Wednesday, March 6, 2013
റോഡ് സുരക്ഷയ്ക്ക് അനുവദിച്ച 10 കോടി ആര്‍ടി ഓഫീസുകള്‍ ധൂര്‍ത്തടിച്ചു
റോഡ് സുരക്ഷാ പദ്ധതിക്ക് വാഹനവകുപ്പില്‍നിന്ന് ആര്‍ടി ഓഫീസുകള്‍ക്ക് അനുവദിച്ച കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ചു. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ച് വാഹനഗതാഗതം നിയന്ത്രിക്കുക, നിലവിലുള്ള ഡിവൈഡറുകളില്‍ ഇരുഭാഗത്തും വശങ്ങളിലും റിഫ്ളക്ടറുകള്‍ സ്ഥാപിക്കുക തുടങ്ങിയവയ്ക്കായി അനുവദിച്ച 10 കോടിയോളം രൂപയാണ് പല ആര്‍ടി ഓഫീസുകളും ഹോട്ടല്‍ ചെലവുകളുടെ പേരില്‍ മാത്രം ധൂര്‍ത്തടിച്ചത്. തുക ചെലവഴിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയതായി വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2010ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് തുക അനുവദിച്ചത്. വിവിധ ആര്‍ടിഒമാര്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് 30 മുതല്‍ 85 ലക്ഷം രൂപവരെ കൈപ്പറ്റിയത്. തുക ചെലവഴിച്ചതില്‍ ക്രമക്കേട് ആരോപിച്ച് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ പടമാടന്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് എറണാകുളം, മൂവാറ്റുപുഴ, തൃശൂര്‍, മലപ്പുറം, പാലക്കാട് എന്നീ ആര്‍ടി ഓഫീസര്‍മാര്‍ക്കെതിരെ 2012 നവംബര്‍ 12നാണ് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ആര്‍ടി ഓഫീസിനാണ് കൂടുതല്‍ തുക ലഭിച്ചത് - 85,58,000 രൂപ. ഇതില്‍ നാലുലക്ഷത്തോളം രൂപ ഹോട്ടല്‍ ബില്‍ ഇനത്തില്‍ മാത്രം ചെലവഴിച്ചതായി വിവരാവകാശ പ്രകാരം ലഭിച്ച 51 വൗച്ചറുകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ആയിരത്തിലധികം വൗച്ചറാണ് ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിരിക്കുന്നത്. കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡിലുള്ള "റോയല്‍ റസിഡന്‍സി" എന്ന ഹോട്ടലില്‍ ഭക്ഷണം കഴിച്ചതിന്റെയും സ്റ്റേഷനറിസാധനങ്ങള്‍ വാങ്ങിയതിന്റെയും ബില്ലുകളാണ് എറണാകുളം ആര്‍ടി ഓഫീസ് അധികൃതര്‍ തയ്യാറാക്കിയിരിക്കുന്നത്. ഹോട്ടലിലെ എല്ലാ ബില്ലുകളും ഒരേ കൈപ്പടയിലുള്ളതാണ്. 2011 ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെയുള്ള ബില്ലുകളാണിത്. 2000 രൂപമുതല്‍ 4000 രൂപയുടെവരെ ബില്ലുകളാണ് ഒരേ ഹോട്ടലിന്റെ പേരിലുള്ളത്. പ്രീ-ഡ്രൈവിങ് ടെസ്റ്റിനുള്ള റിഫ്രഷ്മെന്റ്, ഹാള്‍ വാടക, സ്റ്റേഷനറി-പ്രിന്റിങ് ചാര്‍ജുകള്‍ എന്ന പേരിലാണ് എല്ലാ ബില്ലുകളും. ചിറ്റൂര്‍ റോഡിലുള്ള സ്റ്റേഷനറിക്കടയില്‍നിന്ന് റോഡ് സുരക്ഷയ്ക്കുള്ള ലഘുലേഖകള്‍ വാങ്ങിയ പേരിലും പതിനായിരക്കണക്കിന് രൂപ ചെലവഴിച്ചതായി വൗച്ചറുകള്‍ ഉണ്ട്. ഇതില്‍ ഒരുമാസത്തെ ഇടവേളയില്‍ അടുത്തടുത്ത നമ്പറുകളുള്ള ബില്ലുകള്‍ കടയില്‍നിന്നു നല്‍കിയതായും കാണാം.
(ശ്രീരാജ് ഓണക്കൂര്‍)
deshabhimani 060313
Labels:
അഴിമതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment