Tuesday, March 19, 2013
മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കോടികള്‍ കോഴവാങ്ങി
ബാര്‍, വിദേശമദ്യ ഇടപാടുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്സൈസ് മന്ത്രി കെ ബാബുവും കോടികളുടെ കോഴ വാങ്ങിയതായി ആരോപണം. ബാര്‍ അനുവദിച്ചതിലും മദ്യവില വര്‍ധിപ്പിച്ചതിലും ഹോളോഗ്രാം ഇടപാടിലും കോടികളുടെ അഴിമതി നടന്നതായി നിയമസഭയില്‍ പ്രതിപക്ഷത്തുനിന്ന് ബാബു എം പാലിശേരിയാണ് ആരോപണം ഉന്നയിച്ചത്. മൂന്ന് ഇടപാടിലുമായി 116 കോടി രൂപയുടെ അഴിമതി നടന്നതായി പാലിശേരി ആരോപിച്ചു. ചട്ടം 285 പ്രകാരം സ്പീക്കറുടെ അനുമതിയോടെയാണ് പാലിശേരി ആരോപണം ഉന്നയിച്ചത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണത്തിനു തയ്യാറല്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
വിദേശമദ്യത്തിന്റെയും വൈനിന്റെയും വില ആറ് ശതമാനം വര്‍ധിപ്പിച്ചതിലാണ് ഏറ്റവും വലിയ അഴിമതി. കമ്പനികള്‍ ക്വോട്ട് ചെയ്യുന്ന വില കോര്‍പറേഷന്‍ സ്വീകരിക്കുന്ന തരത്തില്‍ ഫ്രീ പ്രൈസിംഗ് നടപ്പാക്കണമെന്ന മദ്യക്കമ്പനികളുടെ ആവശ്യമടക്കം അംഗീകരിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് വന്‍ അഴിമതി നടത്തിയതെന്ന് പാലിശേരി പറഞ്ഞു. മദ്യരാജാവ് വിജയ്മല്യ ഇടനിലക്കാരനായി നിന്ന് മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും വേണ്ടി ദുബായില്‍വച്ച് നൂറു കോടി രൂപയാണ് കൈമാറിയത്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ ഇതിനു നേതൃത്വം നല്‍കി. ബാക്കി തുക കേരളത്തില്‍വച്ചും കൈമാറി. മദ്യലഭ്യത കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിനകം 54 ബാര്‍ അനുവദിച്ചു. അടുത്തവര്‍ഷം മുതല്‍ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രസ്താവിച്ച്, ആവശ്യമുള്ളവര്‍ വേഗം വന്നുകൊള്ളുകയെന്ന സന്ദേശം പരത്തി അഴിമതിക്ക് കളമൊരുക്കുകയായിരുന്നു. ബാര്‍ ഒന്നിന് 25 ലക്ഷം രൂപ വാങ്ങി. ഇതിലൂടെ 13.5 കോടി രൂപയുടെ അഴിമതി നടത്തി. പിന്നീട്, നിലവിലുള്ള ബാറുകളുടെ ലൈസന്‍സ് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തി. നിലവിലുള്ള ബാറുടമകളെ ഭയപ്പെടുത്താനായിരുന്നു ഇത്. സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും കോടതിയില്‍ പോകാന്‍ അപേക്ഷകര്‍ക്ക് അനുമതി നല്‍കുകയും ഗവണ്‍മെന്റ് പ്ലീഡറും മന്ത്രിയും അപേക്ഷകനും ഒത്തുകളിച്ച് തോറ്റുകൊടുക്കുകയുമാണ്. പരിശോധിക്കുകയെന്ന കോടതിയുടെ കമന്റ് ലൈസന്‍സ് കൊടുക്കാനുള്ള ഉത്തരവായി വ്യാഖ്യാനിച്ചാണ് മന്ത്രി അഴിമതി നടത്തുന്നത്.
മദ്യക്കുപ്പികളില്‍ ഹോളോഗ്രാം പതിക്കുന്നതില്‍നിന്ന് പൊതുമേഖലാസ്ഥാപനമായ സി-ഡിറ്റിനെ ഒഴിവാക്കി കര്‍ണാടകത്തിലെ സ്വകാര്യകമ്പനിക്ക് നല്‍കാന്‍ മന്ത്രി ഗൂഢാലോചന നടത്തുകയാണ്. കോര്‍പറേഷന് 40 കോടി രൂപ നഷ്ടംവരുത്തുന്ന ഇടപാടാണിത്. സി-ഡിറ്റ് ഹോളോഗ്രാം പതിക്കുമ്പോള്‍ 13.75 പൈസയാണ് ചെലവ്. ഇത് 23 പൈസയ്ക്ക്, സി-ഡിറ്റില്‍നിന്ന് പുറത്താക്കപ്പെട്ട ഒരാളുമായി ബന്ധപ്പെട്ട സ്ഥാപനത്തിന് നല്‍കാന്‍ ടെന്‍ഡര്‍ വ്യവസ്ഥകളില്‍പോലും മാറ്റം വരുത്തി. മാസം ആറു കോടിയിലധികം ലേബല്‍ ആവശ്യമുണ്ട്. 82.5 ലക്ഷം രൂപയാണ് പ്രതിമാസ ചെലവ്. പുതുക്കി നിശ്ചയിച്ചതോടെ 1.38 കോടി രൂപയായി. ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ ബാബു പറഞ്ഞു. മദ്യവില വര്‍ധനയുമായി സര്‍ക്കാരിനു ബന്ധമില്ലെന്നും ബിവറേജസ് കോര്‍പറേഷന്റെ ഭരണസമിതിയാണ് തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അന്വേഷണാവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. അന്വേഷണാവശ്യം കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും ഉന്നയിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
deshabhimani 190313
Labels:
അഴിമതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment