മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാട്ടിയതിന് പൊലീസ് ജനനേന്ദ്രിയം തകര്‍ത്ത കേസ് മുക്കാന്‍ സര്‍ക്കാര്‍ തട്ടിക്കൂട്ടിയത് വ്യാജ റിപ്പോര്‍ട്ട്. അക്രമത്തിനിരയായ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ ജയപ്രസാദ് ചികിത്സയില്‍ കഴിഞ്ഞ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ടറില്‍നിന്ന് മൊഴിപോലും എടുക്കാതെയാണ് റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയത്. പൊലീസിന് അനുകൂലമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് രൂപീകരിച്ച "വിദഗ്ധ"സംഘത്തിന്റെ വൈദഗ്ധ്യവും ചോദ്യം ചെയ്യപ്പെടുകയാണ്. തങ്ങള്‍ക്കനുകൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന വൈദഗ്ധ്യം മാത്രമാണ് ഈ സംഘത്തിനുള്ളതെന്നും ആരോപണമുയര്‍ന്നു. തട്ടിക്കൂട്ടിയ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ പേരില്‍ തന്നെ പ്രസിദ്ധീകരണത്തിന് നല്‍കിയതും ദുരൂഹമാണ്.
ജയപ്രസാദിന്റെ പൊതു ആരോഗ്യനില തൃപ്തികരമാണെന്നും ജനനേന്ദ്രിയത്തിന് ഏതെങ്കിലും തരത്തിലുള്ള ക്ഷതമോ മുറിവോ ഏറ്റതിന്റെ ലക്ഷണങ്ങളില്ലെന്നുമാണ് പരിശോധനാ റിപ്പോര്‍ട്ടെന്ന് പൊലീസ് മേധാവി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ നെഞ്ച്, മുതുക്, വലതുതോള്‍, വയറിന്റെ താഴെഭഭാഗം എന്നിവിടങ്ങളില്‍ ക്ഷതമേറ്റതായി റിപ്പോര്‍ട്ടിലുണ്ടെന്നും പൊലീസ് പത്രക്കുറിപ്പില്‍ പറയുന്നു.
തട്ടിക്കൂട്ടിയ റിപ്പോര്‍ട്ട് ആയിട്ടുപോലും ജയപ്രസാദിനേറ്റ മര്‍ദനത്തിന്റെ ഗൗരവം കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും നിസ്സാര വകുപ്പുകള്‍ പ്രകാരം മാത്രമാണ് പൊലീസ് കേസെടുത്തത്. അക്രമത്തിന് നേതൃത്വം കൊടുത്ത പൂന്തുറ ഗ്രേഡ് എസ്ഐ വിജയദാസിനെ സസ്പെന്‍ഡ് ചെയ്തുവെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ തയ്യറായിട്ടില്ല. പൊലീസ് തന്നെയാണ് ഇയാളെ ഒളിപ്പിച്ചുവെച്ചത്. ഈ റിപ്പോര്‍ട്ട് പുറത്തുവിട്ട ഉടനെ സ്റ്റേഷനില്‍ നിന്നുതന്നെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടാനാണ് നീക്കം. അതോടൊപ്പം സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള അണിയറ നീക്കവും തുടങ്ങി. ഇതിനായി ഭരണതലത്തില്‍ തന്നെ നിര്‍ദേശം നല്‍കിയതായാണ് വിവരം. കൂടാതെ വിജയദാസിനോടൊപ്പം അക്രമത്തില്‍ പങ്കാളികളായ പൊലീസുകാരെ പൂര്‍ണമായും കേസില്‍നിന്ന് ഒഴിവാക്കാനും ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ തന്നെ നിര്‍ദേശം നല്‍കി. ഇതിന്റെയെല്ലാം ഭാഗമായാണ് പൊലീസ് വ്യാജ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയത്. അതേസമയം, ക്രൂര മര്‍ദനത്തിനിരയായ ജയപ്രസാദിനെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനുള്ള കുറ്റം ഉള്‍പ്പെടെ ചാര്‍ത്തി ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതും. എന്നാല്‍, ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാണിച്ച ദിവസം ആനയറയില്‍ ഒരു പൊതുമുതലും നശിപ്പിച്ചിട്ടില്ല. എന്നിട്ടും കള്ളക്കേസ് എടുക്കുകയായിരുന്നു.
deshabhimani
No comments:
Post a Comment