Thursday, March 22, 2012
പൊലീസ് നരനായാട്ട് : യുവജനസമരത്തെ ചോരയില്‍ മുക്കി
പെന്‍ഷന്‍പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച യുവജനങ്ങള്‍ക്ക് നേരെ സംസ്ഥാനത്തുടനീളം പൊലീസ് നരനായാട്ട്. നിയമസഭയിലേക്കും ജില്ലാ കലക്ടറേറ്റുകളിലേക്കും മാര്‍ച്ചുചെയ്ത ഇടതുപക്ഷ ജനാധിപത്യ യുവജന സംഘടനാനേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് വ്യാപകമായി വേട്ടയാടി. ഭീകരമായ ലാത്തിച്ചാര്‍ജിലും ഗ്രനേഡ് ആക്രമണത്തിലും ജലപീരങ്കിപ്രയോഗത്തിലും വനിതകളുള്‍പ്പെടെ മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു.
നിയമസഭാമാര്‍ച്ചിന് നേതൃത്വം കൊടുത്ത ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍ , എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ രാജന് , പിഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണുമോഹന് എന്നിവര്‍ക്കും സാരമായ പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന്റെ ഗ്രനേഡ് ആക്രമണത്തില്‍ ഡിവൈഎഫ്ഐ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ടി എം സുരേഷിന്റെ ഇടതുകാല് തകര്‍ന്നു. ഡിവൈഎഫ്ഐ ചിറ്റൂര്‍ ബ്ലോക്ക് സെക്രട്ടറി ബിനുവിന്റെ ചെവി തകര്‍ന്നു. ഒലവക്കോട് വില്ലേജ് സെക്രട്ടറി മണികണ്ഠന്റെ ഒരു ചെവിയുടെ കേള്‍വി നഷ്ടമായി. പെന്‍ഷന്‍പ്രായം ഉയര്‍ത്തിയതിലും പൊലീസ് ഭീകരതയിലും പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ ഇടതു ജനാധിപത്യ യുവജനസംഘടനാ (എല്‍ഡിവൈഎഫ്)നേതാക്കള്‍ ആഹ്വാനംചെയ്തു. എല്‍ഡിവൈഎഫ് നേതൃത്വത്തില്‍ ബുധനാഴ്ച നിയമസഭയിലേക്കും കലക്ടറേറ്റുകളിലേക്കും നടത്തിയ മാര്‍ച്ചിന് നേരെ ഒരു പ്രകോപനവുമില്ലാതെ സംസ്ഥാനവ്യാപകമായി പൊലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. സമരത്തെ ചോരയില്മുക്കിക്കൊല്ലാന്തന്നെയാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഗ്രനേഡ് പ്രയോഗവും ക്രൂരമായ ലാത്തിചാര്‍ജും.
കോട്ടയത്ത് ഗ്രനേഡ് ആക്രമണത്തില്‍ ടി എം സുരേഷിന്റെ ഇടതുകാല് തകര്‍ന്നു. മാംസം അടര്‍ന്ന് റോഡില്‍ വീണു. സുരേഷിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. നട്ടെല്ലിന് ക്ഷതമേറ്റ ഏറ്റുമാനൂര്‍ ബ്ലോക്ക് സെക്രട്ടറിയറ്റ് അംഗം എസ് അനു, നെഞ്ചിന് പരിക്കേറ്റ തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി അംഗം രാഹുല്‍ ഗോവിന്ദ്, കാല്‍മുട്ടിന് പരിക്കേറ്റ കുമാരനല്ലുര്‍ മേഖലാ കമ്മിറ്റി അംഗം രാജേഷ് ദേവസ്യ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ആര് രാജേഷ്, സെക്രട്ടറി കെ രാജേഷ്, മറ്റ് നേതാക്കളായ അഡ്വ. ഷീജ അനില്‍ , അഡ്വ. സി ആര് സിന്ധു, സ്മിത കെ കൃഷ്ണന്‍കുട്ടി, സി ടി രാജേഷ്, പോള്‍ കെ ജോണ്‍ എന്നിവര്‍ക്കും എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. വി എസ് മനുലാല്‍ , സെക്രട്ടറി ആര് ബിജു, മണ്ഡലം സെക്രട്ടറി കെ പ്രവീണ്‍ , എഐഎസ്എഫ് ജില്ലാ സെക്രട്ടറി അജിത് വിജയന് , എന്‍വൈസി ജില്ലാ സെക്രട്ടറി ടിനു ടി തോമസ് എന്നിവര്‍ക്കും ഗുരുതര പരിക്കേറ്റു. ഇവരടക്കമുള്ളവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് അമ്പതോളം കണ്ണീര്‍വാതക ഷെല്ലും ഗ്രനേഡും പ്രയോഗിച്ചു. രണ്ട് മണിക്കൂര്‍ കലക്ട്രേറ്റ് പരിസരം യുദ്ധക്കളമായി. കലക്ട്രേറ്റ് മുറ്റത്തുനിന്നും ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെയും