Monday, March 11, 2013

'വീണ്ടെടുപ്പ്' സാഹിത്യകാരന്മാര്‍ക്ക് പുതിയ സംഘടന


തൃശൂര്‍: ഒപ്പംകൂട്ടാവുന്നവരെയെല്ലാം ചേര്‍ത്ത് സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് പുതിയ സംഘടനയ്ക്ക് രൂപം നല്‍കി. ഇതൊരു മധുരപ്രതികാരം കൂടിയായിട്ടാവണം തന്നെ പുറത്തെറിഞ്ഞ സാഹിത്യ അക്കാദമിയുടെ അകത്തളത്തില്‍ വച്ച് പ്രതിഷേധത്തിന്റെ നയം പറയുന്ന 'വീണ്ടെടുപ്പ്' എന്ന സംഘടനക്ക് രൂപം നല്‍കിയത്.

സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായിരിക്കെ ഭരണസമിതിയില്‍ നിന്നും പുറത്താക്കിയതിന്റെ പ്രതികാരവും പ്രശ്‌നത്തില്‍ ഇടപെടാതിരുന്ന താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ മൗനത്തിനെതിരെയുള്ള പ്രതിഷേധവുമാണ് പുതിയ സംഘടനയുടെ പ്രേരകശക്തി. വടക്കേടത്തിനോടൊപ്പം അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്ന കെ രഘുനാഥും പുതിയ സംഘടനയുടെ രൂപീകരണത്തിലുണ്ട്. സാഹിത്യ അക്കാദമിയില്‍ ഇന്നലെ ചേര്‍ന്ന വീണ്ടെടുപ്പിന്റെ പ്രഥമ യോഗത്തില്‍ അറുപതോളം എഴുത്തുകാരാണ് ഒത്തു ചേര്‍ന്നത്. സാഹിത്യ അക്കാദമി ഭരണസമിതിക്കും സാംസ്‌കാരിക വകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചത്.

മരിച്ചു പോയ എഴുത്തുകാരോട് പോലും സാഹിത്യ അക്കാദമി അനീതി തുടരുകയാണ്. സി വി രാമന്‍പിള്ളക്ക് പകരം സി വി രാമനെന്ന് ചേര്‍ത്ത അക്കാദമിയുടെ തിരിച്ചറിവില്ലായ്മയാണ്. ഇക്കഴിഞ്ഞ പുസ്തകോല്‍സവത്തില്‍ സാഹിത്യത്തിന് പകരം സിനിമ ചര്‍ച്ച ചെയ്യപ്പെട്ടതും വീണ്ടെടുപ്പില്‍ വിമര്‍ശന വിധേയമായി.

ഇന്നലെ നടന്ന യോഗത്തിന്റെ ആദ്യാവസാനംവരെ അക്കാദമിയിലെ രാഷ്ട്രീയ ഇടപെടലും എഴുത്തുകാരനെ പിന്നാമ്പുറത്തേക്ക് തള്ളുന്ന നീതി നിഷേധത്തിനുമെതിരെയായിരുന്നു ചര്‍ച്ച. എഴുത്തുകാരന്റെ ആത്മാഭിമാനം കവരാന്‍ രാഷ്ട്രീയ-മത സംഘടനകള്‍ മത്സരിക്കുകയാണെന്നും അവര്‍ എഴുത്തുകാരെ വിഭജിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ഒ വി വിജയന്റെ പ്രതിമ നശിപ്പിക്കാന്‍ ശ്രമിച്ച സാമൂഹ്യശക്തികള്‍ക്കെതിരെ യോഗം പ്രതിഷേധിച്ചു. സംഭവത്തിനിടെ ഒ വി വിജയന്റെ പേരിനുപകരം എം എന്‍ വിജയനെന്ന് ചില മാധ്യമങ്ങള്‍ തെറ്റായി നല്‍കിയതിനെയും വിമര്‍ശിച്ചു.

എഴുത്തുകാരന്റെ സ്വാതന്ത്ര്യവും എഴുത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുമാണ് പ്രധാനമെന്ന പ്രമേയത്തിലൂന്നിയായിരുന്നു വീണ്ടെടുപ്പിന്റെ സംഘടനാ രൂപീകരണ ചര്‍ച്ചകള്‍ മുന്നേറിയത്.
സ്വന്തം പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ എഴുത്തുകാര്‍ക്ക് അവസരം നിഷേധിക്കപ്പെടുകയാണെന്നും സാംസ്‌കാരികവേദികളില്‍ പോലും എഴുത്തുകാരെ പിന്‍നിരയിലേക്കു തള്ളിമാറ്റുന്ന പ്രവണതയുണ്ടെന്നും യോഗം വിലയിരുത്തി.രാഷ്ട്രീയ നിറവും ചായ്‌വുമുള്ള എഴുത്തുകാരുടെ സംഘടനകള്‍ ഉണ്ടെങ്കിലും എഴുത്തിനെയും സാഹിത്യത്തെയും സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ തുറന്നുചര്‍ച്ചചെയ്യുന്നതിനുള്ള വേദയായാണ് പുതിയ സംഘടനയെന്നും അതിന് രാഷ്ട്രീയ നിറമില്ലെന്നും ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. മെയ് ആദ്യവാരത്തില്‍ എഴുത്തുകാരുടെ ക്യാമ്പ് സംഘടിപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനമായി. വീണ്ടെടുപ്പിന് പിന്നില്‍ ബാലചന്ദ്രന്‍ വടക്കേടത്തും കെ രഘുനാഥനുമാണെങ്കിലും പുതിയ സംഘടനയുടെ ഭാരവാഹികളില്‍ ഇരുവരും ഇല്ലെന്നതും ശ്രദ്ധേയമാണ്.

എം ജി ബാബുവിനെയാണ് സംഘടനയുടെ താല്‍ക്കാലിക കണ്‍വീനറായി ചുമതലപ്പെടുത്തിയത്. അഷ്ടമൂര്‍ത്തി, എന്‍ രാജന്‍, സി ടി വില്യം, കെ ആര്‍ ടോണി, മാധവി മേനോന്‍, എ ജെ ജോയി, എം ബി ബിനോയ്, വി എം എച്ച് അബ്ദുള്‍സമദ്, പ്രിന്‍സാ പുലരി, ആര്‍ സദാനന്ദന്‍ പിള്ള, ദേവസി ചിറമെല്‍, പി എ ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

janayugom 110313

No comments:

Post a Comment