Friday, September 13, 2013

നരേന്ദ്ര മോഡി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി

സ്ഥാപകനേതാവ് എല്‍ കെ അദ്വാനിയുടെ വാക്കുകള്‍ അവഗണിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചു. ബിജെപി പാര്‍ലമെന്ററി സമിതി യോഗത്തില്‍ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന്റെ പ്രമേയം കമ്മറ്റി അംഗീകരിച്ചു. യോഗത്തില്‍ അദ്വാനി പങ്കെടുത്തിരുന്നില്ല. യോഗശേഷം ഔദ്യോഗികമായ പ്രഖ്യാപനവും നടന്നു.

മോഡിയെ ഉടന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ടെന്ന നിലപാടിലായിരുന്നു അദ്വാനി. പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും അദ്വാനിയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അദ്വാനിപക്ഷത്തെ അനുനയിപ്പിക്കാനുള്ള രാജ്നാഥ് സിങ്ങിന്റെ ശ്രമം വിജയിച്ചില്ല. ബിജെപിക്കാര്‍ മോശം കാലമെന്നു വിശ്വസിക്കുന്ന പിതൃപക്ഷം 19 ന് തുടങ്ങുമെന്നതിനാല്‍ അതിനുമുമ്പ് മോഡിപ്രഖ്യാപനം നടത്താന്‍ കഴിഞ്ഞ ഒരാഴ്ചയായി അദ്വാനി വിരുദ്ധര്‍ ശ്രമിക്കുന്നു. 17 ന് മോഡിയുടെ ജന്മദിനമാണ്. അതിനു മുമ്പായി പ്രഖ്യാപിക്കണമെന്നാണ് മോഡിപക്ഷത്തിന്റെ താല്‍പ്പര്യം. തുടര്‍ന്നാണ് രാജ്നാഥ് സിങ് തിരക്കിട്ട് കൂടിയാലോചന ആരംഭിച്ചത്.

രണ്ടുദിവസമായി രാജ്നാഥ് സിങ് അദ്വാനിയുമായി രണ്ടുവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു. നവംബറില്‍ നടക്കേണ്ട അഞ്ചു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷംമാത്രം പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ തീരുമാനിച്ചാല്‍ മതിയെന്ന നിലപാടില്‍ അദ്വാനി ഉറച്ചുനിന്നു. വ്യാഴാഴ്ച രാജ്നാഥ് സിങ്ങിന് പുറമെ ഒട്ടനവധി മുതിര്‍ന്ന നേതാക്കള്‍ അദ്വാനിയെ വസതിയില്‍ സന്ദര്‍ശിച്ചു. മുന്‍ അധ്യക്ഷന്‍ വെങ്കയ്യനായിഡു, മുരളീധര്‍റാവു, ഗുരുമൂര്‍ത്തി തുടങ്ങിയവരാണ് അദ്വാനിയെ കണ്ടത്. എന്നാല്‍, നിലപാട് മാറ്റത്തിന് അദ്വാനി തയ്യാറായില്ല.

deshabhimani

No comments:

Post a Comment