Saturday, March 3, 2012

അമേരിക്കന്‍ സൈനിക സാന്നിധ്യം ഇന്ത്യയിലും

ഇന്ത്യ ഉള്‍പ്പെടെ അഞ്ച് ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളില്‍ അമേരിക്കന്‍ പ്രത്യേക സേനയുടെ സാന്നിധ്യം. ഭീകരതയെ നേരിടുന്നതിനുള്ള സഹകരണത്തിന്റെ മറപിടിച്ചാണിത്. നേപ്പാള്‍, ബംഗ്ലദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവയാണ് അമേരിക്കന്‍ സൈന്യം നിലയുറപ്പിച്ചിട്ടുള്ള മറ്റ് ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍.യു എസ് പസഫിക് കമാന്റിന്റെ (പാകോം) കമാന്ററായ അഡ്മിറല്‍ റോബര്‍ട്ട് എഫ് വില്ലാര്‍ഡ് വെളിപ്പെടുത്തിയതാണീ വിവരം. ഭീകരതയെ നേരിടുന്നതിന് ഇന്ത്യയുമായുള്ള സഹകരണത്തെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മുമ്പാകെയായിരുന്നു ഈ വെളിപ്പെടുത്തല്‍.

ഭീകരതയെ നേരിടുന്നതിന് ഇന്ത്യയുമായി വളരെ അടുത്ത സഹകരണമാണ് അമേരിക്കക്കുള്ളതെന്ന് അഡ്മിറല്‍ വില്ലാര്‍ഡ് പറഞ്ഞു. പ്രത്യേകിച്ചും നാവികസേനാമേഖലയിലാണ് ഈ സഹകരണം. ഭീകരതയെ ചെറുക്കുന്നതിനുള്ള ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഗവണ്‍മെന്റുകള്‍ തമ്മിലും സഹകരണം വര്‍ധിച്ചുവരുകയാണ്.
പാകിസ്ഥാന്‍ കേന്ദ്രമാക്കിയുള്ള ലഷ്‌കര്‍ ഇ തൊയ്ബ (എല്‍ ഇ ടി) ഉയര്‍ത്തുന്ന ഭീഷണി വളരെ വലുതാണെന്നും വളരെ വിദഗ്ധമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനെ ചെറുക്കുന്നതിലാണ് ഇന്ത്യയും അമേരിക്കയും ഊന്നല്‍ നല്‍കുന്നതെന്നും എഴുതി സമര്‍പ്പിച്ച ഒരു പ്രസ്താവനയില്‍ അഡ്മിറല്‍ വില്ലാര്‍ഡ് പറഞ്ഞു. ''മുംബൈയിലെ കൊടുംഭീകരാക്രമണമുള്‍പ്പെടെ ഇന്ത്യയില്‍ നടന്നിട്ടുള്ള പല ആക്രമണങ്ങള്‍ക്കും ഉത്തരവാദിയാണ് എല്‍ ഇ ടി. പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എല്‍ ഇ ടിക്ക് അല്‍ഖായിദയുമായും മറ്റ് നിരവധി ഭീകരസംഘടനകളുമായും ബന്ധമുണ്ട്. അഫ്ഗാനിലെ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നത് അവരാണ്. ഏഷ്യയിലും യൂറോപ്പിലും വടക്കേ അമേരിക്ക ആകെത്തന്നെയും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണവര്‍''.

ഭീകരതയെ ചെറുക്കുന്നതിനായി സംയുക്തമായി അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നുണ്ടെന്നും വിദഗ്ധന്‍മാരെ കൈമാറ്റം ചെയ്യുന്നുണ്ടെന്നും ഭീകരതയെ ചെറുക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വില്ലാര്‍ഡ് അറിയിച്ചു.

