കോടികളുടെ വെട്ടിപ്പ് ലക്ഷ്യമിട്ട് പൊതുമരാമത്ത് വകുപ്പില്‍ വീണ്ടും ക്വട്ടേഷന്‍ കരാര്‍ സമ്പ്രദായം നടപ്പാക്കുന്നു. ടെന്‍ഡര്‍ വിളിക്കാതെ കോടിക്കണക്കിനു രൂപയുടെ മരാമത്ത് പ്രവൃത്തികള്‍ വേണ്ടപ്പെട്ട കരാറുകാര്‍ക്ക് നേരിട്ടേല്‍പ്പിക്കാനാണ് ക്വട്ടേഷന്‍ പരിപാടി. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ വന്‍ അഴിമതിയാണ് ക്വട്ടേഷന്‍ പ്രവൃത്തികളുടെ മറവില്‍ അരങ്ങേറിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവൃത്തി ക്വട്ടേഷന്‍ നല്‍കുന്നത് നിര്‍ത്തലാക്കി. ഇത് പുനഃസ്ഥാപിക്കാനാണ് പൊതുമരാമത്ത് തീരുമാനം. വകുപ്പുമന്ത്രി നേരിട്ട് ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
മുസ്ലിംലീഗ് ഉന്നതരും ക്വട്ടേഷന്‍ പ്രവൃത്തികള്‍ ഏല്‍പ്പിച്ചുകൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. അടിയന്തര അറ്റകുറ്റപ്പണി എന്ന പേരിലാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ റോഡ് പ്രവൃത്തി അടക്കമുള്ള മരാമത്ത് ജോലികള്‍ ക്വട്ടേഷന്‍ സംവിധാനത്തില്‍ സ്വന്തക്കാരായ കരാറുകാര്‍ക്ക് വീതംവച്ചത്. കരാര്‍തുകയുടെ 30 മുതല്‍ 40 ശതമാനംവരെയാണ് ക്വട്ടേഷന്‍ കിട്ടിയവര്‍ കമീഷനായി നല്‍കിയത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തില്‍ വീതംവച്ചു. ഈ ഏര്‍പ്പാട് പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി അടിയന്തര അറ്റകുറ്റപ്പണി ആവശ്യമുള്ള റോഡുകളുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ മന്ത്രി ഓഫീസില്‍നിന്ന് ജില്ലകളിലെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി തോമസ് ഐസക് നേരിട്ടിടപെട്ടാണ് ക്വട്ടേഷന്‍ ഏര്‍പ്പാട് തടഞ്ഞത്. കരാറുകാരുടെ കുടിശ്ശിക തുക അതിഭീമമായി പെരുകിയത് കണ്ട് നടത്തിയ അന്വേഷണത്തില്‍ ടെന്‍ഡര്‍ ഇല്ലാതെ നല്‍കിയ പ്രവൃത്തികളുടെ തുകയാണിതെന്ന് കണ്ടെത്തി. മൂന്ന് വര്‍ഷത്തെ കുടിശ്ശിക നല്‍കാനുണ്ടായിരുന്നു. അന്നത്തെ പൊതുമരാമത്ത് മന്ത്രി എം കെ മുനീര്‍ റോഡ് അടക്കമുള്ള മരാമത്ത് പ്രവൃത്തികള്‍ നടത്തിയതിന്റെ പേരില്‍ നിരവധി വിജിലന്‍സ് കേസുകളെയാണ് അഭിമുഖീകരിക്കുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് വിജിലന്‍സ് കേസുകളെ അതിജീവിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മുസ്ലിംലീഗ് കൈകാര്യംചെയ്യുന്ന വകുപ്പില്‍ വീണ്ടും നേരിട്ട് കരാര്‍ ഏല്‍പ്പിക്കാനുള്ള നീക്കം ത്വരിതപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്ത് കലിതുള്ളിയ കാലവര്‍ഷത്തില്‍ റോഡുകളെല്ലാം തകര്‍ന്നിട്ടും റീടാറിങ്ങിനുള്ള സത്വര നടപടികള്‍ ആരംഭിക്കാത്തതും ഈ നീക്കത്തിന്റെ ഭാഗമാണെന്നാണ് വിവരം. റോഡുകള്‍ പൂര്‍ണമായും തകര്‍ന്ന് ഗതാഗതം സ്തംഭിക്കുമ്പോള്‍ ജനതാല്‍പ്പര്യത്തിന്റെ പേരില്‍ ക്വട്ടേഷനുമായി രംഗത്തുവരാനാണ് കണക്കുകൂട്ടുന്നത്. ക്വട്ടേഷന്‍ പ്രവൃത്തികളില്‍ ഗുണമേന്മ സംബന്ധിച്ച് ഒരു ഉറപ്പും കരാറുകാരില്‍നിന്ന് ലഭിക്കില്ല. അടിയന്തര സാഹചര്യങ്ങളിലാണ് ടെന്‍ഡര്‍ ഇല്ലാതെ പ്രവൃത്തി നല്‍കിയിരുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വിവിഐപി പരിഗണനയുള്ളവര്‍ സംസ്ഥാനത്തെത്തുമ്പോള്‍ സുരക്ഷ മുന്‍ നിര്‍ത്തി അവര്‍ സഞ്ചരിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണിമാത്രമേ ഇങ്ങനെ നടത്താന്‍ പാടുള്ളൂ. കോടികളുടെ തുകയ്ക്കുള്ള റോഡ് ടാറിങ്ങുകള്‍ ടെന്‍ഡര്‍ ഇല്ലാതെ നല്‍കിയാല്‍ ആകെ തുകയില്‍ പകുതിയുടെ പ്രവൃത്തിയേ റോഡില്‍ ഉണ്ടാകൂ എന്ന് കരാറുകാരും സമ്മതിക്കുന്നു.
(എം വി പ്രദീപ്)
deshabhimani
No comments:
Post a Comment