Monday, March 11, 2013

യുഡിഎഫ് ഭരണത്തില്‍ പൊലീസ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നു


സംസ്ഥാനത്ത് യു ഡി എഫ് ഭരണത്തില്‍ പൊലീസ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നു.  കോഴിക്കോട് ജില്ലയില്‍ മാത്രം അടുത്തിടെ നാല് ജീവനുകളാണ് പൊലീസിന്റെ തെറ്റായ നടപടികള്‍ കാരണം പൊലിഞ്ഞത്.

പൊലീസിന്റെ ഹെല്‍മറ്റ് വേട്ടയെ തുടര്‍ന്ന് നഗരത്തില്‍ രണ്ട് യുവാക്കള്‍ ദാരുണമായി കൊല്ലപ്പെട്ടത് ശനിയാഴ്ച രാത്രിയാണ്.  രണ്ട് കുടുംബങ്ങളുടെ ആശ്രയമായിരുന്നു ഈ  ചെറുപ്പക്കാര്‍.
മീഞ്ചന്ത-അരയിടത്തുപാലം ബൈപ്പാസില്‍ തിരുവണ്ണൂരിനടുത്ത് കുറ്റിയില്‍ പടി ജംഗ്ഷനില്‍  ശനിയാഴ്ച  രാത്രി ഒമ്പതോടെയായിരുന്നു അപകടം. അരക്കിണര്‍ സ്വദേശി പറമ്പത്ത് കാവില്‍ ഹരിദാസന്റെ മകന്‍ രാജേഷ് (36), അരീക്കാട് ഉള്ളിശ്ശേരികുന്ന് ചെമ്മലശ്ശേരി പറമ്പില്‍ പനയങ്കണ്ടി വേലായുധന്റെ മകന്‍ മഹേഷ് (28) എന്നിവരാണ് മരിച്ചത്. പൊലീസ് അപ്രതീക്ഷിതമായി കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ ബൈക്കിനെ പൊലീസ് പിന്തുടര്‍ന്നപ്പോള്‍  ബൈക്ക് നിയന്ത്രണം വിട്ട് കെ എസ് ആര്‍ ടി സി ബസ്സിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിനടിയിലേക്ക് തെറിച്ചുവീണ യുവാക്കള്‍ തല്‍ക്ഷണം മരണമടഞ്ഞു.  അപകടകരമാവുന്ന രീതിയില്‍ ഹെല്‍മറ്റ് പരിശോധന നടത്തരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പലപ്പോഴും അതൊന്നും കാര്യമാക്കാതെയാണ് പൊലീസ് നടപടി.

സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്ത് വന്ന നാട്ടുകാരുടെ നേരെയും മൃഗീയ അക്രമമാണ് പൊലീസ് നടത്തിയത്.   ക്രമസമാധാനം പാലിക്കേണ്ട പൊലീസുകാര്‍ പ്രദേശത്ത് അഴിഞ്ഞാടുകയായിരുന്നു. നിരവധി ഇരുചക്രവാഹനങ്ങളാണ് പൊലീസ് തല്ലിത്തകര്‍ത്തത്.  പൊലീസിന്റെ ഹെല്‍മറ്റ് വേട്ടയെ തുടര്‍ന്ന് അതിദാരുണമായി കൊല്ലപ്പെട്ട മഹേഷ്, രാജേഷ് എന്നിവരുടെ മരണത്തിനുത്തരവാദികളായ പൊലീസുദ്യോഗസ്ഥരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. പന്നിയങ്കര സബ്ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റിയ നടപടി മാത്രം പോര  കൊലക്കുറ്റത്തിന് കേസെടുത്ത് അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ജനങ്ങള്‍ക്ക്  സംരക്ഷണം നല്‍കേണ്ട പൊലീസുകാര്‍ ജനങ്ങള്‍ക്കാകെ ഭീഷണിയായി മാറിയ നിരവധി കാഴ്ചകളാണ് ജില്ലയില്‍ അടുത്തിടെ ഉണ്ടായിട്ടുള്ളത്.    കോഴിക്കോട് കസബ പൊലീസിന്റെ അതിക്രമത്തിനിരയായ ജയാനന്ദന്‍ എന്ന ബസ് കണ്ടക്ടര്‍ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമാണ്.  പയ്യോളിയിലെ സനല്‍രാജിന്റെ ദുരൂഹ മരണം കോഴിക്കോട് ക്രൈം ബ്രാഞ്ച് പൊലീസിന്റെ പീഡനം മൂലമായിരുന്നു.

പൊലീസ് പീഡനത്തെത്തുടര്‍ന്നാണ്   ഒഴുക്കര പാലക്കോട്ടുവയല്‍ കിഴക്കേടത്ത് പരേതനായ കൃഷ്ണന്‍കുട്ടിനായരുടെ മകന്‍ ജയാനന്ദന്‍ ആത്മഹത്യ ചെയ്തത്. വീടിനോട് ചേര്‍ന്ന് കിണറിന്റെ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു ഇയാളെ. ബസില്‍ നിന്ന് ഒരു രൂപയുടെ രണ്ട് നാണയങ്ങള്‍ ഒട്ടിച്ച് അഞ്ചുരൂപയെന്ന് വ്യാജേന നല്‍കിയെന്നാരോപിച്ചാണ് കസബ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇയാളെ ചോദ്യം ചെയ്തത്. തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. പൊലീസ് പീഡനത്തെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഇയാള്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നു. ഈ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

ബി ജെ പി പ്രവര്‍ത്തകന്‍ പയ്യോളിയിലെ  മനോജ് കൊല്ലപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ച സി പി എം പ്രവര്‍ത്തകന്‍ സനല്‍ രാജിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിട്ട്  അധികനാളായിട്ടില്ല. മനോജ് വധവുമായി ബന്ധപ്പെട്ട് ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും സനലിനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ ഉള്‍പ്പെടാതിരുന്നിട്ടും തന്നെ ഇടയ്ക്കിടെ പൊലീസ് വിളിപ്പിക്കുന്നതില്‍ സനല്‍ ദുഃഖിതനായിരുന്നു. സനല്‍ രാജിന്റെ മരണത്തിന് ഉത്തരവാദി ക്രൈം ബ്രാഞ്ച് ആണെന്ന് സി പി എം ആരോപിക്കുന്നു. ബി ജെ പി പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് ലോക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സനല്‍രാജിനെ 14 ദിവസം ക്രൂരമായി പീഡിപ്പിക്കുകയുണ്ടായി. തെളിവ് ലഭിക്കാത്തിനെ തുടര്‍ന്ന് അദ്ദേഹത്തെ വിട്ടയച്ചു.  പിന്നീട് ക്രൈംബ്രാഞ്ച് സംഘവും സനലിനെ വിളിച്ചു വരുത്തി പീഡിപ്പിച്ചതായാണ് ആരോപണം. ഇതിന്റെ തുടര്‍ച്ചയായാണ് ഇദ്ദേഹത്തിന്റെ മരണം. ചെറിയ സംഭവങ്ങളില്‍ പോലും പൊലീസ് നടത്തുന്ന ക്രൂരമായ ഇടപെടലുകളാണ്  പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്.

janayugom 110313

No comments:

Post a Comment