അമേരിക്കയെ സംബന്ധിച്ചിടത്തോളം ദക്ഷിണേഷ്യ വളരെയേറെ തന്ത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണെന്ന് വില്ലാര്‍ഡ് ചൂണ്ടിക്കാട്ടി. മധ്യപൂര്‍വദേശം, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നും ഊര്‍ജം, മറ്റ് വാണിജ്യവസ്തുക്കള്‍ എന്നിവ അമേരിക്കയിലേയ്ക്കും ഏഷ്യയിലേയ്ക്കും കടത്തുന്നതിനുള്ള പ്രധാനപ്പെട്ട സമുദ്രമാര്‍ഗമാണിവിടം. ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുമായി സഹകരണം വര്‍ധിപ്പിക്കുകയെന്നത് 'പാകോ'മിന്റെ പ്രധാനപ്പെട്ട ദൗത്യമാണ്. ദക്ഷിണേഷ്യയില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. ശത്രുതപുലര്‍ത്തുന്ന ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനും, ലഷ്‌കര്‍ ഇ തൊയ്ബ പോലുള്ള നിരവധി രാജ്യാന്തര ഭീകരസംഘടനകള്‍, മയക്കുമരുന്നുകടത്ത്, മനുഷ്യക്കടത്ത്, അതിര്‍ത്തി തര്‍ക്കങ്ങള്‍, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളെ ബാധിച്ചിട്ടുള്ള ആഭ്യന്തര കലാപങ്ങള്‍ എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. എല്‍ ഇ ടി പോലുള്ള ഭീകരസംഘടനകളെ ചെറുക്കുന്നതിനും കടല്‍ക്കൊള്ളയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാവികസുരക്ഷ ശക്തമാക്കുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിനും ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ സൈന്യങ്ങളെ പാകോം സഹായിച്ചുവരുന്നതായി വില്ലാര്‍ഡ് വെളിപ്പെടുത്തി. ഇന്ത്യയുടെയും അമേരിക്കയുടെയും സൈന്യങ്ങള്‍ തമ്മില്‍ ഉറ്റ സഹകരണവും പരസ്പര പ്രവര്‍ത്തനങ്ങളും വളര്‍ത്തുക പാകോമിന്റെ ദൗത്യത്തിലുള്‍പ്പെടുന്നതായി അതിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുവായ ഭീഷണികളെ നേരിടുന്നതിന് സൈന്യവും സിവിലിയന്‍മാരും തമ്മിലുള്ള ബന്ധങ്ങളും വളര്‍ത്തുക ലക്ഷ്യമാണ്. ഗവണ്‍മെന്റുകള്‍ തമ്മിലുള്ള സഹകരണം വളര്‍ത്തുന്നതോടൊപ്പം തന്നെ പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകളുടെ ഏജന്‍സികളുമായി പ്രത്യേക ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്നുണ്ട്.

ഏറ്റവുമൊടുവിലായി ചക്രവ്യൂഹ് എന്ന പേരില്‍ ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും സൈനികരുടെ ഒരു ത്രിദിന സംയുക്ത അഭ്യാസപ്രകടനം മിസോറാമിലെ വനാന്തരങ്ങളില്‍ സംഘടിപ്പിച്ചതിനു പിന്നിലും പാകോമാണ്. വ്യാഴാഴ്ച ആരംഭിച്ച അഭ്യാസപ്രകടനങ്ങള്‍ ശനിയാഴ്ച സമാപിക്കും.

1947 ജനുവരി ഒന്നിനാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഹാരി എസ് ട്രൂമാന്‍ യു എസ് പസഫിക് കമാന്റിന് (യു എസ് പാകോം) രൂപം നല്‍കിയത്. ഹോണോലുലുവിലെ സാള്‍ട്ട്‌ലേക്ക് ആയിരുന്നു ആസ്ഥാനം. 1972 ലാണ് ഇന്ത്യാ സമുദ്രമേഖലയിലേയ്ക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചത്. കരസേന, വ്യോമസേന, നാവികസേന എന്നീ വിഭാഗങ്ങളില്‍നിന്നായി മൂന്നു ലക്ഷം സൈനികര്‍ പാകോമില്‍ പ്രവര്‍ത്തിക്കുന്നു.

janayugom 030312

1 comment:

  1. ഇന്ത്യ ഉള്‍പ്പെടെ അഞ്ച് ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളില്‍ അമേരിക്കന്‍ പ്രത്യേക സേനയുടെ സാന്നിധ്യം. ഭീകരതയെ നേരിടുന്നതിനുള്ള സഹകരണത്തിന്റെ മറപിടിച്ചാണിത്. നേപ്പാള്‍, ബംഗ്ലദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവയാണ് അമേരിക്കന്‍ സൈന്യം നിലയുറപ്പിച്ചിട്ടുള്ള മറ്റ് ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍.യു എസ് പസഫിക് കമാന്റിന്റെ (പാകോം) കമാന്ററായ അഡ്മിറല്‍ റോബര്‍ട്ട് എഫ് വില്ലാര്‍ഡ് വെളിപ്പെടുത്തിയതാണീ വിവരം. ഭീകരതയെ നേരിടുന്നതിന് ഇന്ത്യയുമായുള്ള സഹകരണത്തെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മുമ്പാകെയായിരുന്നു ഈ വെളിപ്പെടുത്തല്‍.

    ReplyDelete