Saturday, September 14, 2013

സ്ത്രീകള്‍ക്കുള്ള ആദ്യ കോടതി കൊച്ചിയില്‍ നിലച്ചു

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വിചാരണചെയ്യാന്‍ ഇന്ത്യയില്‍ ആദ്യമായി കൊച്ചിയില്‍ ആരംഭിച്ച പ്രത്യേക കോടതിയുടെ പ്രവര്‍ത്തനം നിലച്ചു. കോടതി സ്ഥാപിച്ചതായി കേരള സര്‍ക്കാര്‍ ഉത്തരവ് ഇറക്കാത്തതിനാല്‍ ഒന്നരമാസമായി വിചാരണ അടക്കമുള്ള കോടതി നടപടികള്‍ നിര്‍ത്തിവച്ചു. ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തെത്തുടര്‍ന്നാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ വിചാരണചെയ്യാന്‍ പ്രത്യേക കോടതി വേണമെന്ന ആവശ്യത്തിന് ശക്തിയേറിയത്. അതിനു വളരെ മുമ്പ് പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിരവധി തവണ ശുപാര്‍ശചെയ്തെങ്കിലും ഒന്നും നടന്നില്ല. കേരള ഹൈക്കോടതിയില്‍ ജനുവരിയില്‍ നടന്ന പൊതുചടങ്ങിലാണ് പ്രത്യേക കോടതി സ്ഥാപിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കൊച്ചിയില്‍ ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക കോടതി നിലവില്‍വന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കൊച്ചിയിലെ റവന്യുടവറില്‍ ഫെബ്രുവരിയോടെ കോടതി പ്രവര്‍ത്തിച്ചുതുടങ്ങി.

സാധാരണ കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ച് നാലഞ്ചു മാസത്തിനുള്ളില്‍ മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ ഉത്തരവിറക്കിയാണ് കോടതിയുടെ തീരുമാനങ്ങളെ നിയമവിധേയമാക്കുന്നത്. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് എട്ടുമാസമായിട്ടും കോടതി സ്ഥാപിച്ചതായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കാത്തതിനാല്‍ പ്രവര്‍ത്തനം മുടങ്ങി. സര്‍ക്കാര്‍ ഉത്തരവ് ലഭിക്കാതെ കേസ് വിചാരണ നടത്താനുള്ള കോടതിയുടെ അധികാരത്തെ മറ്റൊരു കേസില്‍ ഹൈക്കോടതി ചോദ്യംചെയ്തതോടെയാണ് പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചത്. പറവൂര്‍ പീഡനക്കേസ് നടക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിക്ക് പ്രത്യേക കോടതിയുടെ അധികാരമുള്ളതിനാല്‍ ഇനി പ്രത്യേക കോടതികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി സൂചനയുണ്ട്. പ്രത്യേക കോടതി സ്ഥാപിച്ചതായി ഉത്തരവ് ഇറക്കാത്തത് അതിന്റെ ഭാഗമായാണെന്നും ആക്ഷേപമുണ്ട്. എറണാകുളം ഫാസ്റ്റ് ട്രാക്ക് കോടതിയിലെ ജഡ്ജിയെയും പ്രോസിക്യൂട്ടറെയും പ്രത്യേക കോടതിയിലേക്കു മാറ്റിയാണ് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. കോടതിമുറിക്ക് ആവശ്യമായ സ്ഥലസൗകര്യം ഇവിടെയില്ല. നിലവില്‍ 200 കേസുകളാണ് ഇവിടെ വിചാരണ നടത്തുന്നത്. എട്ടുമാസത്തിനുള്ളില്‍ 20 കേസുകളില്‍ പ്രതികളെ ശിക്ഷിച്ചിട്ടുമുണ്ട്. എന്നാല്‍ കോടതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.
(അനിത പ്രഭാകരന്‍)

deshabhiani

No comments:

Post a Comment