Friday, March 22, 2013

വധശിക്ഷയില്ലെന്ന് ഉറപ്പുനല്‍കി; സൈനികര്‍ തിരിച്ചെത്തി


മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലെ പ്രതികളായ സൈനികരെ രക്ഷിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇറ്റലിക്ക് ഉറപ്പുനല്‍കി. വധശിക്ഷയില്‍നിന്ന് ഒഴിവാക്കാമെന്നും നിശ്ചിതസമയത്ത് എത്തിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്നുമാണ് ഉറപ്പ്. കേസില്‍ വിചാരണ പൂര്‍ത്തിയാവുകയോ കോടതി വിധി പുറപ്പെടുവിക്കുകയോ ചെയ്യുംമുമ്പാണ് നീതിന്യായ സംവിധാനത്തെയാകെ വെല്ലുവിളിക്കുന്ന വിചിത്രമായ ഈ നടപടി. വധശിക്ഷ ഉണ്ടാകില്ലെന്ന ഇന്ത്യയുടെ ഉറപ്പിനെത്തുടര്‍ന്നാണ് സൈനികരെ വിട്ടുനല്‍കിയതെന്ന് ഇറ്റലിയും വ്യക്തമാക്കി.

ഇറ്റാലിയന്‍ സൈനികര്‍ ഇന്ത്യയില്‍ മടങ്ങിയെത്തുമെന്ന് ഇറ്റലി അറിയിച്ചശേഷം വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് പാര്‍ലമെന്റില്‍ വിശദീകരിച്ചു. സൈനികരെ വധശിക്ഷയ്ക്ക് വിധേയമാക്കുമോ എന്നായിരുന്നു ഇറ്റലിയുടെ ആശങ്കയെന്നും അതുണ്ടാകില്ലെന്ന് ഉറപ്പുനല്‍കിയെന്നും മന്ത്രി വിശദീകരിച്ചു. വധശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള കേസല്ലെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ ഏകപക്ഷീയ പ്രസ്താവന. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നും മന്ത്രി വിശദീകരിച്ചു. കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയില്ലെന്നിരിക്കെയാണ് കേന്ദ്രമന്ത്രി കേസിന്റെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞത്.

സൈനികരെ സഹായിക്കുംവിധമാണ് കേസിന്റെ തുടക്കം മുതല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചതെന്ന വിമര്‍ശം ശരിവയ്ക്കുന്ന തരത്തിലാണ് പുതിയ നടപടി. എന്‍റിക്ക ലെക്സി കപ്പലില്‍നിന്ന് തെളിവ് ശേഖരിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയിരുന്നു. സൈനികര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോഴും ക്രിസ്മസിനും തെരഞ്ഞെടുപ്പിനും നാട്ടില്‍പോകാന്‍ അനുമതി ചോദിച്ചപ്പോഴും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകര്‍ സൈനികര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചു. ഇറ്റാലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഓണ്‍ലൈനായി വോട്ടുചെയ്യാനുള്ള സംവിധാനമുണ്ടെന്നിരിക്കെയാണ് സൈനികരെ വോട്ടുചെയ്യാന്‍ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിച്ചത്. സൈനികരെ തിരിച്ചുകൊണ്ടുവരാന്‍ രാജ്യത്തിന്റെ പരമാധികാരത്തെയും നീതിന്യായ സംവിധാനത്തെയും പരിഹസിക്കുന്ന തരത്തിലാണ് ഇറ്റലിക്ക് ഉറപ്പ് നല്‍കിയത്. സുപ്രീംകോടതിയുടെ ശക്തമായ നിലപാടിനെത്തുടര്‍ന്നാണ് സൈനികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഇറ്റലി നിര്‍ബന്ധിതമായത്. സുപ്രീംകോടതിയുടെ അധികാര പരിധിയില്‍ കടന്നുകയറി കേന്ദ്രസര്‍ക്കാര്‍ മറ്റൊരു രാജ്യത്തിന് ഉറപ്പുനല്‍കുന്നത് ആദ്യമാണ്. ഉന്നതതലത്തില്‍ നടന്ന ആസൂത്രണമാണ് ഇതിനു പിന്നിലെന്നു വ്യക്തമാണ്.
(വി ജയിന്‍)

സൈനികര്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികളായ സൈനികരെ ഇറ്റലി ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. ഇറ്റാലിയന്‍ ഡെപ്യൂട്ടി വിദേശമന്ത്രി സ്റ്റെഫാന്‍ ഡെ മിസ്തൂറയ്ക്കൊപ്പമാണ് മാസിമിലാനോ ലാത്തോര്‍, സാല്‍വത്തോര്‍ ഗിറോണ്‍ എന്നിവര്‍ വെള്ളിയാഴ്ച വൈകിട്ട് 6.15ഓടെ ന്യൂഡല്‍ഹിയില്‍ പ്രത്യേകവിമാനത്തില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് ഇറ്റാലിയന്‍ എംബസിയിലേക്ക് പോയി.

മടങ്ങിയെത്താന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി വെള്ളിയാഴ്ചയാണ് അവസാനിച്ചത്. കേന്ദ്രസര്‍ക്കാരുമായുണ്ടാക്കിയ രഹസ്യ ഒത്തുതീര്‍പ്പിലാണ് സൈനികരെ തിരിച്ചയക്കാന്‍ ഇറ്റലി സമ്മതിച്ചത്. വ്യാഴാഴ്ച ചേര്‍ന്ന സുരക്ഷാകാര്യ മന്ത്രിതലസമിതിയാണ് സൈനികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിച്ചതെന്ന് ഇറ്റാലിയന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ചര്‍ച്ചയില്‍ പങ്കാളികളായ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നത് ഇരുരാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.

യോഗത്തിനുശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ മോണ്ടി, നിയമമന്ത്രി പൗലോ സവേറിനോ, സ്റ്റെഫാന്‍ ഡെ മസ്തൂറ എന്നിവര്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തി. തിരിച്ചെത്തിച്ചാല്‍ സൈനികരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടില്ലെന്ന് ഇന്ത്യയില്‍നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി കാര്യാലയം അറിയിച്ചു. സൈനികരെ തിരിച്ചെത്തിക്കുമെന്ന വിവരം ആദ്യം പുറത്തു വിട്ടതും ഇറ്റലിയാണ്. അതേസമയം, സൈനികരെ തിരിച്ചയച്ചതിനെതിരെ ഇറ്റലിയില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്.

deshabhimani 230313

No comments:

Post a Comment