കോഴഞ്ചേരി: അന്ത്യ അത്താഴ വിവാദം അനാവശ്യമായിരുന്നെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്താ. അത് ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമായിരുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ യേശുദാസനും അഡ്വ. ജിതേഷുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്രിസോസ്റ്റം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുഃഖവെള്ളിയാഴ്ച ദിവസം മലയാള മനോരമ ദിനപ്പത്രത്തില്‍ അന്ത്യഅത്താഴത്തിന്റെ പശ്ചാത്തലത്തില്‍ യേശുദാസന്‍ വരച്ച കാര്‍ട്ടൂണ്‍ രാഷ്ട്രീയ ആക്ഷേപഹാസ്യമായി മാത്രമേ മലയാളി കണ്ടുള്ളു. എന്നാല്‍ , സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വച്ച ബോര്‍ഡിലെ കാര്‍ട്ടൂണ്‍ വിവാദമായത് നീതീകരിക്കാന്‍ കഴിയില്ല. മിസ്രേമില്‍നിന്ന് കനാന്‍ നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ അപ്പത്തിനും വെള്ളത്തിനുമായി ജനങ്ങള്‍ കണ്ണീരോടെ പ്രാര്‍ഥിച്ചു. ഇന്ന് ഒബാമയ്ക്ക് മെസേജ് അയച്ചാല്‍ അപ്പവും വെള്ളവും കൊറിയറില്‍ എത്തും. അധികാരശക്തിയെ ദൈവമാക്കി കാണുന്ന അവസ്ഥയിലേക്ക് മാനവസമൂഹം അധഃപതിച്ചു. കാര്‍ട്ടൂണിലൂടെ ഏത് ഭരണാധികാരിയെയും രാഷ്ട്രീയനേതാവിനെയും മതനേതാവിനെയും അപഹസിച്ചാലും സുബോധമുള്ളവര്‍ കുറ്റം പറയില്ല. എന്നാല്‍ എഴുതിയാലും പ്രസംഗിച്ചാലും അടികിട്ടും- ക്രിസോസ്റ്റം പറഞ്ഞു.
മതനേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ വരയ്ക്കരുതെന്ന് പറയുന്നത് നീതികേടാണ്. രാഷ്ട്രീയപ്രവര്‍ത്തകരെ ശക്തിപ്പെടുത്താന്‍ ഇത്തരം കാര്‍ട്ടൂണ്‍ വിമര്‍ശനം അനിവാര്യമാണെന്നും ക്രിസോസ്റ്റം പറഞ്ഞു. തന്റെ ഇടത്തും വലത്തും ഒളിഞ്ഞുനോക്കുന്ന ദേവിലാലിനെയും ചന്ദ്രശേഖറെയും നോക്കി ഇവരിലൊരാള്‍ എന്നെ ഒറ്റിക്കൊടുക്കുമെന്നും ഒരാള്‍ തള്ളിപ്പറയുമെന്നും പ്രധാനമന്ത്രി വി പി സിങ് പറയുന്ന കാര്‍ട്ടൂണ്‍ മനോരമ ദിനപ്പത്രത്തില്‍ താന്‍ വരച്ച് നാലാഴ്ച കഴിഞ്ഞപ്പോള്‍ സംഭവം യാഥാര്‍ഥ്യമായെന്ന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പറഞ്ഞു. ഇ എം എസ് ദൈവത്തെപ്പോലെയാണെന്ന് ഒരിക്കല്‍ പി ജെ ജോസഫ് പറഞ്ഞത് താന്‍ കാര്‍ട്ടൂണാക്കിയെങ്കിലും ആരും അസഹിഷ്ണുത കാട്ടിയില്ല. എന്നാല്‍ , മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എ കെ ആന്റണി പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തിയതിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ദിവസം അതിരാവിലെ എ കെ ആന്റണി ഫോണില്‍ വിളിച്ച് പരാതി പറഞ്ഞു. കടുത്ത വിമര്‍ശനത്തെയും കാര്‍ട്ടൂണിനെയും അസഹിഷ്ണുതയോടെ കാണുന്ന അപൂര്‍വം നേതാക്കളിലൊരാളാണ് എ കെ ആന്റണി. കെ കരുണാകരന്‍ ആദ്യകാലങ്ങളില്‍ കാര്‍ട്ടൂണ്‍ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് കാര്‍ട്ടൂണുകളുടെ ആരാധകനായി മാറിയതായും യേശുദാസന്‍ പറഞ്ഞു.
കരുണാകരന്റെ 500 കാര്‍ട്ടൂണ്‍ അടങ്ങുന്ന തന്റെ പുതിയ പുസ്തകം അദ്ദേഹം ക്രിസോസ്റ്റത്തിന് കൈമാറി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം റോഷന്‍ റോയി മാത്യു രചിക്കുന്ന ക്രിസോസ്റ്റത്തിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട് മാരാമണ്‍ അരമനയിലെത്തിയതായിരുന്നു യേശുദാസനും ജിതേഷും. ഇ എം എസിന്റെയും അച്യുതമേനോന്റെയും നെഹ്റുവിന്റെയും ക്രിസോസ്റ്റത്തിന്റെയും മറ്റും കാരിക്കേച്ചറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വരച്ച് യേശുദാസനും അഡ്വ. ജിതേഷും ക്രിസോസ്റ്റത്തെ അത്ഭുതപ്പെടുത്തി.
(ബാബു തോമസ്)
deshabhimani 200312
അന്ത്യ അത്താഴ വിവാദം അനാവശ്യമായിരുന്നെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്താ. അത് ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമായിരുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ യേശുദാസനും അഡ്വ. ജിതേഷുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്രിസോസ്റ്റം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.
ReplyDelete