Saturday, September 14, 2013

മെഡിക്കല്‍ പിജി സീറ്റിന് 4 കോടി രൂപ

ചെന്നൈയിലെ പ്രസിദ്ധമായ ഒരു കോളജില്‍ മെഡിക്കല്‍ പിജി പ്രവേശനത്തിന് റേഡിയോളജി വിഭാഗത്തില്‍ സീറ്റു നേടാന്‍ വിദ്യാര്‍ഥി നല്‍കിയത് 4 കോടി രൂപ.  കെട്ടുകണക്കിന് പണവുമായി സീറ്റുനേടാന്‍ വിദ്യാര്‍ഥികളോടൊപ്പം വന്നിരുന്ന മാതാപിതാക്കള്‍ക്കിടയില്‍ സീറ്റു നേടാന്‍ വന്‍ ലേലം തന്നെയാണ് നടന്നത്. 25 ലക്ഷം രൂപ നല്‍കാന്‍ തയ്യാറായി വന്നവരെയും ഒരു കോടി നല്‍കാന്‍ തയ്യാറായി വന്നവരെയും മാറ്റി നിര്‍ത്തി 4 കോടി രൂപ നല്‍കിയാണ് ലേലത്തിലൂടെ ഒരു വിദ്യാര്‍ഥി ആ സീറ്റ് നേടിയത്.

ഇത് ചെന്നൈ കോളെജിലെ അവസ്ഥയാണെങ്കില്‍ ബംഗളുരു കോളജുകളിലും സ്ഥിത് വ്യത്യസ്ഥമല്ല. 3 കോടി മുതല്‍ 3.5 കോടി വരെയാണ് ഇവിടെ റേഡിയോളജി വിഭാഗത്തില്‍ എം ഡി സീറ്റിന് വാങ്ങുന്നത്. അതേസമയം അസ്ഥിരോഗ വിഭാഗത്തിലും ത്വക്ക് രോഗവിഭാഗത്തിലും ഒരു കോടി മുതല്‍ ഒന്നര കോടി വരെയാണ് സീറ്റിന്റെ വില. ശിശുരോഗ വിഭാഗത്തില്‍ 1.6 കോടിയാണ് വാങ്ങുന്നത്.
വീടും സ്ഥലവും വാങ്ങുന്നതിന് തുല്യമാണ് ഈ ലേലമെന്ന് മാതാപിതാക്കള്‍ പറയുന്നു. കൂടുതല്‍ പണം നല്‍കിയാല്‍ നല്ല വീടു കിട്ടും. അതുമാത്രമല്ല സമ്പന്നരായവര്‍ക്കു മാത്രമേ ചില കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കൂ. മികച്ച വിദ്യാര്‍ഥികളാണ് ഇത്തരം പ്രവണതയുടെ ഇരകളാകുന്നത്.

മെഡിക്കല്‍ ബിരുദത്തിനുശേഷം റേഡിയോളജിയില്‍ ബിരദാനന്തര ബിരുദം നേടാന്‍ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളാണ് മുന്നോട്ട് വരുന്നത്. എന്നാല്‍ ആകെയുള്ളത് 683 സീറ്റുകള്‍ മാത്രമാണ്. സീറ്റുകളുടെ അഭാവം ഓരോവര്‍ഷവും സീറ്റു നേടാനായി നല്‍കേണ്ട തുകയില്‍ വര്‍ധനവുണ്ടാക്കുന്നു.

കൂടുതല്‍ സീറ്റനുവദിച്ച് തരണമെന്ന് നിരന്തരമായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെടുന്നുവെങ്കിലും പ്രയോജനമില്ലെന്നതാണ് ഇതിനു കാരണമെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. കുറച്ചു കുട്ടികളെ കോഴ്‌സില്‍ പ്രവേശനം നല്‍കുമ്പോള്‍ അവരുടെ പരിശീലനത്തിന് ചെലവാകുന്ന തുക കണ്ടെത്താന്‍ മറ്റൊരു മാര്‍ഗ്ഗമില്ലെന്നാണ് പണം വാങ്ങുന്ന ഇത്തരം കോളജുകളുടെ വാദം.

എന്നാല്‍ രാജ്യത്തെ പൗരന്മാരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സ്ഥലത്ത് സാധാരണക്കാരായ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ പണമില്ലാത്തതിന്റെ പേരില്‍ മെഡിക്കല്‍ പ്രവേശന കോഴ്‌സുകള്‍ പോലെയുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേവലം പണപ്പിരിവു സ്ഥപനങ്ങളായി മാറുന്നുവെന്ന് കഴിഞ്ഞദിവസം സുപ്രിംകോടതിയുടെ പരാമര്‍ശമുണ്ടായിരുന്നു. പല മെഡിക്കല്‍ കോളജുകളിലും അവശ്യം വേണ്ട അധ്യാപകര്‍ പോലും ഇല്ലാത്ത സാഹചര്യത്തിലാണ് തലവരിപ്പണമായി ലക്ഷങ്ങള്‍ എണ്ണിവാങ്ങുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

janayugom

No comments:

Post a Comment