വില കൂടും
ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 56 ആയി ഉയര്‍ത്തുമെന്നും മൂല്യവര്‍ധിത നികുതി(വാറ്റ്), വാഹന നികുതി, ഭൂനികുതി എന്നിവ വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചു. വിരമിക്കല്‍ തീയതി ഏകീകരണം പിന്‍വലിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റില്‍ നികുതി വര്‍ധനയിലൂടെ 1500 കോടിയുടെ അധികഭാരം. ഇതിനിടെ, ബജറ്റ് നിര്‍ദേശങ്ങള്‍ പത്രങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെതിരെ പ്രതിപക്ഷം സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി.
വാറ്റ് ഒരു ശതമാനം വര്‍ധിപ്പിച്ചത് വഴി 1200 കോടിയുടെ അധിക ഭാരമാണ് ജനങ്ങള്‍ക്കുമേല്‍ ചുമത്തിയത്. നാലില്‍നിന്ന് അഞ്ചും 12.5ല്‍നിന്ന് 13.5ഉം ശതമാനമായാണ് വാറ്റ് വര്‍ധന. ഇതുമൂലം നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നിനും വില കൂടും. എന്നാല്‍ , ഉഴുന്ന്, ചെറുപയര്‍ , കടല, മുളക്,മല്ലി, ഭക്ഷ്യഎണ്ണ, മൈദ, സൂചി, ധാന്യപ്പൊടികള്‍ എന്നിവയുടെ നികുതി നാലില്‍നിന്ന് ഒരു ശതമാനമായി കുറച്ചു. വാറ്റ് വര്‍ധന വഴിയുള്ള അധികവരുമാനത്തില്‍ ഇതുവഴി 200 കോടിയുടെ കുറവ് ഉണ്ടാകും ഭൂനികുതി ഇരട്ടിയാക്കി. വാഹനങ്ങളുടെ റോഡ് നികുതി വാങ്ങല്‍വിലയുടെ അടിസ്ഥാനത്തിലാക്കി.
പൊതുമേഖലയ്ക്ക് കാര്യമായ മുന്‍തൂക്കമില്ല. നെല്ല് സംഭരണത്തിന് തുക വകയിരുത്തിയില്ല. തൊഴില്‍ദാന പദ്ധതികള്‍ക്കും പ്രത്യേകം തുക നീക്കിവച്ചിട്ടില്ല. കര്‍ഷക ആത്മഹത്യ തടയാനും പദ്ധതിയില്ല. സിഗററ്റിന്റെ നികുതി 12.5 ശതമാനത്തില്‍നിന്ന് 15 ആയി ഉയര്‍ത്തി. പാന്‍ മസാലയുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും നികുതി 20ല്‍ നിന്ന് 22.5 ശതമാനമാക്കി. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നികുതി 20 ശതമാനമായും മദ്യത്തിന്റെ സെസ്സ് ആറില്‍ നിന്ന് പത്തു ശതമാനമായും ഉയര്‍ത്തി. തുണി ബാഗ്, കാര്‍ഡിയാക്ക് സ്റ്റെന്റ്, ഇന്‍ട്രാ ഓക്കുലര്‍ ലെന്‍സ്, ഹൃദയ വാല്‍വ്, തേന്‍ , തേനീച്ചപ്പെട്ടി എന്നിവയുടെ നികുതി ഒഴിവാക്കി. 48,120.34 കോടി രൂപ വരവും 51,605.36 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 1512.05 കോടി രൂപയുടെ അധിക വിഭവസമാഹരണം ലക്ഷ്യമിടുന്നു. റവന്യൂ കമ്മി 3485.02 കോടിയാണ്.
