ഭക്ഷ്യസുരക്ഷാ നിയമം ഒഴികെയുള്ള കാര്യങ്ങള്‍ക്ക് സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിവിലതന്നെ ഈടാക്കുന്ന സംവിധാനം നിലവില്‍ വരുമെന്നും സമിതി ചെയര്‍മാന്‍ സി രംഗരാജന്‍ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കിയശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2012-13 വര്‍ഷം മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 2.6 ശതമാനമായിരുന്നു സബ്സിഡി. ഈ സാമ്പത്തികവര്‍ഷം രണ്ടു ശതമാനമായിരിക്കും. 2015-16 ആകുമ്പോഴേക്ക് 1.6 ശതമാനമായി സബ്സിഡി കുറയ്ക്കും. ഭക്ഷ്യ സബ്സിഡി നിലനിര്‍ത്തും. എന്നാല്‍, ഇന്ധന സബ്സിഡി, രാസവളം സബ്സിഡി എന്നിവ ഈ കാലയളവില്‍ പൂര്‍ണമായും നിര്‍ത്തും. ഈ സാമ്പത്തികവര്‍ഷം ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് കൂടുതല്‍ സബ്സിഡി നല്‍കേണ്ടിവരില്ല. അടുത്ത സാമ്പത്തികവര്‍ഷം പദ്ധതിക്ക് സബ്സിഡി പൂര്‍ണമായും നല്‍കേണ്ടിവരും. നിയമം നടപ്പാക്കാന്‍ ഇനിയും സമയം ആവശ്യമുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനമൂലം എണ്ണക്കമ്പനികള്‍ നഷ്ടത്തിലാകാന്‍ അനുവദിക്കില്ല. സബ്സിഡി ഒഴിവാക്കി വിപണിയിലെ വ്യത്യാസമനുസരിച്ച് വില നിര്‍ണയിക്കും. ഡീസലിന് ഒറ്റയടിക്ക് അഞ്ചു രൂപ വര്‍ധിപ്പിക്കാനുള്ള നീക്കം സംബന്ധിച്ച ചോദ്യത്തോട് ആഭ്യന്തരസ്ഥിതിഗതികള്‍ പരിഗണിച്ച് തീരുമാനിക്കുകയെന്നായിരുന്നു പ്രതികരണം. വന്‍തോതിലുള്ള സബ്സിഡി സമ്പദ്ഘടനയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നുവെന്ന് ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറഞ്ഞു. നിക്ഷേപത്തിലും സാമ്പത്തികവളര്‍ച്ചയിലും ഇത് പ്രതികൂല ഫലങ്ങളുണ്ടാക്കുന്നു. അതിനാല്‍, സബ്സിഡി സമ്പദ്വ്യവസ്ഥയുടെ പരിമിതികള്‍ക്കുള്ളില്‍നിന്നുമാത്രം തുടരേണ്ടതാണ്. പരമാവധി ചുരുക്കിയും സുതാര്യമായും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുമാത്രം നല്‍കേണ്ടതുമാണ് സബ്സിഡി. ഇത്തരം ഹ്രസ്വകാല ചെലവുചുരുക്കല്‍ പരിഷ്കരണങ്ങള്‍കൊണ്ടു മാത്രമേ സാമ്പത്തികവളര്‍ച്ചയും പൊതുനിക്ഷേപവും ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ. സാമ്പത്തികവളര്‍ച്ച ഉറപ്പുവരുത്തുന്ന സാമ്പത്തിക നടപടികളുടെ ഭാഗമാണ് സബ്സിഡി പരിമിതപ്പെടുത്തല്‍.
സാമ്പത്തികപ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നായ വ്യാപാരക്കമ്മിയിലേക്ക് നയിക്കുന്നത് വര്‍ധിച്ച ഇറക്കുമതിയാണ്. ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയാന്‍ സാധ്യത കാണുന്നില്ല. വിലയും ഉയര്‍ന്നുതന്നെ. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ അഞ്ചുമാസങ്ങളില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 105 ഡോളറില്‍ താഴെയായിരുന്നു അന്താരാഷ്ട്രവിപണിയിലെ വില. സിറിയയില്‍ യുദ്ധസാധ്യത വന്നതോടെ ഇത് 115 ഡോളറായി ഉയര്‍ന്നു. യുദ്ധസാഹചര്യം ഒഴിഞ്ഞതോടെ വില നേരിയതോതില്‍ കുറഞ്ഞെങ്കിലും ശൈത്യകാലത്ത് വീണ്ടും വില ഉയരും. ഇത് ഇറക്കുമതിച്ചെലവ് വര്‍ധിക്കും. രൂപയുടെ നില മെച്ചപ്പെട്ടെങ്കിലും ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയാത്തതുകൊണ്ട് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന ഒഴിവാക്കാനാകില്ല. സബ്സിഡികൊണ്ട് വിലവര്‍ധനയെ പ്രതിരോധിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന് സമിതി വിലയിരുത്തി.
(വി ജയിന്‍)
deshabhimani
No comments:
Post a Comment