Tuesday, March 20, 2012

കമ്മീഷന്‍ വര്‍ധിപ്പിക്കുന്നതിനെ എതിര്‍ക്കുന്നത് വന്‍കിട പത്രങ്ങള്‍

പത്ര ഏജന്റുമാരും വിതരണക്കാരും ചൊവ്വാഴ്ച മുതല്‍ നടത്തുന്ന പണിമുടക്കിനെക്കുറിച്ചുള്ള ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി അഖിലേന്ത്യാ അധ്യക്ഷന്‍ ആഷിഷ് ബെഗ്ഗയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് ന്യൂസ്പേപ്പര്‍ ഏജന്റ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്് കെ അശോകന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ന്യായമായ അവകാശങ്ങള്‍ നിഷേധിക്കാന്‍ ഉടമവര്‍ഗം എല്ലാകാലത്തും സ്വീകരിക്കുന്ന കുതന്ത്രമാണിത്. താരതമ്യേന കുറഞ്ഞ സര്‍ക്കുലേഷനും വരുമാനവുമുള്ള പല ചെറുകിട പത്രങ്ങളും ചര്‍ച്ചക്കും കമ്മീഷന്‍ വര്‍ധിപ്പിക്കാനും തയ്യാറാണ്. വന്‍കിട പത്രങ്ങള്‍ അതിന് തയ്യാറാകാതിരുന്നതാണ് പണിമുടക്ക് അനിവര്യമാക്കിയത്. രാഷ്ട്രീയ പാര്‍ടികളുടെ പത്രസ്ഥാപനങ്ങളുമായി ഏജന്റുമാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച നടത്തിവരികയാണ്. ലാഭം ലക്ഷ്യമാക്കാതെ ആശയപ്രചാരണത്തിനായി പാര്‍ടികള്‍ നടത്തുന്ന പത്രങ്ങളെയും ദശലക്ഷക്കണക്കിന് കോപ്പികളടിച്ച് കോടികള്‍ ലാഭംകൊയ്യുന്ന കുത്തകപത്രങ്ങളെയും തിരിച്ചറിയാനുള്ള വിവേകം ഏജന്റുമാര്‍ക്കും വിതരണക്കാര്‍ക്കുമുണ്ട്.

എല്ലാ രാഷ്ട്രീയ ചിന്താഗതിക്കാരും രാഷ്ട്രീയ നിലപാട് ഇല്ലാത്തവരും ഉള്‍പ്പെട്ട കോ- ഓഡിനേഷന്‍ കമ്മിറ്റി 2010ല്‍ പത്ര മാനേജുമെന്റുകള്‍ക്ക് ഡിമാന്റ് നോട്ടീസ് നല്‍കിയതാണ്. നിരവധി പ്രക്ഷോഭങ്ങള്‍ക്ക് ശേഷവും മാനേജുമെന്റുകള്‍ കൂടിയാലോചനക്ക് തയ്യാറാകാത്തതാണ് അനിശ്ചിതകാല പണിമുടക്കിന് നിര്‍ബന്ധിതമാക്കിയത്. ഇത് പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമായി ചിത്രീകരിക്കുകയാണ്. നാല്‍പത് ശതമാനമായിരുന്ന കമ്മീഷന്‍ 26 ശതമാനമായി വെട്ടിക്കുറച്ചതാണ്. സ്വതന്ത്ര വേഷമണിഞ്ഞ് വര്‍ഗതാല്‍പര്യത്തിനായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന വന്‍കിട പത്രങ്ങള്‍ പണിമുടക്കുമായി ബന്ധപ്പെടാത്ത രാഷ്ട്രീയ പ്രസ്ഥാനത്തെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. തൊഴില്‍ മേഖലയിലെ സേവനവും വേതനവുമായി ബന്ധപ്പെട്ട സമരത്തെ തെറ്റായി ചിത്രീകരിക്കുന്നതിന്റെ ലക്ഷ്യം ജനങ്ങള്‍ തിരിച്ചറിയും. പണിമുടക്കിന് ഭൂരിഭാഗം ഏജന്റുമാരും അനുകൂലമല്ലെന്നത് തെറ്റായ പ്രചാരണമാണ്. ആവശ്യങ്ങള്‍ നേടുംവരെ പണിമുടക്ക് ശക്തമായി തുടരുമെന്ന് അശോകന്‍ പറഞ്ഞു.

deshabhimani 200312

1 comment:

  1. പത്ര ഏജന്റുമാരും വിതരണക്കാരും ചൊവ്വാഴ്ച മുതല്‍ നടത്തുന്ന പണിമുടക്കിനെക്കുറിച്ചുള്ള ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി അഖിലേന്ത്യാ അധ്യക്ഷന്‍ ആഷിഷ് ബെഗ്ഗയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് ന്യൂസ്പേപ്പര്‍ ഏജന്റ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്് കെ അശോകന്‍ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete