ഓടുന്ന ബസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ നാല് പ്രതികളെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഡല്‍ഹി സാകേതിലെ അതിവേഗ കോടതിയുടേതാണ് വിധി. മുകേഷ് സിങ് (26), അക്ഷയ്കുമാര്‍ (28), വിനയ് ശര്‍മ (20), പവന്‍ ഗുപ്ത (19) എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചത്. വിചാരണ നേരിട്ട നാലുപ്രതികളും കുറ്റക്കാരെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.
നിസ്സഹായയായ ഇരയെ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കോടതി കണ്ടെത്തിയത്. വിധി കേള്‍ക്കാന്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയിലെത്തിയിരുന്നു. ബുധനാഴ്ച പ്രതികള്‍ക്ക് നല്‍കേണ്ട ശിക്ഷ എന്തെന്ന കാര്യത്തിലും കോടതി ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമായിരുന്നു വിധി. പ്രായക്കുറവ് പരിഗണിച്ച് വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇരുവരുടെയുംഅഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലപാതക കേസെന്ന നിലയിലാണ് വധശിക്ഷ വിധിച്ചത്. ക്രിമിനല്‍ നടപടിചട്ടം 354(3) പ്രകാരം വധശിക്ഷ വിധിക്കുന്നതിന്റെ കാരണങ്ങള്‍ കോടതി വെളിപ്പെടുത്തിയിട്ടുണ്ട്.
ബലാത്സംഗ കേസുകളില്‍ ഇര കൊല്ലപ്പെടുകയോ കോമ ഘട്ടത്തില്‍ എത്തുകയോ ചെയ്താല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാമെന്ന ക്രിമിനല്‍ നിയമ ഭേദഗതി യുംകോടതി പരിഗണിച്ചു. ആറുപേരായിരുന്നു കേസില്‍ പ്രതികള്‍. കേസ് പരിഗണനയിലിരിക്കെ മുഖ്യപ്രതി രാംസിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യചെയ്തു. മാര്‍ച്ച് 11നാണ് രാംസിങ് ജയിലറയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതിയായ യുപിയിലെ ബദയൂണില്‍നിന്നുള്ള പതിനേഴുകാരന്‍ 27 മാസം ദുര്‍ഗുണപരിഹാരപാഠശാലയില്‍ കഴിയണമെന്ന് ആഗസ്ത് 31ന് ജുവനൈല്‍ കോടതി ഉത്തരവിട്ടു.
സംഭവം നടന്ന് 269 ദിവസങ്ങള്‍ക്കുശേഷമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി ഉത്തരവ്. കൂട്ടബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം, പ്രകൃതിവിരുദ്ധ നടപടികള്‍, കൊള്ള, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കൊലപാതക ലക്ഷ്യത്തോടെയുള്ള തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇതില്‍ വധശിക്ഷ ലഭിച്ചത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പുപ്രകാരം കൊലപാതക കുറ്റത്തിനാണ്. സിംഗപ്പുരിലെ ആശുപത്രിയില്‍ ഡിസംബര്‍ 29ന് പെണ്‍കുട്ടി മരിച്ചശേഷമാണ് പ്രതികള്‍ക്കുമേല്‍ കൊലപാതക കുറ്റം ചുമത്തിയത്. രാംസിങ് മരിച്ചതിനാല്‍ അയാള്‍ക്കെതിരായ കേസ് അവസാനിച്ചെങ്കിലും ഇതേ തെറ്റുകള്‍ക്ക് അയാളും കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു. 230 പേജ് വരുന്ന വിധിന്യായമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന എഴുതിയത്. പെണ്‍കുട്ടിയുടെ മരണമൊഴി, വിരലടയാളം ഉള്‍പ്പെടെ ഫോറന്‍സിക്ക് തെളിവുകള്‍, ഡിഎന്‍എ സാമ്പിളുകള്‍, മറ്റ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ പ്രതികള്‍തന്നെയാണ് കൃത്യം നടത്തിയതെന്ന് വ്യക്തമാണെന്ന് വിധിയില്‍ പറഞ്ഞു.
ബസില്‍ നാലുപേരുടെയും സാന്നിധ്യം മൊബൈല്‍ ഫോണ്‍ സിഗ്നലുകളില്‍നിന്ന് വ്യക്തം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഇരുമ്പുവടി പ്രയോഗിച്ച രീതി വിലയിരുത്തുമ്പോള്‍ അത് ബോധപൂര്‍വം ചെയ്തതാണെന്നു കരുതണം. ബലാത്സംഗംമാത്രമായിരുന്നില്ല ലക്ഷ്യമെന്നും വ്യക്തം. കൊലതന്നെയായിരുന്നു ഉദ്ദേശ്യം. പുറമേക്ക് ക്ഷതങ്ങള്‍ ഏല്‍പ്പിച്ചതിനു പുറമെ ഇരുമ്പുവടി ഉള്ളില്‍ കയറ്റി തിരിച്ച് ആന്തരികാവയവങ്ങളില്‍ ഒന്ന് കൈകൊണ്ട് പുറത്തെടുത്തു. മാരകമായി പരിക്കേല്‍പ്പിച്ചശേഷമാണ് പെണ്‍കുട്ടിയെയും സുഹൃത്തിനെയും നഗ്നരാക്കി പുറത്തെറിഞ്ഞത്. 18 ആന്തരിക പരിക്കുകളുണ്ടായിരുന്നു. പല പ്രധാന അവയവങ്ങള്‍ക്കും ക്ഷതമേറ്റു. ഒരു കാരണവുമില്ലാതെയായിരുന്നു മനുഷ്യത്വരഹിതമായ ഈ പീഡനം- ജഡ്ജി യോഗേഷ് ഖന്ന പറഞ്ഞു.
2012 ഡിസംബര്‍ 16ന് രാത്രിയിലാണ് ഡല്‍ഹിയിലെ മുനീര്‍ക്കയില്‍നിന്ന് സുഹൃത്തിനൊപ്പം ബസില്‍ കയറിയ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ ആറംഗ സംഘം പീഡിപ്പിച്ചത്. അവശനിലയിലായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും മഹിപ്പാല്‍പുരിനു സമീപം റോഡരികില്‍ തള്ളി സംഘം കടന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് വിദഗ്ധചികിത്സയ്ക്ക് സിംഗപ്പുരില്‍ കൊണ്ടുപോയെങ്കിലും മരിച്ചു. രാജ്യവ്യാപകമായി ജനരോഷമുയര്‍ന്നപ്പോഴാണ് ആറു പ്രതികളെയും പിടികൂടി അതിവേഗ കോടതിസ്ഥാപിച്ച് വിചാരണ തുടങ്ങിയത്.
deshabhimani
No comments:
Post a Comment