Monday, March 11, 2013

പാട്ടും പാടി പൂജ ഉത്തരമെഴുതും; സഹായിയില്ലാതെ


തൃശൂര്‍: പാട്ടുപോലെ എളുപ്പമല്ല പൂജയ്ക്ക് പഠനം. എങ്കിലും പരീക്ഷപ്പേടി ഒട്ടുമില്ല. മൂളിപ്പാട്ടിന്റെ ഈണത്തിനൊപ്പം പാഠഭാഗങ്ങള്‍ വായിക്കാനാണ് അവള്‍ക്കിഷ്ടം. വഴങ്ങാത്ത അക്ഷരങ്ങളെ വഴിയില്‍ വിട്ട് കൈയെത്തിപ്പിടിക്കാവുന്നവയെമാത്രം ചേര്‍ത്തുപിടിച്ചാണ് ഈ പത്താംക്ലാസുകാരി പരീക്ഷാഹാളിലെത്തുക. ഓട്ടിസത്തെ പാട്ടുകൊണ്ട് തോല്‍പ്പിച്ച പൂജ രമേശ് തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എസ്എസ്എല്‍സി പരീക്ഷാഹാളിലേക്ക് തിങ്കളാഴ്ച പേടിയില്ലാതെ കയറിച്ചെല്ലും. സഹായിയില്ലാതെയാണ് പൂജ പരീക്ഷയെഴുതുന്നത്. ചോദ്യപേപ്പര്‍ വ്യാഖ്യാനിക്കാന്‍ കൂടെ തെരേസ ടീച്ചറുണ്ടാകും. പാട്ടിന്റെ വരികളോര്‍ത്തുവയ്ക്കുംപോലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും പൂജ മനസ്സില്‍ കുറിച്ചിടും. ഇത് പകര്‍ത്താന്‍ ആരുടെയും സഹായം വേണ്ട. മറ്റു വിദ്യാര്‍ഥികളെപ്പോലെ വിശദീകരിച്ച് എഴുതാനാകില്ലെങ്കിലും പോയിന്റുകള്‍ കുറിക്കാന്‍ മടിയില്ല. ചോദ്യനമ്പര്‍ എഴുതാനും ചോദ്യങ്ങള്‍ വ്യാഖ്യാനിച്ച് നല്‍കാനും അല്‍പ്പം സഹായം മാത്രം മതി. സാധാരണ വിദ്യാര്‍ഥികളുടെ സിലബസ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് പഠിക്കാന്‍ ബുദ്ധിമുട്ടാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാനും സമയബന്ധിതമായി പരീക്ഷ പൂര്‍ത്തിയാക്കാനും കഴിയില്ല. കുട്ടികളുമായി ഇടപഴകാനും പ്രയാസം. തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഇത് ഏറെക്കുറെ മറികടക്കാമെന്ന് തെരേസ ടീച്ചര്‍ പറഞ്ഞു.

നേഴ്സറി മുതല്‍ മോഡല്‍ ഗേള്‍സ് സ്കൂളിലാണ് പൂജ പഠിച്ചത്. പ്രധാനാധ്യാപിക പി ഡി ലതയുടെയും തെരേസ ടീച്ചറിന്റെയും കൂട്ടുകാരുടെയും പിന്തുണയെപ്പറ്റി പറയാന്‍ അമ്മ സുജാതയ്ക്കും അച്ഛന്‍ വി എസ് രമേശിനും നൂറുനാവ്. പേരാമ്പ്ര അപ്പോളോ ടയേഴ്സില്‍ ടെക്നിക്കല്‍ മാനേജരാണ് രമേശ്. ടെന്‍ഷനാകേണ്ടെന്ന് കരുതി പരീക്ഷക്കാലത്ത് പഠിപ്പിക്കുന്നത് അല്‍പ്പം കുറച്ചിരിക്കയാണെന്ന് പൂജയുടെ അമ്മ സുജാത. സംഗീതത്തിന്റെ വഴികളിലാണ് പൂജ. പഠനത്തേക്കാള്‍ താല്‍പ്പര്യവും സംഗീതത്തോട്. പൂങ്കുന്നം ചക്കാമുക്ക് എകെജി ലെയ്നില്‍ വി കൃഷ്ണ ഗോപിനാഥിന്റെ കീഴില്‍ നാല് വര്‍ഷമായി ശാസ്ത്രീയസംഗീതം അഭ്യസിക്കുന്നു. കല പരശുരാമന്റെ കീഴില്‍ അഷ്ടപദിയും പഠിക്കുന്നു. പൂജയുടെ പാട്ടുകളുടെ സിഡി സ്കൂള്‍ അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. ഓട്ടിസം ബാധിതരായ പി വി സൗമ്യ, കെ ജി കീര്‍ത്തി, ഹെലന്‍ വത്സന്‍ എന്നിവരും പൂജയ്ക്കൊപ്പം മോഡല്‍ ഗേള്‍സില്‍ എസ്എസ്എല്‍സി എഴുതുന്നുണ്ട്. നാലുപേര്‍ക്കും പരീക്ഷയെഴുതാന്‍ സഹായിയില്ല. ചോദ്യപേപ്പര്‍ വ്യാഖ്യാനിക്കാന്‍ അധ്യാപകരുടെ സഹായമുണ്ടാകും.
(ഡെസ്നി സുല്‍ഹ്)

deshabhimani 110313

No comments:

Post a Comment