പരമ്പരാഗതമായ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ കേരള നിയമസഭയുടെ 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് സമ്മേളനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. ഒരു ഗവണ്മെന്റിന്റെ വികസനം, സാമൂഹ്യക്ഷേമം, ധനസമാഹരണവും വിനിയോഗവും തുടങ്ങി ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടും സമീപനവും അനാവരണം ചെയ്യപ്പെടുന്നത് ഗവര്‍ണറുടെ പ്രസംഗത്തിലൂടെയാണല്ലോ. ആ അര്‍ഥത്തില്‍ കഴിഞ്ഞ ദിവസത്തെ ഗവര്‍ണറുടെ പ്രസംഗം അത്യന്തം നിരാശാജനകമാണ്. കഴിഞ്ഞ ഒമ്പതുമാസത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രകടനം നിരീക്ഷിച്ചിരുന്ന ആരും ഇതിലേറെ പ്രതീക്ഷിച്ചിട്ടുമുണ്ടാവില്ല. കേരള സമൂഹത്തെ തുറിച്ചുനോക്കുന്ന ഗൗരവതരമായ സാമ്പത്തിക പ്രശ്നങ്ങളെ യാഥാര്‍ഥ്യബോധത്തോടെ അപഗ്രഥിക്കുന്നതിലും അഭിമുഖീകരിക്കുന്നതിലും നയപ്രഖ്യാപനം സമ്പൂര്‍ണ പരാജയമാണ്.
ഇന്ത്യയും കേരളവും നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തിക മുരടിപ്പിനെയും തകര്‍ച്ചയേയും നേരിടാനും മറികടക്കാനും പര്യാപ്തമായ യാതൊന്നും നയപ്രഖ്യാപനത്തിലില്ല. എല്‍ ഡി എഫ് ഭരണകാലത്ത് ആവിഷ്ക്കരിച്ചതും തുടക്കമിട്ടതുമായ പദ്ധതികളുടെ ആവര്‍ത്തനവും, അതിഭാവുകത്വം നിറഞ്ഞ സ്വപ്ന പദ്ധതികളും പൊള്ളയായ വാഗ്ദാനങ്ങളും കുത്തിനിറച്ചതുമാണ് ഗവര്‍ണറുടെ പ്രസംഗം. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നേരിയ ഭൂരിപക്ഷമെന്ന ഡെമോക്ലസിന്റെ വാളിനു താഴെയിരുന്ന് പിറവം മണ്ഡലത്തെ ലക്ഷ്യംവെച്ചു നടത്തിയ തിരഞ്ഞെടുപ്പു സ്റ്റണ്ടുമാത്രമാണ് യു ഡി എഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം.
അവസാന ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി തന്നെ മുഖ്യമന്ത്രിയായിരുന്ന 2001-2006 കാലത്തെ യു ഡി എഫ് സര്‍ക്കാര്‍ സംസ്ഥാനത്തിനു നല്കിയ ഏറ്റവും വലിയ സംഭാവന കേരളത്തെ കര്‍ഷകരുടെ ചുടലപറമ്പാക്കിയെന്നതാണ്. തുടര്‍ന്നുവന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ആ ചരിത്രം തിരുത്തിക്കുറിച്ചിരുന്നു. വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണം ഒമ്പതുമാസം പിന്നിടുമ്പോഴേയ്ക്കും മൂന്നു ഡസന്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടി. കേരളത്തിന്റെ കാര്‍ഷിക മേഖല തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തുകയാണ്. കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യയുടെ നിഴലിലാണ്. ഈ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ഗവര്‍ണറുടെ പ്രസംഗം വിസമ്മതിക്കുന്നു. കേരളത്തിലെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പുവരുത്തുകവഴി സംസ്ഥാനത്തെ പകുതിയിലേറെ കുടുംബങ്ങള്‍ക്കു ഭക്ഷ്യസുരക്ഷിതത്വം നല്കാന് എല്‍ ഡി എഫ് ഗവണ്മെന്റിനു കഴിഞ്ഞിരുന്നു. ഒരു രൂപയ്ക്ക് അരിയെന്ന കുതന്ത്രം വഴി ഭക്ഷ്യസുരക്ഷിതമായിരുന്ന 25 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം സര്‍ക്കാര്‍ നിഷേധിച്ചു. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ പൊതുവിതരണ രംഗത്തും സഹകരണ മേഖലയിലും വന്‍ കുതിപ്പിനാണ് കേരളം സാക്ഷ്യം വഹിച്ചിരുന്നത്. അതപ്പാടെ അട്ടിമറിക്കപ്പെട്ടുവെന്നുമാത്രമല്ല സിവില്‍ സപ്ലൈസ് കോര്പ്പറേഷന് അഴിമതിക്കാരുടെ കൂത്തരംഗായി അധപതിച്ചു. ജനാധിപത്യ വിരുദ്ധ ഓര്‍ഡിനന്‍സിലൂടെ സഹകരണ മേഖലയെ ഭരണമുന്നണിയുടെ കയ്യാളാക്കി മാറ്റി.
