Saturday, March 17, 2012

കുടുംബശ്രീയെ തകര്‍ക്കരുതെന്ന് അക്കാദമിക് ലോകത്തെ പ്രമുഖര്‍

കുടുംബശ്രീ മിഷനെ പാര്‍ശ്വവല്‍ക്കരിക്കാനും ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ (എന്‍ആര്‍എല്‍എം) പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കാനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തില്‍ രാജ്യത്തെയും പുറത്തെയും വൈജ്ഞാനിക മേഖലയിലെ പ്രമുഖ വ്യക്തികള്‍ പ്രതിഷേധിച്ചു. കുടുംബശ്രീ മിഷന് ആവശ്യമായ ഭാരവാഹികളോ മനുഷ്യവിഭവശേഷിയോ ഇല്ല എന്ന മന്ത്രിയുടെ വാദം വസ്തുതകളില്‍നിന്നുള്ള മുഖംതിരിക്കലാണ്. കേരളത്തിലെ 14 ജില്ലയിലുമായി വ്യാപിച്ച് കിടക്കുന്ന 356 അംഗങ്ങള്‍ ഉള്‍പ്പെടുന്ന 45 കുടുംബശ്രീ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സൊസൈറ്റികളും 1037 അക്കൗണ്ടന്റുമാരും കുടുംബശ്രീക്കുണ്ട്. 183 റിസോഴ്സ് പേഴ്സന്മാരടങ്ങുന്ന പരിശീലന വിഭാഗം കുടുംബശ്രീക്ക് സ്വന്തമായി ഉണ്ട്. കൂടാതെ 228 അംഗങ്ങളടങ്ങുന്ന 33 മൈക്രോസംരംഭ കണ്‍സള്‍ട്ടന്റ് ഗ്രൂപ്പുകളും ജില്ല-ക്ലസ്റ്റര്‍ തലങ്ങളിലായി 7512 ജെന്‍ഡര്‍ റിസോഴ്സ് പേഴ്സന്മാരുമുണ്ട്. ഈ ജെന്‍ഡര്‍ റിസോഴ്സ് പേഴ്സന്മാരെ സഹായിക്കുന്നതിന് സംസ്ഥാനതലത്തില്‍ 31പേരും ജില്ലാതലത്തില്‍ 64 പേരും വേറെയുണ്ട്. 1072 ഗ്രാമ-നഗരസഭാതല കുടുംബശ്രീ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളെ സഹായിക്കുന്നതിന് മെമ്പര്‍ സെക്രട്ടറിമാരുണ്ട്. ഒരു സര്‍ക്കാര്‍ ഏജന്‍സിയായ കുടുംബശ്രീ സൃഷ്ടിച്ചെടുത്തിട്ടുള്ള ഈ ശക്തി തിരിച്ചറിയപ്പെടാതെ പോകുന്നത് നിര്‍ഭാഗ്യകരമാണ്.

മൈക്രോ ഫിനാന്‍സ് സംഘങ്ങള്‍ തുടങ്ങിയ സര്‍ക്കാരിതര സംഘടനകള്‍ ബഹുത്വത്തിന്റെ വാഗ്ദാനം നടപ്പാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന തീര്‍ത്തും അവ്യക്തമാണ്. യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീ മിഷനെ സഹായിക്കുന്നത് തുടരുമെന്നാണ് മന്ത്രിയുടെ അവകാശവാദമെങ്കിലും ഫണ്ടുകള്‍ക്കായുള്ള കുടുംബശ്രീയുടെ അഭ്യര്‍ഥനകള്‍ ഒരു കാരണവുംകൂടാതെ വൈകിപ്പിക്കുന്നു. എതിര്‍ രാഷ്ട്രീയരൂപങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങളുമായി ബന്ധപ്പെടുത്തി യുഡിഎഫ് സര്‍ക്കാരിലെ കുടുംബശ്രീ വിമര്‍ശകരുടെ ഇടയില്‍ ഈ പദ്ധതിയെക്കുറിച്ചുള്ള ചില സങ്കുചിതാവബോധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലാക്കുന്നു. ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങള്‍ ഉപേക്ഷിക്കണം. കേരളത്തിന്റെ വികസനചരിത്രം സമാനതകളില്ലാത്തതാണ്. ആ രാഷ്ട്രീയപാരമ്പര്യത്തെ തകര്‍ക്കാനല്ല മറിച്ച് സമ്പന്നമാക്കുന്നതിനുള്ള സംഭാവന യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദേവകീ ജയിന്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സ്റ്റഡീസ് ട്രസ്റ്റ് മുന്‍ ഡയറക്ടര്‍), മേരി ഇ ജോണ്‍ (ഡയറക്ടര്‍ , സെന്റര്‍ ഫോര്‍ വിമെന്‍സ് ഡെവലപ്മെന്റ് സ്റ്റഡീസ്), പത്മിനി സ്വാമിനാഥന്‍ (പ്രൊഫസര്‍ , ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്), ആന്ദ്രേ കോണ്‍വാള്‍ (പ്രൊഫസര്‍ , സ്കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് സസക്സ് സര്‍വകലാശാല), മെയ്ത്രയീ മുഖോപാധ്യായ (സോഷ്യല്‍ ഡെവലപ്മെന്റ് ഇന്റര്‍ ഇക്വിറ്റി, റോയല്‍ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.

deshabhimani 170312

2 comments:

  1. കുടുംബശ്രീ മിഷനെ പാര്‍ശ്വവല്‍ക്കരിക്കാനും ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ (എന്‍ആര്‍എല്‍എം) പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കാനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തില്‍ രാജ്യത്തെയും പുറത്തെയും വൈജ്ഞാനിക മേഖലയിലെ പ്രമുഖ വ്യക്തികള്‍ പ്രതിഷേധിച്ചു. കുടുംബശ്രീ മിഷന് ആവശ്യമായ ഭാരവാഹികളോ മനുഷ്യവിഭവശേഷിയോ ഇല്ല എന്ന മന്ത്രിയുടെ വാദം വസ്തുതകളില്‍നിന്നുള്ള മുഖംതിരിക്കലാണ്. കേരളത്തിലെ 14 ജില്ലയിലുമായി വ്യാപിച്ച് കിടക്കുന്ന 356 അംഗങ്ങള്‍ ഉള്‍പ്പെടുന്ന 45 കുടുംബശ്രീ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സൊസൈറ്റികളും 1037 അക്കൗണ്ടന്റുമാരും കുടുംബശ്രീക്കുണ്ട്. 183 റിസോഴ്സ് പേഴ്സന്മാരടങ്ങുന്ന പരിശീലന വിഭാഗം കുടുംബശ്രീക്ക് സ്വന്തമായി ഉണ്ട്. കൂടാതെ 228 അംഗങ്ങളടങ്ങുന്ന 33 മൈക്രോസംരംഭ കണ്‍സള്‍ട്ടന്റ് ഗ്രൂപ്പുകളും ജില്ല-ക്ലസ്റ്റര്‍ തലങ്ങളിലായി 7512 ജെന്‍ഡര്‍ റിസോഴ്സ് പേഴ്സന്മാരുമുണ്ട്. ഈ ജെന്‍ഡര്‍ റിസോഴ്സ് പേഴ്സന്മാരെ സഹായിക്കുന്നതിന് സംസ്ഥാനതലത്തില്‍ 31പേരും ജില്ലാതലത്തില്‍ 64 പേരും വേറെയുണ്ട്. 1072 ഗ്രാമ-നഗരസഭാതല കുടുംബശ്രീ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളെ സഹായിക്കുന്നതിന് മെമ്പര്‍ സെക്രട്ടറിമാരുണ്ട്. ഒരു സര്‍ക്കാര്‍ ഏജന്‍സിയായ കുടുംബശ്രീ സൃഷ്ടിച്ചെടുത്തിട്ടുള്ള ഈ ശക്തി തിരിച്ചറിയപ്പെടാതെ പോകുന്നത് നിര്‍ഭാഗ്യകരമാണ്.

    ReplyDelete
  2. ജനശ്രീ, ഗൃഹശ്രീ തുടങ്ങിയവയേയും എന്‍എസ്എസ്, എസ്എന്‍ഡിപി, എംഇഎസ് തുടങ്ങിയ സമുദായ സംഘടനകളുടെ സ്വാശ്രയ ഗ്രൂപ്പുകളേയും കുടുംബശ്രീക്കൊപ്പം സര്‍ക്കാര്‍ ആവുന്നത്ര സഹായിക്കുമെന്ന് മന്ത്രി കെ സി ജോസഫ്. മുടങ്ങിക്കിടന്ന 303 റോഡ് നിര്‍മാണ പ്രവൃത്തികള്‍ വീണ്ടും ടെന്‍ഡര്‍ ചെയ്യാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയ വിവരം അറിയിക്കാന്‍ പ്രസ് ക്ലബ്ബില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. ഇതിനായി 1000 കോടിരൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് 2000 കി . മീ റോഡ് പുതുതായി നിര്‍മിക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ സ്ത്രീതൊഴിലാളികളുടെ ജോലിസമയം രാവിലെ എട്ട് മുതല്‍ അഞ്ച് വരെ എന്നുള്ളത് ഏപ്രില്‍ ഒന്നുമുതല്‍ രാവിലെ ഒമ്പത് മുതല്‍ നാല് വരെയാക്കും. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ മുടങ്ങിക്കിടന്ന എല്ലാ പ്രവൃത്തികളും പുനരാരംഭിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കും. 2011 വരെ കേന്ദ്രാനുമതി ലഭിച്ചതും ടെന്‍ഡര്‍ അധികത്തുക നല്‍കാന്‍ സംസ്ഥാനം തയ്യാറാകാതിരുന്നതുമൂലം പ്രവൃത്തി ആരംഭിക്കാത്തതുമായ റോഡുകളാണ് വീണ്ടും ടെന്‍ഡര്‍ ചെയ്യുന്നത്. അധികത്തുക സംസ്ഥാനസര്‍ക്കാര്‍ വഹിക്കും. ഇതിന് ഈ വര്‍ഷത്തെ ബജറ്റില്‍ 20 കോടിയും പദ്ധതി വിഹിതത്തില്‍ 50 കോടിയും വകയിരുത്തി. നിരക്ക് കുറവായതിനാല്‍ 50 റോഡുകള്‍ക്കേ ടെന്‍ഡര്‍ ലഭിച്ചിട്ടുള്ളൂ. ബാക്കി 253 എണ്ണം പാക്കേജില്‍ നിന്ന് മാറ്റി വിഭജിച്ച് ടെന്‍ഡര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

    ReplyDelete