പെന്‍ഷന്‍പ്രായം ഉയര്‍ത്തിയതിനെതിരെ പ്രതിപക്ഷത്തെ യുവജനങ്ങളായ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ധര്‍ണ നടത്തി. ബജറ്റ് പ്രസംഗം തീരുംവരെ അവര്‍ മുദ്രാവാക്യം വിളിച്ചു. ബജറ്റ് പത്രങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സഭയില്‍ ഉന്നയിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ റൂളിങ് നല്‍കി
വിധവ, അഗതി പെന്‍ഷന്‍ വര്‍ധിപ്പിക്കും
വിധവ, അഗതി പെന്‍ഷനുകള്‍ 400 രൂപയില്‍ നിന്ന് 525 രൂപയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചു. വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം 10,000 രൂപയില്‍ നിന്നും 20,000 രൂപയാക്കും. ക്യാന്‍സര്‍ , ക്ഷയം, കുഷ്ഠ രോഗികള്‍ക്കുള്ള ധനസഹായവും 525 രൂപയായി ഉയര്‍ത്തി. ഡയാലിസിസ് വേണ്ടിവരുന്ന വൃക്കരോഗികള്‍ക്ക് 525 രൂപ വീതം പ്രതിമാസ സഹായം നല്‍കും. അനാഥാലയങ്ങള്‍ , വൃദ്ധസദനങ്ങള്‍ , യാചകമന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികളുടെ പ്രതിമാസ ഗ്രാന്റ് 525 ആയി ഉയര്‍ത്തും. 80 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ളവര്‍ക്ക് പെന്‍ഷന്‍ 700 രൂപയായും മറ്റുള്ളവര്‍ക്ക് 525 രൂപയായും ഉയര്‍ത്തി. 80 വയസ്സ് കഴിഞ്ഞ വയോജനങ്ങള്‍ക്കുള്ള ധനസഹായം 400 രൂപയില്‍ നിന്ന് 900 ആക്കി. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ , തൊഴിലില്ലായ്മാ വേതനം തുടങ്ങിയ മറ്റ് ക്ഷേമാനുകൂല്യങ്ങള്‍ക്ക് വര്‍ധനയില്ല.
തൊഴിലുറപ്പു പദ്ധതിയില്‍ കുറഞ്ഞത് 100 ദിവസമെങ്കിലും ജോലി ചെയ്ത സ്ത്രീകളുടെ കുട്ടികള്‍ക്ക് പുസ്തകം വാങ്ങാന്‍ 1000 രൂപ ധനസഹായം നല്‍കും. ആശ വളന്റിയര്‍മാരുടെ വേതനം 600 രൂപയായും പ്രീപ്രൈമറി അധ്യാപകരുടെ വേതനം 900 രൂപയായും ആയമാരുടെ വേതനം 600 രൂപയായും ഉയര്‍ത്തി. സ്കൂള്‍ പാചകത്തൊഴിലാളികളുടെ ദിവസവേതനം നിലവിലുള്ള നിരക്കില്‍ നിന്ന് 50 രൂപ വര്‍ധിപ്പിക്കും.
കേരകൃഷി പരിപോഷിപ്പിക്കാന്‍ മൂന്ന് നാളികേര ബയോ പാര്‍ക്കുകളും നെല്‍ക്കൃഷി പരിപോഷിപ്പിക്കാന്‍ റൈസ് ബയോപാര്‍ക്കുകളും തുടങ്ങും. പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഗ്രീന്‍ഹൗസുകള്‍ തുടങ്ങും. ഓരോ പഞ്ചായത്തിലും പത്തു സെന്റ് തുറസ്സായ സ്ഥലത്ത് 4.5 ലക്ഷം രൂപ മുടക്കില്‍ ഗ്രീന്‍ഹൗസ് സ്ഥാപിക്കാന്‍ 75 ശതമാനം സബ്സിഡി നല്‍കും. ഓരോ നിയോജക മണ്ഡലത്തിലും മൂലധന നിക്ഷേപ പ്രോജക്ടുകള്‍ നടപ്പാക്കാന്‍ "നിയോജകമണ്ഡലം ആസ്തി വികസനഫണ്ട്" രൂപീകരിക്കും. ഹയര്‍ സെക്കന്‍ഡറി, ബിരുദവിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ വൈദഗ്ധ്യ വികസനപദ്ധതിക്ക് രൂപംനല്‍കും. ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാകുമ്പോള്‍ ഇരട്ട ഡിഗ്രി ലഭ്യമാക്കും.
കോട്ടക്കല്‍ ആസ്ഥാനമായി ആയുര്‍വേദ സര്‍വകലാശാലയും തിരുവനന്തപുരം ആസ്ഥാനമായി സാങ്കേതിക സര്‍വകലാശാലയും സ്ഥാപിക്കും. ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളം തുടങ്ങും. കൊല്ലം, കോട്ടയം ജില്ലകളില്‍ എയര്‍ സ്ട്രിപ്പുകള്‍ തുടങ്ങും. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തും. പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 4000 രൂപയില്‍ നിന്ന് 4,500 രൂപയായി വര്‍ധിപ്പിച്ചു. ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസവായ്പയ്ക്ക് പലിശ സബ്സിഡിക്ക് അഞ്ചുകോടി രൂപ നീക്കിവച്ചു. പുതുതലമുറ വ്യവസായങ്ങള്‍ ആകര്‍ഷിക്കുന്നതിന് എല്ലാ ജില്ലയിലും കിന്‍ഫ്ര പാര്‍ക്ക് തുടങ്ങും. മാലിന്യം ഉറവിടത്തില്‍ സംസ്കരിക്കുന്നതിനുള്ള പ്ലാന്റുകള്‍ക്ക് സബ്സിഡി അനുവദിക്കും. ഉന്നത വിദ്യാഭ്യാസമേഖല ശക്തിപ്പെടുത്തുന്നതിന് ഗ്ലോബല്‍ എജൂക്കേഷന്‍ മീറ്റ് സംഘടിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റികളുടെ കോഴ്സുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് അക്കാദമിക് സിറ്റിയും ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നോളജ് സിറ്റിയും തുടങ്ങും.
ഭൂനികുതി ഇരട്ടിയാക്കി; റോഡുനികുതി കൂട്ടി
അഞ്ചുലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങളുടെ റോഡുനികുതി വാങ്ങല്‍വിലയുടെ ആറ് ശതമാനമാക്കി. കാറുകളുടെയും പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെയും നികുതിനിരക്കാണ് വര്‍ധിപ്പിക്കുന്നത്. 5മുതല്‍ 10 ലക്ഷംവരെ വിലയുള്ളവയ്ക്ക് എട്ട് ശതമാനമാണ് നികുതി. പത്തുമുതല്‍ 15 ലക്ഷം വരെയുള്ളവ- 10%. 15 ലക്ഷത്തിനുമേല്‍ - 15%. 115 കോടി രൂപയാണ് ഈയിനത്തില്‍ അധികവരുമാനം കണക്കാക്കുന്നത്. മോട്ടോര്‍ സൈക്കിള്‍ നികുതിനിരക്കില്‍ മാറ്റമില്ല. കുടുംബാംഗങ്ങളുടെ പേരിലല്ലാതെ വില്‍പ്പനയ്ക്കുള്ള മുക്ത്യാറുകളുടെ സ്റ്റാമ്പ്ഡ്യൂട്ടിയുടെ രണ്ട് ശതമാനം രജിസ്ട്രേഷന്‍ ഫീസ് ഈടാക്കും. പാര്‍ട്ണര്‍ഷിപ് നിയമപ്രകാരമുള്ള രജിസ്ട്രേഷന്‍ ഫീസും മറ്റെല്ലാ ഫീസും വര്‍ധിപ്പിക്കും.
കര്‍ഷക ആത്മഹത്യ പെരുകുമ്പോള്‍ മാണിയുടെ ഹൈടെക് ഒറ്റമൂലി
ഉല്‍പ്പന്നങ്ങളുടെ വിലയിടിവും കൃഷിനാശവും കടക്കെണിയുംമൂലം ജീവനൊടുക്കുന്ന കൃഷിക്കാര്‍ക്ക് ഒറ്റമൂലിയായി ധനമന്ത്രി കെ എം മാണിയുടെ വാഗ്ദാനം ഹൈടെക് കൃഷി. കാര്‍ഷിക പ്രതിസന്ധി പിടിച്ചുലച്ച രണ്ട് ജില്ലയാണ് വയനാടും ഇടുക്കിയും. രണ്ടിടത്തേക്കും മാണി വരുന്നത് വിമാനത്താവളവുമായി. കൊല്ലത്തും കോട്ടയത്തും ഈ വര്‍ഷംതന്നെ എയര്‍സ്ട്രിപ് തുടങ്ങുമെന്നും താമസിയാതെ എല്ലാ ജില്ലയിലും ഇത് വ്യാപിപ്പിക്കുമെന്നുംപ്രഖ്യാപനമുണ്ട്. കൃഷിക്കാര്‍ക്ക് ആത്മവിശ്വാസം പകരാനും കര്‍ഷക കുടുംബങ്ങളില്‍ ഇനിയും കണ്ണീര്‍ വീഴാതിരിക്കാനും ഉതകുന്ന ഒരു നിര്‍ദേശവും ബജറ്റിലില്ല. പകരം ഹൈടെക്, ഗ്രീന്‍ഹൗസ്, റൈസ് ബയോ പാര്‍ക്ക്, കോക്കനട്ട് ബയോ പാര്‍ക്ക് എന്നിങ്ങനെ കര്‍ഷകരെ ഞെട്ടിക്കുന്ന പദപ്രയോഗങ്ങള്‍മാത്രം. അതിഭീമമായ നികുതി അടിച്ചേല്‍പ്പിച്ച മാണി ഇതില്‍ ഒരു രൂപപോലും കൃഷിക്കാരെ സഹായിക്കാന്‍ നീക്കിവച്ചില്ല. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ വിള ഇന്‍ഷുറന്‍സും മറന്നു.
എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിനാകില്ല: മാണി
എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിനാകില്ലെന്ന് ധനമന്ത്രി കെ എം മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനു പകരമായാണ് തൊഴില്‍ കണ്ടെത്താന്‍ യുവജനങ്ങളെ സഹായിക്കുന്നതിന് തൊഴില്‍ വൈദഗ്ധ്യ വികസനപദ്ധതികള്‍ക്ക് ബജറ്റില്‍ വിഭാവനം ചെയ്തതെന്നും മന്ത്രി അവകാശപ്പെട്ടു.
കേരള ചരിത്രത്തില്‍ ഏറ്റവും തിളക്കമുള്ള ബജറ്റാണിത്. അതുകൊണ്ട് ബജറ്റ് വായന ജനങ്ങള്‍ കേള്‍ക്കാതിരിക്കാനാണ് പ്രതിപക്ഷം ബഹളംവച്ചത്. പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന ചോദ്യത്തിനുള്‍പ്പെടെ മന്ത്രിക്ക് മറുപടി ഉണ്ടായില്ല. വാറ്റ് നികുതി വര്‍ധനയിലൂടെ 1200 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് മാണി പറഞ്ഞു. ബജറ്റ് ചോര്‍ന്നെന്നു പറയുന്നതില്‍ അര്‍ഥമില്ലെന്ന് കെ എം മാണി. ബജറ്റിലെ പദ്ധതികളെക്കുറിച്ച് നേരത്തെ വാര്‍ത്ത വരുന്നത് ചോര്‍ച്ചയല്ല. മാധ്യമങ്ങളില്‍ ചില റിപ്പോര്‍ട്ടുകള്‍ വന്നു. അതില്‍ പറയുന്ന നല്ല ആശയങ്ങള്‍ സ്വീകരിക്കുകമാത്രമാണ് താന്‍ ചെയ്തതെന്നും ചോര്‍ച്ച ഉണ്ടായില്ലെന്നും മാണി അവകാശപ്പെട്ടു.
deshabhimani 200312
ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 56 ആയി ഉയര്‍ത്തുമെന്നും മൂല്യവര്‍ധിത നികുതി(വാറ്റ്), വാഹന നികുതി, ഭൂനികുതി എന്നിവ വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചു. വിരമിക്കല്‍ തീയതി ഏകീകരണം പിന്‍വലിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റില്‍ നികുതി വര്‍ധനയിലൂടെ 1500 കോടിയുടെ അധികഭാരം. ഇതിനിടെ, ബജറ്റ് നിര്‍ദേശങ്ങള്‍ പത്രങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെതിരെ പ്രതിപക്ഷം സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി.
ReplyDelete