Sunday, March 4, 2012

കടല്‍ക്കൊല: അന്വേഷണം നല്ല രീതിയിലല്ല- ഡോ.സുസൈപാക്യം

മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച കേസിന്റെ അന്വേഷണം നല്ല രീതിയിലല്ല മുന്നോട്ടു പോകുന്നതെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സുസൈപാക്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ ആത്മാര്‍ഥതയില്ലാത്തതാണെന്നും ഒരു സ്വകാര്യ ചാനലുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഇറ്റാലിയന്‍ കപ്പലില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റപ്പോള്‍ സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും അതിനെതിരെ ആവേശത്തോടെയാണ് പ്രതികരിച്ചത്. എന്നാല്‍ , ഈ പ്രതികരണം മത്സ്യത്തൊഴിലാളികളോടുള്ള സ്നേഹംകൊണ്ടായിരുന്നോ എന്ന് ഇപ്പോള്‍ സംശയമുണ്ട്. ഇപ്പോഴത്തെ നടപടികള്‍ കാണുമ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയായിരുന്നുവോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ ശുഷ്കാന്തിയോടെയുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നെങ്കില്‍ പ്രതികളെ എളുപ്പം പിടികൂടാമായിരുന്നു. അങ്ങനെയെങ്കില്‍ സംഭവത്തെക്കുറിച്ച് സംശയത്തിന്റെ നിഴല്‍ ഉണ്ടാകുമായിരുന്നില്ല. ഈ വിഷയങ്ങളില്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തിന് സഭ പിന്തുണ നല്‍കും. തീരദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

വാലന്റൈന്റെ കുടുംബം എതിര്‍ത്തു; ഇറ്റലി മന്ത്രി മടങ്ങി

കൊല്ലം: വെടിവച്ചുകൊന്ന മത്സ്യത്തൊഴിലാളിയുടെ ബന്ധുക്കളെ സ്വാധീനിക്കാനുള്ള ഇറ്റലി വിദേശ ഉപമന്ത്രിയുടെ ശ്രമം പൊളിഞ്ഞു. മന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുരയുമായി കൂടിക്കാഴ്ചയ്ക്കുള്ള അഭ്യര്‍ഥന, കൊല്ലപ്പെട്ട വാലന്റൈന്റെ കുടുംബം നിരസിച്ചു. നിരാശരായ മന്ത്രിയും ഇറ്റാലിയന്‍ വിദേശകാര്യവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കൊച്ചിക്ക് മടങ്ങി. ശനിയാഴ്ച ഉച്ചയോടെ അതീവരഹസ്യമായി കൊല്ലത്തെത്തിയ മിസ്തുര വാലന്റൈന്റെ വീട് സന്ദര്‍ശിക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ , കേസ് കോടതിയുടെ പരിഗണനയിലായതിനാലും സുരക്ഷാപ്രശ്നങ്ങള്‍കൊണ്ടും പൊലീസ് അനുമതി നല്‍കിയില്ല. കൂടിക്കാഴ്ചയ്ക്ക് കൊല്ലം രൂപതാധികൃതരുടെ സഹായവും ഇറ്റാലിയന്‍ സംഘം തേടി. ചര്‍ച്ചകളെതുടര്‍ന്ന് ഞായറാഴ്ച രാവിലെ തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ ചര്‍ച്ചില്‍ കുര്‍ബാനയ്ക്കിടെ വാലന്റൈന്റെ ഭാര്യ ഡോറ, മക്കള്‍ ഡെറിക്, ജീന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമം നടന്നു. എന്നാല്‍ , വാലന്റൈന്റെ ജീവനെടുത്ത ഇറ്റാലിയന്‍ സൈനികരെ രക്ഷപ്പെടുത്താനുള്ള ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന നിലപാടില്‍ കുടുംബം ഉറച്ചുനിന്നു. പ്രലോഭനങ്ങളില്‍ കുടുക്കി കേസ് ഒതുക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് സംശയിക്കുന്നതായി ഡെറിക് മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വാഭാവികനീതി നിഷേധിക്കപ്പെടുമെന്നതിനാലാണ് ഇറ്റാലിയന്‍ സംഘത്തെ കാണാന്‍ തയ്യാറാകാതിരുന്നതെന്നും ഡെറിക് പറഞ്ഞു.

