ടി പി ചന്ദ്രശേഖരന്‍ കേസില്‍ 14 സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗം കോടതിയില്‍ അപേക്ഷ നല്‍കി. ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസര്‍, മൂന്നു ദിനപത്രങ്ങളുടെ എഡിറ്റര്‍മാര്‍, കെഎസ്ഇബി എന്‍ജിനിയര്‍മാര്‍ എന്നിവരടങ്ങുന്നതാണ് സാക്ഷിപ്പട്ടിക. പ്രതിഭാഗം നേരിട്ട് ഹാജരാക്കുന്ന മൂന്നുസാക്ഷികളെ 24ന് വിസ്തരിക്കും. സമന്‍സ് അയച്ച് വിളിച്ചുവരുത്തേണ്ട മറ്റുസാക്ഷികളെ വിസ്തരിക്കുന്ന കാര്യത്തില്‍ 23ന് തീരുമാനമെടുക്കുമെന്ന് പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍ നാരായണ പിഷാരടി അറിയിച്ചു. ഇതുസംബന്ധിച്ച് അന്ന് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേള്‍ക്കും.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് പി മോഹനന്‍ 2012 ഏപ്രില്‍ രണ്ടിന് ഒഞ്ചിയത്ത് പാര്‍ടി കോണ്‍ഗ്രസ് ദീപശിഖാ ജാഥയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് തെളിയിക്കാനുള്ള സാക്ഷികളെ 24ന് വിസ്തരിക്കുന്നതില്‍പ്പെടും. ദീപശിഖാ ജാഥയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ഒഞ്ചിയം പുതുക്കുടി മീത്തല്‍ പി എം ഭാസ്കരന്‍, ചടങ്ങില്‍ സ്വാഗതം പറഞ്ഞ കണ്ണൂക്കര "ചാരുത"യില്‍ വി പി ഗോപാലകൃഷ്ണന്‍, എം കെ ടൂവീലര്‍ റിപ്പയര്‍ സെന്റര്‍ ഉടമ തലശേരി തൂവക്കുന്ന് വലിയപറമ്പത്ത് വീട്ടില്‍ എം പ്രസാദന്‍ എന്നിവരെയാണ് 24ന് വിസ്തരിക്കുക. പ്രതികളൂടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച മൂന്നുപത്രങ്ങളുടെ എഡിറ്റര്‍മാരെ വിസ്തരിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേരള കൗമുദി മാനേജിങ് എഡിറ്റര്‍ ദീപു രവി, മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ഫിലിപ്പ് മാത്യു, മാതൃഭൂമി എഡിറ്റര്‍ എം കേശവമേനോന്‍ എന്നിവരാണിവര്‍. പ്രതിഭാഗം 24 രേഖകളും ഹാജരാക്കിയിട്ടുണ്ട്. ദീപശിഖാ ജാഥയുടെ 17 ചിത്രങ്ങളും അവയുടെ സിഡിയും വിവരാവകാശ നിയമപ്രകാരമുള്ള ആറുരേഖകളുമാണിവ.
കേസില്‍ 31-ാം പ്രതിയായി ചേര്‍ത്ത ലംബു പ്രദീപനെ 2012 മെയ് 15ന് അറസ്റ്റ് ചെയ്തുവെന്നും അന്ന് പകല്‍ ഒന്നിന് തലശേരി ഡിവൈഎസ്പി ഓഫീസില്‍ നല്‍കിയ കുറ്റസമ്മതമൊഴി പ്രകാരമാണ് വാളുകള്‍ കണ്ടെടുത്തതെന്നും ഡിവൈഎസ്പി എ പി ഷൗക്കത്തലി മൊഴി നല്‍കിയിരുന്നു. അന്ന് ഷൗക്കത്തലി ഡിവൈഎസ്പി ഓഫീസില്‍ എത്തിയില്ലെന്ന് തെളിയിക്കുന്നതിനാവശ്യമായ അദ്ദേഹത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഹാജരാക്കാനാണ് ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസറെ വിസ്തരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. വള്ളിക്കാട്- ഓര്‍ക്കാട്ടേരി ഭാഗങ്ങളില്‍ 2012 മെയ് നാലിന് രാത്രി ഒമ്പതിനും ഒമ്പതരയ്ക്കും ഇടയില്‍ ലോഡ് ഷെഡിങ്ങാണെന്ന് തെളിയിക്കുന്നതിന് മുട്ടുങ്ങല്‍ കെഎസ്ഇബി അസി. എന്‍ജിനിയര്‍, സിപിഐ എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന ഭാഗത്ത് 2012 മെയ് അഞ്ചിന് രാത്രി എട്ടരയ്ക്കും ഒമ്പതിനും ഇടയില്‍ ലോഡ് ഷെഡിങ്ങാണെന്ന് തെളിയിക്കുന്നതിന് കുത്തുപറമ്പ് 66 കെവി സബ് സ്റ്റേഷന്‍ അസി. എന്‍ജിനിയര്‍, 11-ാം സാക്ഷി ഇ കെ ഷിജില്‍ ആര്‍എംപി യൂത്ത് വിങ് ഭാരവാഹിയാണെന്ന് തെളിയിക്കുന്നതിന് ഏറാമല ഗ്രാമപഞ്ചായത്ത് സെക്രട്ടറി, രണ്ടാംസാക്ഷി ദിനേശ്കുമാര്‍ ആര്‍എംപി സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റാണെന്ന് തെളിയിക്കുന്നതിന് ചോറോട് ഗ്രാമപഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍, മുട്ടുങ്ങല്‍ കുന്നുമ്മലിലെ വാസു, 126-ാം സാക്ഷി സുരേഷ്ബാബു 2012 ഏപ്രില്‍ രണ്ടിന് വെള്ളികുളങ്ങര കോ- ഓപ്പറേറ്റീവ് മില്‍ക് സപ്ലൈ സൊസൈറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന് സൊസൈറ്റി സെക്രട്ടറി, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പൂജാവിധികളെ സംബന്ധിച്ച പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം ഖണ്ഡിക്കാന്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരെയും വിസ്തരിക്കണമെന്ന് അപേക്ഷയില്‍ പറഞ്ഞു. സമന്‍സ് രജിസ്ട്രേഡ് തപാലിലോ കോടതി നിശ്ചയിക്കുന്ന പ്രതിനിധി മുഖേനയോ സാക്ഷികള്‍ക്ക് കൈമാറണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ സി ശ്രീധരന്‍നായര്‍, കെ വിശ്വന്‍, പി ശശി എന്നിവര്‍ ഹാജരായി.
deshabhimani
No comments:
Post a Comment