Saturday, September 14, 2013

എസ്എഫ്ഐക്ക് ഉജ്വല വിജയം

കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 43 കോളേജുകളില്‍ 34ലും എസ്എഫ്ഐ വിജയിച്ചു. 41 കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ എസ്എഫ്ഐക്ക് ലഭിപ്പോള്‍ കെഎസ്യു-എംഎസ്എഫ് സഖ്യത്തിന് 10 സീറ്റ് ലഭിച്ചു. കാസര്‍കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന എട്ട് കോളേജുകളില്‍ നാലിടത്ത് എസ്എഫ്ഐ യൂണിയന്‍ ഭരണം നേടി. നാല് കോളേജുകളില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൗണ്‍സിലര്‍മാരില്‍ 15-ല്‍ 11ഉം എസ്എഫ്ഐക്കാണ്. സര്‍വകലാശാല രൂപീകരിച്ചതുമുതല്‍ എസ്എഫ്ഐയാണ് യൂണിയന്‍ ഭരണത്തില്‍.

കണ്ണൂരില്‍ കെഎസ്യു വിജയിച്ചിരുന്ന കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ ചെയര്‍മാന്‍, യുയുസി, എഡിറ്റര്‍ ഉള്‍പ്പടെ മേജര്‍ സീറ്റുകള്‍ പിടിച്ചെടുത്തു. മട്ടന്നൂര്‍, ബ്രണ്ണന്‍, ഇരിട്ടി ഇ എം എസ് ഐഎച്ച്ആര്‍ഡി, പയ്യന്നൂര്‍ നെസ്റ്റ് കോളേജുകളില്‍ മത്സരിച്ച മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ മാനേജ്മെന്റ് പൊലീസിന്റെ സഹായത്തോടെ കെഎസ്യു-എംഎസ്എഫ് സഖ്യത്തെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഈ കുതന്ത്രങ്ങള്‍ തള്ളിയാണ് വിദ്യാര്‍ഥികള്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികളെ ജയിപ്പിച്ചത്. ഇരിട്ടി എംജി കോളേജിലും മികവുറ്റ ജയം നേടി. മുന്‍കാലങ്ങളില്‍ കെഎസ്യു വിജയിച്ചിരുന്ന കോളേജ് കഴിഞ്ഞവര്‍ഷമാണ് എസ്എഫ്ഐ പിടിച്ചെടുത്തത്. മത്സരിച്ച എല്ലാസീറ്റിലും മെച്ചപ്പെട്ട വിജയം ഈ വര്‍ഷവും ആവര്‍ത്തിച്ചു.

