Thursday, March 21, 2013
വിസ്താരത്തില്‍ വെളിപ്പെട്ടത് സാക്ഷിയുടെ ക്രിമിനല്‍ മുഖം
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ബുധനാഴ്ച പ്രോസിക്യൂഷന്‍ അവതരിപ്പിച്ച സാക്ഷി, ക്രിമിനല്‍ മുഖമുള്ളയാളാണെന്ന് ക്രോസ് വിസ്താരത്തില്‍ തെളിഞ്ഞു. 22-ാം സാക്ഷി തട്ടോളിക്കര സ്വദേശി പി എം പ്രമോദാണ് കള്ളസാക്ഷി പറയാനെത്തി വെട്ടിലായത്. 2012 ഏപ്രില്‍ 26ന് വൈകിട്ട് നാലിന് നാദാപുരം റോഡില്‍ ഇന്നോവ കാറില്‍നിന്ന് 22-ാം പ്രതി എം പി സനൂപ് ഇറങ്ങുന്നത് കണ്ടുവെന്നും കാറില്‍ നാലാംപ്രതി ടി കെ രജീഷ് ഉണ്ടായിരുന്നുവെന്നും സ്ഥാപിക്കാനാണ് പ്രമോദിനെ സാക്ഷിയാക്കിയത്. എന്നാല്‍ ഇക്കാര്യം സാധൂകരിക്കാന്‍ ക്രോസ് വിസ്താരത്തില്‍ കഴിഞ്ഞില്ല. സനൂപ് അയല്‍വാസിയും ചെറുപ്പകാലം മുതല്‍ അറിയാവുന്നയാളുമാണെന്ന് പ്രതിഭാഗം വിസ്താരത്തില്‍ പ്രമോദ് പറഞ്ഞത് ശരിയല്ലെന്ന് ഇയാളുടെ പിന്നീടുള്ള മൊഴിയില്‍ തെളിഞ്ഞു. സനൂപിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ താന്‍ പ്രതിയാണെന്ന് സാക്ഷി സമ്മതിച്ചു. സിപിഐ എം നേതാവ് പി മോഹനനെയും മറ്റും ആര്‍എംപിക്കാര്‍ ആക്രമിച്ച വധോദ്യമക്കേസില്‍ രണ്ടാംപ്രതിയായി തനിക്കും മറ്റുമെതിരെ വടകര കോടതിയില്‍ കേസുണ്ടെന്നും പ്രമോദിന് സമ്മതിക്കേണ്ടിവന്നു. കൂടാതെ ഗള്‍ഫിലുള്ള സഹോദരന്റെ സ്വത്ത് കൈക്കലാക്കാന്‍ ശ്രമിച്ചതിന് സഹോദരനുമായി പ്രമോദ് വഴക്കുണ്ടാക്കിയ സംഭവമുണ്ടായിട്ടുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. വഴക്കില്‍ സഹോദരന്റെ ഭാഗത്ത് സനൂപ് നിന്നതിലുള്ള വൈരാഗ്യവും സാക്ഷിക്കുണ്ടെന്നായിരുന്നു വാദം. ഇതോടെ സാക്ഷിയുടെ ക്രിമിനല്‍മുഖമാണ് കോടതിയില്‍ വെളിപ്പെട്ടത്.
താന്‍ ആര്‍എംപി അനുഭാവി മാത്രമാണെന്ന് പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ ആദ്യം മൊഴി നല്‍കിയ പ്രമോദ്, പിന്നീട് ആര്‍എംപി പ്രവര്‍ത്തകനാണെന്ന് സമ്മതിച്ചു. ഇക്കാര്യം പൊലീസിനു നല്‍കിയ മൊഴിയിലുണ്ടന്നും പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രമോദ് വ്യക്തമാക്കി. ആര്‍എംപിക്കാരനായതിനാലും സനൂപിനോടുള്ള വ്യക്തിവൈരാഗ്യത്താലും പൊലീസ് എഴുതിത്തയ്യാറാക്കിയ മൊഴി പഠിച്ച് കോടതിയില്‍ പറയിപ്പിക്കുകയാണെന്ന് പ്രതിഭാഗം വാദിച്ചു. നാലാംപ്രതി ടി കെ രജീഷിനെ പലതവണ കസ്റ്റഡിയിലും കോടതി പരിസരത്തും കാണിച്ചുതന്നതുകൊണ്ടാണ് തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും പ്രതിഭാഗം സമര്‍ഥിച്ചു. ടി കെ രജീഷിനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞിട്ടും ഇന്നോവ കാറില്‍ കണ്ട കാര്യം പൊലീസിനോട് പറഞ്ഞില്ലെന്ന് പ്രമോദ് മൊഴി നല്‍കി. പൊലീസില്‍ ഇക്കാര്യം പറയാതിരുന്നത് സനൂപിനെയും രജീഷിനെയും ഒരുമിച്ചു കണ്ട സംഭവമുണ്ടാകാത്തതിനാലാണെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
അതേസമയം കേസ് ഡയറിയിലെ 41, 43 സാക്ഷികളായ ചോറോട് പടിക്കല്‍പുറത്ത് പി പി പ്രജിത്, ചൊക്ലി "ഉദയ"യില്‍ രാജന്‍ എന്നിവരെ വിസ്തരിക്കേണ്ടെന്ന് പ്രോസിക്യൂഷന്‍ തീരുമാനിച്ചു. തങ്ങള്‍ പഠിപ്പിച്ച മൊഴിയിലെ വൈരുധ്യങ്ങള്‍ ക്രോസ് വിസ്താരത്തില്‍ വെളിപ്പെടുമെന്ന ഭയത്താലാണ് പ്രോസിക്യൂഷന്‍ ഇവരെ ഒഴിവാക്കിയതെന്നാണ് വിവരം. സിപിഐ എം നേതാക്കള്‍ക്കെതിരെ കള്ളമൊഴി പറയിക്കാന്‍ രംഗത്തിറക്കിയവരാണ് സാക്ഷികള്‍ എന്ന്് തെളിയിക്കുന്നതാണ് പ്രോസിക്യൂഷന്റെ പിന്മാറ്റം തെളിയിക്കുന്നത്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ബി രാമന്‍പിള്ളയാണ് ക്രോസ് വിസ്താരം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ പ്രഥമ വിസ്താരം നടത്തി. കേസ് ഡയറിയിലെ 44 മുതല്‍ 52 വരെ സാക്ഷികളെ ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ വ്യാഴാഴ്ച വിസ്തരിക്കും.
deshabhimani 210313
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
No comments:
Post a Comment