്ചയെന്തെന്ന് അറിഞ്ഞിട്ടില്ല. അതുകൊണ്ട് പിറവം നിയോജകമണ്ഡല കാര്‍ഷിക മേഖലയും കൃഷി ജനങ്ങളുടെ ഉപജീവനമാര്‍ഗവുമായി. ശുദ്ധജല ലഭ്യത കുടിവെള്ളക്ഷാമത്തിന് പരിഹാരവുമായി. അതുകൊണ്ട് മൂവാറ്റുപുഴയിലെ ജലത്തിന്റെ ഗതിമാറ്റവും ഏറ്റവും കൂടുതല്‍ ബാധിക്കുക പിറവം മണ്ഡലത്തെയും മൂവാറ്റുപുഴ നദീതടത്തേയുമാണ്.
ഈ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം മൂവാറ്റുപുഴ-മീനച്ചില്‍ ലിങ്ക് പദ്ധതി തന്നെയാണ്. എന്നാല്‍ മുമ്പത്തെപ്പോലെ ജനങ്ങള്‍ക്ക് യാതൊരു ഉപകാരവുമില്ലാത്ത നനഞ്ഞ രാഷ്ട്രീയ ചര്‍ച്ചകള്‍ മാത്രമാണ് മണ്ഡലത്തില്‍ മുഴങ്ങുന്നത്. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും മണ്ഡലത്തെ അനാവശ്യ ചര്‍ച്ചകളിലേക്ക് വഴിതിരിച്ചു വിടുന്ന രാഷ്ട്രീയം ഇനിയെങ്കിലും അവസാനിപ്പിക്കണം. കാര്‍ഷിക പ്രശ്‌നങ്ങളും കുടിവെള്ള പ്രശ്‌നവും തന്നെയാണ് പിറവത്തെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍. അതുകൊണ്ട് നികത്തിയ പാടശേഖരങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുവാനുള്ള സര്‍ക്കാരിന്റെ നീക്കവും ചര്‍ച്ച ചെയ്യപ്പെടണം. വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ രജിസ്റ്ററില്‍ പാടം എന്നത് കരഭൂമിയാക്കാന്‍ ഫൈന്‍ അടച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ നീക്കവും പിറവത്ത് ചര്‍ച്ച ചെയ്യപ്പെടണം.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കാര്‍ഷികമേഖലയ്ക്ക് പ്രാധാന്യം നല്‍കി ബജറ്റ് അവതരിപ്പിക്കുമെന്ന ധനമന്ത്രിയുടെ പ്രസ്താവനയും പാടം നികത്തി തെങ്ങിന്‍പറമ്പാക്കിയത് തിരിച്ചു പാടമാക്കാന്‍ പറ്റില്ലെന്നതിനാല്‍ ഫൈനടച്ച് കരഭൂമിയാക്കി നല്‍കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ടെന്ന പ്രസ്താവനയും പരസ്പരവിരുദ്ധമാണ്. ലക്ഷ്യബോധമില്ലാതെ ഖജനാവിലെ പണം ചെലവഴിക്കുന്ന യു ഡി എഫിനെ തിരുത്തുവാന്‍ ജനങ്ങള്‍ക്ക് ബാധ്യതയുണ്ട്. അതിനുള്ള വിധിയെഴുത്താകട്ടെ പിറവം ഉപതിരഞ്ഞെടുപ്പ്. എം വി ഐ പിയും മൂവാറ്റുപുഴയാറുമാണ് പിറവം നിയോജകമണ്ഡലത്തെ വികസനകുതിപ്പിലെത്തിച്ചത്. ഇന്ന് ഭൂരിപക്ഷം ജനങ്ങളും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നതും കുടിനീരിനായി അലയാതെ കഴിഞ്ഞുപോകുന്നതും പെരിയാറില്‍ നിന്നും മൂവാറ്റുപുഴയിലെത്തുന്ന ജലം ഒന്നുകൊണ്ട് മാത്രമാണ്. ഈ ജലം മീനച്ചിലാറിലെത്തിക്കുവാനുള്ള മീനച്ചില്‍ നദീതടപദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. അല്ലെങ്കില്‍ പിറവത്തിന് ദാഹിക്കും.
ഡോ. സി എം ജോയി (ലേഖകന്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ അസോസിയേറ്റ് പ്രഫസറും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമാണ്)
janayugom 020312
പിറവം ഉപതിരഞ്ഞെടുപ്പില്‍ യഥാര്‍ഥത്തില്‍ ചര്‍ച്ചയാകേണ്ടത് മീനച്ചില്‍-മൂവാറ്റുപുഴ നദീസംയോജന പദ്ധതിയെക്കുറിച്ചാണ്. മൂവാറ്റുപുഴ നദീതടത്തെ വരള്‍ച്ചയിലാഴ്ത്തി മാത്രമേ മീനച്ചില്‍ ലിങ്ക് പദ്ധതി നടപ്പാക്കുവാനാകൂ എന്ന് ഏതാണ്ടുറപ്പാണ്. കോട്ടയം ബജറ്റെന്ന അപരനാമത്തില്‍ അറിയപ്പെട്ട യു ഡി എഫ് സര്‍ക്കാരിന്റെ കന്നിബജറ്റില്‍ 25 കോടി രൂപയാണ് ഈ പദ്ധതിക്കായി മാറ്റിവച്ചത്.
ReplyDelete