പള്ളിയില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിക്കാന്‍ പലവഴിക്ക് സമ്മര്‍ദമുണ്ടായെങ്കിലും വാലന്റൈന്റെ കുടുംബം നിലപാടില്‍ ഉറച്ചുനിന്നു. ജനവികാരം എതിരാകുമെന്നുകണ്ട് പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് ഇറ്റാലിയന്‍ സംഘം എത്തുന്നതും പൊലീസ് വിലക്കി. വാലന്റൈന്റെ കുടുംബത്തെ കാണാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും ജനവികാരം മാനിച്ചാണ് ശ്രമം ഉപേക്ഷിച്ചതെന്നും മിസ്തുര മാധ്യമങ്ങളോട് പ്രതികരിച്ചു. വാലന്റൈന് ഒപ്പം വെടിയേറ്റുമരിച്ച കന്യാകുമാരി സ്വദേശി അജേഷ് ബിങ്കിന്റെ നിരാശ്രയ കുടുംബത്തെ ആരും തിരിഞ്ഞുനോക്കാത്തതില്‍ മത്സ്യത്തൊഴിലാളികളില്‍ പ്രതിഷേധം ശക്തമാണ്.

deshabhimani 050312

2 comments:

  1. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച കേസിന്റെ അന്വേഷണം നല്ല രീതിയിലല്ല മുന്നോട്ടു പോകുന്നതെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സുസൈപാക്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ ആത്മാര്‍ഥതയില്ലാത്തതാണെന്നും ഒരു സ്വകാര്യ ചാനലുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

    ReplyDelete
  2. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയേറ്റും കപ്പലിടിച്ച് ബോട്ട് തകര്‍ന്നും മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തര നഷ്ടപരിഹാരമായി 25 ലക്ഷം രൂപവീതം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു വി എസ്. മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാനും മക്കളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ഇറ്റാലിയന്‍ കച്ചവടക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാരും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടെ കീഴടങ്ങുന്നു. ഇത് അങ്ങേയറ്റം അപമാനകരമായ കീഴടങ്ങലാണ്. പ്രതികളോടുള്ള സൗഹൃദവും മൃദുലമായ സമീപനവും കാണുമ്പോള്‍ അവര്‍ പ്രതികളോ അതിഥികളോ എന്ന സംശയം ജനങ്ങളില്‍ ഉയരുന്നു. ഉപജീവനത്തിന് വേണ്ടി കടലിനോട് മല്ലിടുന്ന ലക്ഷക്കണക്കിന് വരുന്ന തൊഴിയാളികളുടെ സംരക്ഷകരാവേണ്ട സര്‍ക്കാര്‍ കൊള്ളലാഭം നടത്തുന്ന ഇറ്റാലിയന്‍ കച്ചവടക്കാരുടെ സംരക്ഷകരായി മാറിയെന്നും വി എസ് പറഞ്ഞു. കേരളത്തിന്റെ സമുദ്രതീരത്ത് അത്യന്തം വേദനാജനകമായ രണ്ട് ദുരന്തം ഉണ്ടായിട്ടും സര്‍ക്കാര്‍ ഉറങ്ങുകയാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി പി കെ ഗുരുദാസന്‍ പറഞ്ഞു. ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നശേഷമെങ്കിലും ഫലപ്രദമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ ദുരന്തം ഉണ്ടാകുമായിരുന്നില്ല. ഇറ്റാലിയന്‍ വെടിവയ്പിന്റെ ദൃക്സാക്ഷി ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടതെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. എന്തുകൊണ്ട് കപ്പിത്താനെ അറസ്റ്റ് ചെയ്യുന്നില്ല. കപ്പല്‍ പരിശോധനയും ബോട്ട് പരിശോധനയും തോക്ക് പരിശോധനയുമെല്ലാം പ്രതികള്‍ക്കൊപ്പം നടത്തിയത് ആരെ സഹായിക്കാനാണെന്ന് വ്യക്തമാക്കണമെന്നും ഗുരുദാസന്‍ പറഞ്ഞു.

    ReplyDelete