Friday, March 22, 2013

ധനമന്ത്രിയുടെ പുതിയ വാഗ്ദാനങ്ങള്‍ വിവാദമായി


ഭരണകക്ഷി അംഗങ്ങളെ തൃപ്തിപ്പെടുത്താന്‍ ബജറ്റ് മറുപടിപ്രസംഗത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികളെല്ലാം വിവാദമായി. പുതിയ 12 താലൂക്കും 22 കോളേജും അനുവദിക്കുന്നതില്‍ മാനദണ്ഡം പാലിച്ചില്ലെന്നുമാത്രമല്ല, ഇതിന് ആവശ്യമായ തുകപോലും ബജറ്റില്‍ കൊള്ളിച്ചിട്ടുമില്ല. 300 കോടി രൂപയുടെ അധികബാധ്യതയാണ് വരുന്നതെങ്കിലും അതേക്കുറിച്ചുപോലും മന്ത്രിക്ക് മറുപടിയില്ല. പുതുതായി പ്രഖ്യാപിച്ച 12 താലൂക്കില്‍ 10 എണ്ണവും ഭരണകക്ഷി എംഎല്‍എമാരെ തൃപ്തിപ്പെടുത്താനാണ്.

താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട് വിദഗ്ധസമിതിയുടെയും കമീഷനുകളുടെയും റിപ്പോര്‍ട്ടുകളെല്ലാം ഇതിനായി അട്ടിമറിച്ചു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് കൊടുവള്ളി, കുന്ദമംഗലം, പയ്യന്നൂര്‍ താലൂക്ക് രൂപീകരണം. ഇതൊന്നും മന്ത്രി ഗൗനിച്ചില്ല. മന്ത്രി ഗണേശ്കുമാര്‍ പറഞ്ഞതനുസരിച്ച് പത്തനാപുരം താലൂക്ക് അനുവദിച്ചു. എന്നാല്‍, പത്തനാപുരം താലൂക്ക് നിലവിലുണ്ട്. ഇത് വിഭജിക്കുമെന്നാണോ മന്ത്രി ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് വ്യാഴാഴ്ചയും മറുപടിയുണ്ടായില്ല. പ്രതിപക്ഷ എംഎല്‍എ പി ടി എ റഹിം പ്രതിനിധാനംചെയ്യുന്ന കൊടുവള്ളി ആസ്ഥാനമായി നിലവില്‍ സബ്താലൂക്കുണ്ട്. സംസ്ഥാനത്തെ ഏക സബ്താലൂക്കാണിത്. പ്രതിപക്ഷ എംഎല്‍എയുടെ മണ്ഡലത്തിലായി എന്ന കാരണത്താല്‍ കൊടുവള്ളിയെ അവഗണിച്ചു. പകരം താമരശേരിയെ ഉള്‍പ്പെടുത്തി. സര്‍ക്കാരിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ നാലാമതുള്ളതാണ് പയ്യന്നൂര്‍ താലൂക്ക്. എല്ലാ റിപ്പോര്‍ട്ടിലും പയ്യന്നൂര്‍ താലൂക്ക് എടുത്തുപറയുന്നു. കുന്ദംകുളം, ഏറ്റുമാനൂര്‍ ഉള്‍പ്പെടെ സാധ്യതാലിസ്റ്റിലുള്ള മറ്റുള്ളവയും തഴഞ്ഞു. പുതിയ കോളേജ് പ്രഖ്യാപനത്തില്‍ അവ്യക്തതകള്‍ ഏറെ. പ്രഖ്യാപിച്ച കോളേജുകള്‍ സര്‍ക്കാര്‍മേഖലയിലാണോ സ്വകാര്യ മേഖലയിലാണോ എന്ന് വ്യക്തമല്ല. കോളേജുകള്‍ക്ക് സ്ഥലം എവിടെ എന്ന ചോദ്യത്തിന്, അത് ആവശ്യക്കാര്‍ കണ്ടെത്തുമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഇതിനര്‍ഥം സ്വകാര്യമേഖലയില്‍ ലേലം വിളിക്കുള്ള അവസരമൊരുക്കുമെന്നാണ്. സര്‍ക്കാര്‍- എയ്ഡഡ് കോളേജ് ഇല്ലാത്ത മണ്ഡലങ്ങളില്‍ സമാനസ്വഭാവമുള്ള കോളേജ് അനുവദിക്കുമെന്നാണ് വ്യാഴാഴ്ച മന്ത്രി നിയമസഭയില്‍ പറഞ്ഞത്

deshabhimani 220313

No comments:

Post a Comment