Saturday, September 14, 2013

ഉപരാഷ്ട്രപതിയുടെ ചടങ്ങ് വീണ്ടും വിവാദത്തില്‍

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സെനറ്റ് ഹാളില്‍ ശശി തരൂരിന് അവാര്‍ഡ് നല്‍കിയ ചടങ്ങ് വീണ്ടും വിവാദത്തില്‍. ചടങ്ങ് സംഘടിപ്പിച്ച സംഘടനയ്‌ക്കെതിരെ ഇന്റലിജന്റ്‌സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത്. സംഘടനയെ പറ്റി അഭിപ്രായമില്ലെന്നും വി വി ഐ പി ചടങ്ങിള്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്നുമായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടുകള്‍ അവഗണിച്ച് ഉപരാഷ്ട്രപതി ചടങ്ങില്‍ പങ്കെടുത്ത സാഹചര്യം ഉന്നതോദേ്യാഗസ്ഥര്‍ക്കും വ്യക്തമല്ല. കേന്ദ്രമന്ത്രി ശശി തരൂരിന് അവാര്‍ഡ് നല്‍കുന്നത് മാത്രമായിരുന്നു തിടുക്കത്തില്‍ അന്ന് തട്ടിക്കൂട്ടിയ ചടങ്ങ്. അതുകൊണ്ടുതന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പ് അവഗണിച്ച് ഉപരാഷ്ട്രപതി ഈ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നില്‍ അവാര്‍ഡ് ജേതാവിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നോയെന്നും സംശയിക്കുന്നുണ്ട്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വി വി ഐ പികള്‍ സ്വകാര്യ സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ ചടങ്ങില്‍ പങ്കെടുക്കണമെങ്കില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്‍കൂര്‍ വിവരശേഖരണം നടത്തിയ റിപ്പോര്‍ട്ട് നല്‍കണം. എന്നാല്‍ അവര്‍ വിവരം ശേഖരിച്ചു നല്‍കിയിട്ടും സര്‍ക്കാര്‍ അത് അവഗണിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കരുതെന്ന റിപ്പോര്‍ട്ടു നല്‍കിയിട്ടും ചടങ്ങില്‍ അദ്ദേഹം പങ്കടുത്തതും എങ്ങനെയാണെന്നും അത്ഭുതപ്പെടുകയാണ് രഹസ്യാന്വേഷണ വിഭാഗം.

ഉപരാഷ്ട്രപതിക്ക് സ്വാഗതമോതുന്ന കമാനത്തിലെ പിഴവ് ചൂണ്ടിക്കാണിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് തിരുത്തിയെങ്കിലും തുടര്‍ന്ന് താളപ്പിഴകളുടെ ഘോഷയാത്രയാണ് പരിപാടിയിലും സംഘാടനത്തിലും ആദ്യാവസാനം കണ്ടത്. സ്വകാര്യവ്യക്തികളുടെ സംഘടനയാണ് അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. അതുകൊണ്ട് തന്നെ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ണ് ഉടനീളം ഇവര്‍ക്കു മേലുണ്ടായിരുന്നു. ശ്രീ നാരായണ ധര്‍മസമിതി എന്ന സംഘടനയെ പറ്റി അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് അടക്കമുള്ള രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇതൊരു കടലാസില്‍ മാത്രമുള്ള സംഘടനയാണെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. സംഘടനയെ പറ്റിയോ പ്രവര്‍ത്തനങ്ങളെ കുറിച്ചോ ഇതുവരെ കേട്ടിട്ടില്ലെന്നും റിപ്പോര്‍ട്ട് നല്‍കി.
 എന്നാല്‍ ഇതെല്ലാം അവഗണിച്ചതിനു പിന്നില്‍  ഉന്നതരുടെ സ്വാധീനമുണ്ടായിരുന്നതായാണ് വിവരം. ആദ്യം പരിപാടി സംഘടിപ്പിക്കാനിരുന്ന സ്ഥലത്ത് സൗകര്യമില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ചടങ്ങ് സെനറ്റ് ഹാളില്‍ സംഘടിപ്പിച്ചത്.

janayugom

No comments:

Post a Comment