സമ്പൂര്‍ണ വൈദ്യുതീകരണത്തിലേയ്ക്കു നീങ്ങിയ കേരളത്തെ ഇരുട്ടിലേയ്ക്കു നയിക്കുക എന്ന ചുമതലയാണ് യു ഡി എഫ് ഏറ്റെടുത്തിരിക്കുന്നത്. വിദ്യാഭ്യാസരംഗം കച്ചവട താല്പര്യങ്ങളുടെ കളിയരങ്ങായിമാറി. സര്‍ക്കാര്‍ സ്കൂളുകളെ സംരക്ഷിക്കുന്നതിനെപറ്റിയോ പ്രൈമറിതലം മുതല്‍ വിദ്യാഭ്യാസ രംഗത്തെ ഗ്രസിച്ചിരിക്കുന്ന കച്ചവടവല്‍ക്കരണത്തെ നിയന്ത്രിക്കുന്നതിനെപറ്റിയോ പ്രസംഗം മൗനം പാലിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മൂലധന താല്പര്യങ്ങള്ക്കും വിദേശ വിദ്യാഭ്യാസ കച്ചവടശക്തികള്ക്കും കരുതിവച്ചിരിക്കുന്ന പ്രോത്സാഹനത്തിന്റെ തിരനോട്ടവും നയപ്രഖ്യാപനത്തില്‍ വ്യക്തമാണ്. ആരോഗ്യമടക്കം ജനജീവിതവുമായി നേരിട്ടുബന്ധമുള്ള ഓരോ മേഖലയിലും പതിയിരിക്കുന്നത് മൂലധന താല്പര്യവും ലാഭക്കൊതിയുമാണെന്നതിന്റെ സൂചനകള്‍ ഗവര്‍ണറുടെ പ്രസംഗത്തില്‍ ഉടനീളം കാണാം.
നിഷേധാത്മകവും ജനവിരുദ്ധവുമായ ഈ പൊതുനയത്തെ മധുരതരവും വര്‍ണ്ണാഭവുമാക്കി മാറ്റാനുള്ള തന്ത്രപ്പാടാണ് അതിവേഗ റയില്‍പാത, മോണോറെയില്‍, നോളജ്സിറ്റി, വിഷന്‍ 2030, എമര്‍ജിംഗ് കേരള തുടങ്ങിയ പ്രയോഗപരമ്പരയിലൂടെ യു ഡി എഫ് ശ്രമിക്കുന്നത്. കേരളത്തില്‍ സഞ്ചരിക്കുന്ന തീവണ്ടികളില്‍ അമ്മ പെങ്ങന്മാരുടെ ആത്മാഭിമാനവും ജീവന്‍പോലും ഉറപ്പുവരുത്താന്‍ കഴിയാത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതിവേഗ തീവണ്ടിപ്പാത, ബുള്ളറ്റ് ട്രെയിന്‍, മോണോറയില്‍ എന്നിവ പുലമ്പുന്നത് അപഹാസ്യമാണ്. തങ്ങള്‍ക്ക് അവസരം ലഭിച്ചപ്പോഴൊക്കെ അധികാരത്തിന്റെയും അഴിമതിയുടെയും പേരില്‍ തലതല്ലികീറിയവര് എല്‍ ഡി എഫ് ഗവണ്മെന്റ് ഉറച്ച അടിത്തറപാകിയ സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം, പുത്തന്‍ സര്‍വകലാശാലകള്‍ എന്നിവയെപ്പറ്റി വീമ്പിളക്കി ജനങ്ങളെ വിഢിക്കളാക്കാനാണ് ശ്രമിക്കുന്നത്. ഗവര്‍ണറുടെ പ്രസംഗം ഒരു സൂചനയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിനായി ഒരുക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനവിരുദ്ധ ബജറ്റാണ്. അതിനെ പ്രതിരോധിക്കേണ്ടത് കാലത്തിന്റെയും ജനതയുടെയും കടമയാണ്. പിറവം തിരഞ്ഞെടുപ്പ് ആ തിരിച്ചറിവിന്റെ പ്രകടനമാവും.
janayugom editorial 030312
പരമ്പരാഗതമായ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ കേരള നിയമസഭയുടെ 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് സമ്മേളനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. ഒരു ഗവണ്മെന്റിന്റെ വികസനം, സാമൂഹ്യക്ഷേമം, ധനസമാഹരണവും വിനിയോഗവും തുടങ്ങി ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടും സമീപനവും അനാവരണം ചെയ്യപ്പെടുന്നത് ഗവര്‍ണറുടെ പ്രസംഗത്തിലൂടെയാണല്ലോ. ആ അര്‍ഥത്തില്‍ കഴിഞ്ഞ ദിവസത്തെ ഗവര്‍ണറുടെ പ്രസംഗം അത്യന്തം നിരാശാജനകമാണ്. കഴിഞ്ഞ ഒമ്പതുമാസത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രകടനം നിരീക്ഷിച്ചിരുന്ന ആരും ഇതിലേറെ പ്രതീക്ഷിച്ചിട്ടുമുണ്ടാവില്ല. കേരള സമൂഹത്തെ തുറിച്ചുനോക്കുന്ന ഗൗരവതരമായ സാമ്പത്തിക പ്രശ്നങ്ങളെ യാഥാര്‍ഥ്യബോധത്തോടെ അപഗ്രഥിക്കുന്നതിലും അഭിമുഖീകരിക്കുന്നതിലും നയപ്രഖ്യാപനം സമ്പൂര്‍ണ പരാജയമാണ്.
ReplyDelete