Thursday, March 22, 2012

കല്‍ക്കരി ലേലത്തില്‍ 10 ലക്ഷം കോടി നഷ്ടം; പാര്‍ലമെന്റ് നിര്‍ത്തിവച്ചു

2004-2009 കാലഘട്ടത്തില്‍ കല്‍ക്കരി ഖനികളുടെ ലേലത്തില്‍ നടന്ന ക്രമക്കേടില്‍ കേന്ദ്രസര്‍ക്കാറിന് 10.67 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി  സിഎജി റിപ്പോര്‍ട്ട്. ഇത് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരസിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. പ്രതിഷേധത്തെത്തുടര്‍ന്ന് നടപടികള്‍ തടസപ്പെട്ടതിനാല്‍ ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവെച്ചു. 2ജി അഴിമതിക്കു പിന്നാലെയാണ് അതിന്റെ ആറിരട്ടി തുക വരുന്ന കല്‍ക്കരി ലേല ഇടപാട് പുറത്തുവന്നിരിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയാണ് സിഎജി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 155 കല്‍ക്കരിപ്പാടങ്ങളിലെ ലേലം വൈകിപ്പിച്ചതിലൂടെ സര്‍ക്കാറിന് വന്‍തുക നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ഈ ഇടപാട് വഴി നൂറിലധികം സ്വകാര്യ കമ്പനിള്‍ക്ക് നേട്ടമുണ്ടായതായി പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജെയ്സ്വാല്‍ തയ്യാറായില്ല. താന്‍ രണ്ടാം യുപിഎ സര്‍ക്കാറിലെ കല്‍ക്കരി മന്ത്രിയാണെന്നും താന്‍ മന്ത്രിയായ ശേഷം ഒരു തരത്തിലുള്ള ക്രമക്കേടും നടന്നിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പത്രത്തിലെ റിപ്പോര്‍ട്ടനുസരിച്ച് അഴിമതിയല്ല നടന്നതെന്നും ഗവണ്‍മെന്റിന് നഷ്ടം വരുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. ശൂന്യവേളയില്‍ ബിജെപിയുടെയും എസ്പിയുടെയും ചോദ്യങ്ങള്‍ക്ക് അനുമതി നിഷേധിച്ചതോടെയാണ് സഭയില്‍ ബഹളം തുടങ്ങിയത്.

deshabhimani

1 comment:

  1. 2004-2009 കാലഘട്ടത്തില്‍ കല്‍ക്കരി ഖനികളുടെ ലേലത്തില്‍ നടന്ന ക്രമക്കേടില്‍ കേന്ദ്രസര്‍ക്കാറിന് 10.67 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സിഎജി റിപ്പോര്‍ട്ട്. ഇത് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരസിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. പ്രതിഷേധത്തെത്തുടര്‍ന്ന് നടപടികള്‍ തടസപ്പെട്ടതിനാല്‍ ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവെച്ചു. 2ജി അഴിമതിക്കു പിന്നാലെയാണ് അതിന്റെ ആറിരട്ടി തുക വരുന്ന കല്‍ക്കരി ലേല ഇടപാട് പുറത്തുവന്നിരിക്കുന്നത്.

    ReplyDelete