സ്പെഷ്യല്ബ്രാഞ്ചിലെയും പൊലീസുകാര്‍ മാര്‍ച്ചിന് നേരെ കല്ലെറിഞ്ഞു. ഇതിനിടയില്‍ ഡിവൈഎസ്പി പി ഡി രാധാകൃഷ്ണപിള്ളയടക്കം അഞ്ചുപൊലീസുകാര്ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്കേറ്റു. ഗ്രനേഡ് ചില്ല് തറച്ച് പ്രാദേശിക ചാനല്‍ ക്യാമറാമാന് വിനോദ് തോമസിന്റെ കാല്‍മുട്ട് തകര്‍ന്നു. കാസര്‍കോട്ട് പൊലീസ് തേര്‍വാഴ്ചയില്‍ വനിതകള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്. ഗ്രനേഡ് ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റ മാനടുക്കത്തെ ഉഷയെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലും സാരമായി പരിക്കേറ്റ മറ്റ് 27 പേരെ കാസര്‍കോട്ടെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇവരില്‍ രജീഷ് വെള്ളാട്ട്, രജീഷ്കുമാര് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. കണ്ണൂരില്‍ ലാത്തിച്ചാര്‍ജില്‍ 26 പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മയ്യിലെ ഉജിനേഷ്, കൂത്തുപറമ്പ് കണ്ടംകുന്നിലെ അനില്‍കുമാര്‍ എന്നിവര്‍ക്ക് തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതര പരിക്കുണ്ട്. വയനാട് കലക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചിനെയും പൊലീസ് ഭീകരമായാണ് നേരിട്ടത്. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എം മധു, എഐവൈഎഫ് ജില്ലാസെക്രട്ടറി കെ കെ തോമസ് എന്നിവരുള്‍പ്പെടെ അമ്പതിലേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
സാരമായി പരിക്കേറ്റ ഇരുപതോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയംഗവും കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സിലറുമായ വി ഹാരിസിന്റെ മൂക്ക് പൊലീസ് അടിച്ചുതകര്‍ത്തു. ജില്ലാകമ്മിറ്റിയംഗം പ്രേഷിന്ദ്, നൗഫല്‍ , ഒ എം ബാബുരാജ് എന്നിവരുടെ തല അടിച്ചുപൊട്ടിച്ചു. സമരം റിപ്പോര്‍ട്ടുചെയ്യാനെത്തിയ ദേശാഭിമാനി ലേഖകനും പ്രസ്ക്ലബ് സെക്രട്ടറിയുമായ ഒ വി സുരേഷിനും ലാത്തിയടിയേറ്റു. കൊല്ലത്ത് ലാത്തിച്ചാര്‍ജില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ സാബു, റഹീംകുട്ടി എന്നിവരുടെ പരിക്ക് ഗുരുതരമാണ്. കല്ലേറില്‍ മൂന്ന് പൊലീസുകാര്‍ക്കും പരിക്കുണ്ട്.
അതിനിടെ, മാര്‍ച്ച് കഴിഞ്ഞ് കൊല്ലം വെസ്റ്റ് സ്റ്റേഷനുമുന്നിലെ റോഡിലൂടെ നടന്നുപോയ ഡിവൈഎഫ്ഐ കരീപ്ര വില്ലേജ് പ്രസിഡന്റ് അനീഷിനെ പൊലീസ് പിടികൂടി മൃഗീയമായി മര്‍ദിച്ചു. പാലക്കാട്ട് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുള്‍പ്പെടെ 37പേര്‍ക്ക് പരിക്കേറ്റു. ഗ്രനേഡ് വീണ് ചെവി തകര്‍ന്ന ഡിവൈഎഫ്ഐ ചിറ്റൂര്‍ ബ്ലോക്ക് സെക്രട്ടറി ബിനുവിനെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുചെവിയുടെ കേള്‍വി നഷ്ടപ്പെട്ട ഒലവക്കോട് വില്ലേജ് സെക്രട്ടറി മണികണ്ഠനെ പൊള്ളാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലക്ടറേറ്റിന് തൊട്ടടുത്ത മുസ്ലിംപള്ളിക്കും ഗ്രനേഡ് വീണ് കേടുപാടുണ്ടായി. മലപ്പുറത്ത് പൊലീസ് ബലപ്രയോഗത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി പി റജീന, വഹാബ് എന്നിവര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ കലക്ടറേറ്റിലേക്കുനടന്ന യുവജന മാര്‍ച്ചിനുനേരെയും പൊലീസ് ബലപ്രയോഗമുണ്ടായി.
deshabhimani 220312
Labels:
ഡി.വൈ.എഫ്.ഐ,
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment