Saturday, September 14, 2013

നീതിയുടെ തെളിച്ചം ഈ പെണ്‍കുട്ടിക്ക് ഇനിയും അകലെ...

കാരാഗൃഹവാസം പോലെ നീണ്ട പതിനേഴുവര്‍ഷങ്ങള്‍... അതിനിടയില്‍ ഇവളും മാതാപിതാക്കളും ഒഴുക്കിയ കണ്ണീരിന് കണക്കില്ല. ഇവളെ കേരളം പേരിട്ടു വിളിച്ചു..സൂര്യനെല്ലി പെണ്‍കുട്ടി. സ്വന്തം പേരു പോലും നഷ്ടപ്പെട്ട് നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇപ്പോഴും തുടരുന്ന സൂര്യനെല്ലി കേസിലെ ഇര സമൂഹ മനസാക്ഷിക്ക് മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യം: "എന്തേ അവള്‍ക്ക് നീതി വൈകുന്നു... ?.

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് ഒന്‍പതു മാസം കൊണ്ട് നീതി ഉറപ്പാക്കിയ നീതിപീഠത്തിന് മുന്നില്‍ സൂര്യനെല്ലി പെണ്‍കുട്ടി ചോദ്യചിഹ്നമാണ്. അറിവില്ലാത്ത പ്രായത്തിലാണ് ഈ പെണ്‍കുട്ടി ചതിയില്‍പ്പെട്ടത്. അന്ന് അവള്‍ മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി. 1996 ജനുവരി 16ന് അവള്‍ സ്കൂളില്‍നിന്ന് വീട്ടില്‍ മടങ്ങിയെത്തിയില്ല. നാല്‍പതു ദിവസത്തിനു ശേഷം അവളെ കണ്ടുകിട്ടുന്നു. വെറും 16കാരിയായ ആ പെണ്‍കുട്ടി ഈ ദിവസങ്ങള്‍ക്കിടയില്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ കേട്ട് കേരളം ഞെട്ടി. പകല്‍വെളിച്ചത്തിലെ ആദര്‍ശധീരന്മാരായ ചില രാഷ്ട്രീയനേതാക്കളും മകളുടെ പോലും പ്രായമില്ലാത്ത പെണ്‍കുട്ടിയെ കാമവെറിക്ക് ഇരയാക്കി. എന്നാല്‍, ഇവരില്‍ പ്രമുഖരായ പലരും അധികാരത്തിന്റെ തണലില്‍ രക്ഷപ്പെടാന്‍ പഴുതുകള്‍ നേടി. അതില്‍ കുറേപേര്‍ വിജയിച്ചു. അവള്‍ക്ക് ജീവന്‍ ബാക്കി കിട്ടി. പക്ഷേ 40 ദിവസം കൊണ്ട് 42 പേര്‍ പിച്ചിച്ചീന്തിയ മൃഗീയതയുടെ ഇര. തെളിവുകള്‍ പലതും നിരത്തി. സ്വന്തം മകളെ സമൂഹം കാഴ്ചവസ്തുവാക്കിയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെട്ട ആ കുടുംബത്തിന് ഒടുവില്‍ സ്വന്തം നാടുപോലും ഉപേക്ഷിക്കേണ്ടി വന്നു. കുട്ടിയെ കാണാനില്ലെന്ന അച്ഛെന്‍റ പരാതി ലഭിച്ചപ്പോള്‍ വെറും മാന്‍ മിസിങ്&ൃെൂൗീ;കേസായാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് അവഗണിച്ചത്. എ കെ ആന്റണിയിയായിരുന്നു അന്ന് മുഖ്യമന്ത്രി. കേസന്വേഷണം വേണ്ട രീതിയില്‍ മുന്നേറിയില്ല. തുടര്‍ന്ന് നായനാര്‍ സര്‍ക്കാരാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. സൂര്യനെല്ലി കേസ് വിചാരണയ്ക്ക് കോട്ടയത്ത് പ്രത്യേക കോടതിയും രൂപീകരിച്ചു.

1996 നവംബര്‍ 16ന് പ്രവര്‍ത്തനം ആരംഭിച്ച കോടതി 2000 ആഗസ്തില്‍ വിചാരണ പൂര്‍ത്തിയാക്കി. സെപ്തംബര്‍ ആറിന് 35 പേര്‍ക്ക് ശിക്ഷയും വിധിച്ചു. നാലു വര്‍ഷത്തിനുശേഷം നീതിയുടെ ആശ്വാസം. പക്ഷേ ഹൈക്കോടതി വിധിയില്‍ ഇരയെ കൈവിട്ടു. അക്രമികള്‍ രക്ഷപ്പെട്ടു. മുഖ്യപ്രതി ധര്‍മരാജന് പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി അത് അഞ്ചു വര്‍ഷമാക്കി കുറച്ചു. 20 പ്രതികളെ വെറുതെ വിട്ടു. ഡല്‍ഹിയിലെ ദുരന്തത്തിനുശേഷം അലയടിച്ച പ്രതിഷേധ കൊടുങ്കാറ്റില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി ഉയര്‍ന്നു വന്നു. ഹൈക്കോടതി വിധിയെ കശക്കിയെറിഞ്ഞ സുപ്രീംകോടതി കേസ് വീണ്ടും കേള്‍ക്കാന്‍ ഹൈക്കോടതിയോട് ആജ്ഞാപിച്ചിരിക്കുകയാണ്. മാസങ്ങള്‍ പിന്നിട്ടു. ഡല്‍ഹിയിലെ പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപ്പെട്ടെങ്കില്‍ സൂര്യനെല്ലിയിലെ ഇര ജീവച്ഛവമായി കഴിയുകയാണ്. വിതുര കേസ് തുടങ്ങിയിട്ട് 18 വര്‍ഷങ്ങള്‍ പിന്നിട്ടു. പെണ്‍കുട്ടി പിന്‍മാറുകയാണ്; ഈ പോരാട്ടം ഇനി വയ്യ എന്ന മട്ടിലായ പോലെ; നീതി കണ്ണെത്താദൂരെ എന്ന പോലെയുള്ള, നിരാശബാധിച്ച പോലെ...
(കെ എസ് ഷൈജു)

deshabhimani

No comments:

Post a Comment