Sunday, March 4, 2012

മന്ത്രി പി ജെ ജോസഫിനെതിരെ കേസെടുത്തു

പുഷ്പക്കൃഷി വികസന സര്‍വേയുടെ പേരില്‍ സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തിയതിന് മന്ത്രി പി ജെ ജോസഫിനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമം 406, 120 (ബി), 34 എന്നീ വകുപ്പുകള്‍ പ്രകാരം പണം തിരിമറി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. പുഷ്പക്കൃഷി അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ആറ്റുകാല്‍ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജോസഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫ്ളോറി കള്‍ച്ചറിസ്റ്റ്സ് സെക്രട്ടറി സി എം മാത്യു, ട്രഷറര്‍ തൊടുപുഴ സ്വദേശി മടത്തിക്കണ്ടം വീട്ടില്‍ മാത്യു എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജോസഫ് പ്രസിഡന്റായ സംഘടന പുഷ്പക്കൃഷിയുടെ വിപണിസാധ്യതകളെക്കുറിച്ച് സര്‍വേ നടത്താന്‍ കൈപ്പറ്റിയ 45 ലക്ഷം രൂപയില്‍ 21,60,831 രൂപ തിരിമറി നടത്തിയെന്നാണ് കേസ്. പി സി ജോര്‍ജ് ചെയര്‍മാനായ നിയമസഭാസമിതി പുഷ്പക്കൃഷി ഇടപാടില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. മന്ത്രിക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ വിജിലന്‍സ് കോടതിയില്‍ സുരേന്ദ്രന്‍ കേസ് നല്‍കിയിരുന്നു. ഈ കേസ് ശനിയാഴ്ച പിന്‍വലിച്ചു. കേസില്‍ മന്ത്രിക്കനുകൂലമായ നിലപാട് വിജിലന്‍സ് സ്വീകരിക്കുമെന്ന് ബോധ്യപ്പെട്ടതിനാലാണ് മജിസ്ട്രേട്ട് കോടതിയെ സമീപിക്കുന്നതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന് മന്ത്രി ജോസഫ് കല്‍പ്പറ്റയില്‍ പ്രതികരിച്ചു.

deshabhimani 040312

1 comment:

  1. പുഷ്പക്കൃഷി വികസന സര്‍വേയുടെ പേരില്‍ സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തിയതിന് മന്ത്രി പി ജെ ജോസഫിനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമം 406, 120 (ബി), 34 എന്നീ വകുപ്പുകള്‍ പ്രകാരം പണം തിരിമറി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. പുഷ്പക്കൃഷി അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ആറ്റുകാല്‍ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജോസഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.

    ReplyDelete