കാളന്‍ മെമ്മോറിയലില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം

മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശലയ്ക്ക് കീഴിലുള്ള പി കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. കഴിഞ്ഞവര്‍ഷം കെഎസ്യു വിജയിച്ച ചെയര്‍മാന്‍ സീറ്റടക്കം എസ്എഫ്ഐ തിരിച്ചുപിടിച്ചു. ശക്തമായ മത്സരത്തിലൂടെ കെഎസ്യുവിനേയും എബിവിപിയേയും മറികടന്നാണ് എസ്എഫ്ഐയുടെ തിളങ്ങുന്ന വിജയം നേടിയത്. ജെയ്സണ്‍ സ്കറിയയാണ് ചെയര്‍മാന്‍. പി കെ ശരണ്യ(വൈസ് ചെയര്‍മാന്‍) എസ് ശ്രീജിത്ത്(ജനറല്‍ സെക്രട്ടറി) എസ് ആര്‍ രമ്യ രവീന്ദ്രന്‍(ജോയിന്റ് സെക്രട്ടറി) യു ജെ നിതിന്‍(മാഗസിന്‍ എഡിറ്റര്‍) ഇ ആര്‍ ഷാജു(ജനറല്‍ ക്യാപ്റ്റന്‍) എന്നിവരാണ് മറ്റുവിജയികള്‍.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും സ്കൂള്‍ തെരഞ്ഞെടുപ്പിലും വന്‍മുന്നേറ്റമാണ് എസ്എഫ്ഐ ജില്ലയില്‍ നടത്തിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ആറ് കോളേജുകളില്‍ അഞ്ചെണ്ണത്തിലും എസ്എഫ്ഐ വിജയിച്ചിരുന്നു. പോളിടെക്നിക്കുകളില്‍ എസ്എഫ്ഐ മുഴുവന്‍ സീറ്റുകളും തൂത്തുവാരി. കോളേജുകളിലും പോളിടെക്നിക്കുകളിലും കെഎസ്യു തീര്‍ത്തും നിലം പരിശായി. വമ്പിച്ച ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. സംഘടനാടിസ്ഥാനത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്ന 33 സ്കൂളുകളില്‍ 24 ഇടത്തും എസ്എഫ്ഐക്കായിരുന്നു വിജയം. കാളന്‍ മെമ്മോറിയല്‍ കോളേജിലെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍ മാനന്തവാടി ടൗണില്‍ പ്രകടനം നടത്തി. പൊതുയോഗം കെ റഫീഖ് ഉദ്ഘാടനം ചെയ്തു. കെ എം ഫ്രാന്‍സീസ്, ഹാഷ്മി ഐസക്, ധനേഷ്, കെ എസ് വിഷ്ണു എന്നിവര്‍ സംസാരിച്ചു.

കേരളയിലും ചരിത്രവിജയം

തിരു: കേരള സര്‍വകലാശാല കോളേജ് യൂണിയനുകളിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ചരിത്രവിജയം ആവര്‍ത്തിച്ചു. കേരളയില്‍ തെരഞ്ഞെടുപ്പ് നടന്ന 77 കോളേജില്‍ 57ഉം എസ്എഫ്ഐ നേടി. 10 കോളേജില്‍ എതിരില്ലാവിജയമായിരുന്നു. 25 കോളേജില്‍ മുഴുവന്‍ സീറ്റും നേടിയാണ് എസ്എഫ്ഐ ഗംഭീര വിജയം ആവര്‍ത്തിച്ചത്. തിരുവനന്തപുരത്ത് പാങ്ങോട് മന്നാനിയ കോളേജ്, തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ്, ആലപ്പുഴയില്‍ ഹരിപ്പാട് ടികെഎംഎം കോളേജ്, കൊല്ലം ശാസ്താംകോട്ട ഡിബി കോളേജ് എന്നിവ കെഎസ്യുവില്‍നിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചു. കൊല്ലം എസ്എന്‍ കോളേജില്‍ കെഎസ്യു- എബിവിപി സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.

തിരുവനന്തപുരം വിമെന്‍സ് കോളേജ്, ആര്‍ട്സ് കോളേജ്, സംസ്കൃത കോളേജ്, ഫൈന്‍ ആര്‍ട്സ് കോളേജ്, ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജ്, കൊല്ലത്തെ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ്്, കടയ്ക്കല്‍ പിഎംഎസ്എ, ആലപ്പുഴ ചേര്‍ത്തല സെന്റ് മൈക്കിള്‍സ്, ബിഷപ്മൂര്‍ എന്നിവിടങ്ങളില്‍ എസ്എഫ്ഐക്ക് എതിരില്ലാവിജയമായിരുന്നു. തിരുവനന്തപുരം അമ്പലത്തറ നാഷണല്‍ കോളേജില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ എസ്എഫ്ഐ വിജയിച്ച് യൂണിയന്‍ ഭരണം ഒപ്പത്തിനൊപ്പമാണ്. 57 കൗണ്‍സിലര്‍സ്ഥാനങ്ങള്‍ എസ്എഫ്ഐ നേടിയതോടെ സര്‍വകലാശാല യൂണിയന്‍ നേതൃത്വവും ഉറപ്പാക്കി.

deshabhimani

No comments:

Post a Comment