ധനമന്ത്രി കെ എം മാണി ബഹിഷ്കരിച്ച യുഡിഎഫ് പാര്‍ലമെന്ററി പാര്‍ടിയോഗത്തില്‍ സര്‍ക്കാര്‍ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തിയ ബജറ്റ് നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശം. എല്ലാഭാഗത്തുനിന്നും പ്രതിഷേധം ശക്തമാകുന്ന സ്ഥിതിയാണെങ്കില്‍ നിര്‍ദേശവുമായി മുന്നോട്ടുപോകണമെന്ന പിടിവാശി സര്‍ക്കാരിനില്ലെന്ന സൂചന മുഖമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കി. ബജറ്റിനോടുള്ള കോണ്‍ഗ്രസ് പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് കെ എം മാണി യുഡിഎഫ് എംഎല്‍എമാരുടെ സംയുക്തയോഗത്തില്‍നിന്ന് വിട്ടുനിന്നത്. ബജറ്റ് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം.
കേരളവികസനത്തിനായി സപ്തതന്ത്രം പ്രഖ്യാപിച്ച മാണിയുടെ പ്രതീക്ഷ പൂച്ചെണ്ടായിരുന്നു. പക്ഷേ, ഭരണപക്ഷത്തുനിന്നുപോലും കൂര്‍ത്ത കല്ലും മുള്ളും കിട്ടയപ്പോള്‍ മാണി വല്ലാതെ തളര്‍ന്നു. ബജറ്റ് ചോര്‍ച്ചയും സ്പീക്കറുടെ സ്ഥിരീകരണ റൂളിങ്ങും പെന്‍ഷന്‍പ്രായം ഉയര്‍ത്തിയതിന് എതിരായ പ്രതിഷേധവും കാരണം മാണി പരുങ്ങി. ബജറ്റ് ചോര്‍ന്നുവെന്ന് മംഗളംപത്രം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും സിപിഐ നേതാവ് സി ദിവാകരനും സഭയില്‍ വ്യക്തമാക്കിയപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ മാണി വിയര്‍പ്പൊഴുക്കി. "ഒരു ചോര്‍ച്ചയും മണ്ണാങ്കട്ടയും സംഭവിച്ചിട്ടില്ല കോടിയേരി" എന്ന് ഒരു ഘട്ടത്തില്‍ രോക്ഷാകുലനായി മാണി പറഞ്ഞു. പക്ഷേ, ബജറ്റ് അവതരണം കഴിഞ്ഞപ്പോള്‍ മംഗളം വാര്‍ത്തയില്‍ കഴമ്പുണ്ടെന്ന വസ്തുത നിരാകരിക്കാന്‍ കഴിയാത്തതിനാല്‍ ബജറ്റ് ചോര്‍ച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സ്ഥിരീകരിച്ചു. അക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷിച്ച് സഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ സ്പീക്കര്‍ റൂളിങ് നല്‍കി.
ഇതിനു പിന്നാലെ ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പിനു നല്‍കിയ പരിഗണന തങ്ങളുടെ വകുപ്പിന് കിട്ടിയില്ലെന്ന ആവലാതി ചില കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉന്നയിച്ചു. അത് അവര്‍ ഉമ്മന്‍ചാണ്ടിയോടും മാണിയോടും പറഞ്ഞു. ഇതിനിടെ പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് ഒരു സംഘം കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കണ്ടു. അതിന്റെ സന്ദേശം മാണിക്കും നല്‍കി. പെന്‍ഷന്‍പ്രായം ഉയര്‍ത്തിയത് താന്‍ വ്യക്തിപരമായല്ല, ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെയെല്ലാം അഭിപ്രായം സ്വീകരിച്ചാണെന്ന് മാണി അടുപ്പക്കാരോട് വെളിപ്പെടുത്തി. പെന്‍ഷന്‍ പ്രായത്തിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്തി ക്രൂശിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നതിലും ബജറ്റിനെ പിന്തുണയ്ക്കാത്ത ചില മന്ത്രിമാരുടെ നിലപാടിലുമുള്ള അതൃപ്തിമൂലമാണ് ബജറ്റ് അവതരണത്തിനുശേഷം വിളിച്ചുചേര്‍ത്ത യുഡിഎഫ് നിയമസഭാകക്ഷി യോഗം മാണി ബഹിഷ്കരിച്ചത്.
യോഗത്തില്‍ പെന്‍ഷന്‍പ്രായം കൂട്ടിയ നിര്‍ദേശത്തെ കോണ്‍ഗ്രസിലെ ബെന്നി ബഹനാന്‍ , പാലോട് രവി, ഹൈബി ഈഡന്‍ , പി സി വിഷ്ണുനാഥ് തുടങ്ങിയ എംഎല്‍എമാരും മുസ്ലിംലീഗിലെ കെ എം ഷാജിയും എതിര്‍ത്തു. പ്രായം കൂട്ടിയ തീരുമാനം ബുദ്ധിശൂന്യമാണ്. ബജറ്റിലൂടെയല്ലാതെ, മന്ത്രിസഭയുടെ തീരുമാനമായിരുന്നെങ്കില്‍ ഇത്ര പ്രതിഷേധം വരില്ലായിരുന്നു. പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ഒരു സൂചനയുമില്ലാതെ ലംഘിച്ചെന്ന് അവര്‍ പരാതിപ്പെട്ടു. എന്നാല്‍ , 56 വയസ്സാക്കിയതിനെ വി ഡി സതീശന്‍ ന്യായീകരിച്ചു. എതിര്‍പ്പ് ശക്തമാണെങ്കില്‍ നിര്‍ദേശം ഇപ്പോള്‍ത്തന്നെ നടപ്പാക്കണമോ എന്ന കാര്യം പുനരാലോചിക്കാമെന്ന് ലീഗ് നേതാവ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
(ആര്‍ എസ് ബാബു)
deshabhimani 200312
No comments:
Post a Comment