Saturday, March 3, 2012

വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം തിരിച്ചുവരുന്നു

ലിബര്‍ട്ടി പാര്‍ക്കില്‍ നിന്നും പൊലീസ് ബലപ്രയോഗത്തിലൂടെ പുറത്താക്കുകയും കടുത്ത തണുപ്പുകാലത്ത് മാധ്യമങ്ങള്‍ അവഗണിക്കുകയും ചെയ്ത 'വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍' പ്രക്ഷോഭം തിരിച്ചുവരുന്നു. ഫെബ്രുവരി 29 നു കോര്‍പ്പറേഷനുകള്‍ അടച്ചുപൂട്ടുക എന്ന പേരില്‍ അമേരിക്കയില്‍ എണ്‍പതില്‍പരം നഗരങ്ങളില്‍ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും അരങ്ങേറി. ആറിത്തണുത്തെന്ന് മാധ്യമങ്ങളും ഭരണകൂടവും കരുതിയ വാള്‍ സ്ട്രീറ്റ് പ്രക്ഷോഭം ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയത്.

''പ്രക്ഷോഭം സംബന്ധിച്ച് അവര്‍ക്ക് ഇപ്പോള്‍ നിശ്ചിതവും തന്ത്രപരമായ ഒരു പദ്ധതി ഇല്ല. കുത്തിയിരുപ്പ്, ഉപരോധങ്ങള്‍, ബഹിഷ്‌ക്കരണങ്ങള്‍, ബാനറുകള്‍ സ്ഥാപിക്കല്‍, സാംസ്‌ക്കാരിക സമരരൂപങ്ങള്‍, കലാപ്രകടനങ്ങള്‍ തുടങ്ങിയ മുന്നേറ്റങ്ങളാണ് അവര്‍ വിഭാവനം ചെയ്യുന്നത്''. ന്യൂയോര്‍ക് പൊലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഒരു സന്ദേശം പറയുന്നു.

''കോര്‍പ്പറേഷനുകള്‍ അടച്ചുപൂട്ടുക'' എന്ന സമരം ലക്ഷ്യംവയ്ക്കുന്നത് മുഖ്യമായും അമേരിക്കന്‍ ലെജിസ്ലേറ്റീവ് എക്‌സ്‌ചേഞ്ച് കൗണ്‍സിലിനെ (എ എല്‍ ഇ സി) യാണ്. ഇവരാണ് അമേരിക്കയിലെ ജനപ്രതിനിധികളെയും കമ്പനികളെയും അഡ്വക്കസി ഗ്രൂപ്പുകളെയും നിയമനിര്‍മാണത്തില്‍ സംയോജിപ്പിക്കുന്നത്. ഫലത്തില്‍ അമേരിക്കയില്‍ നിര്‍മിക്കപ്പെടുന്ന എല്ലാ പ്രതിലോമ നിയമ നിര്‍മാണത്തിനും പിന്നില്‍ എ എല്‍ ഇ സിയുടെ കരങ്ങളാണ്. ഇത് ഫലത്തില്‍ നിയമനിര്‍മാണ ബില്ലുകളുടെ അലക്കു കമ്പനിയാണെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസത്തെ പ്രക്ഷോഭത്തില്‍ ടെക്‌സാസിലെ ഓസ്റ്റിനില്‍ മൊണ്‍സാന്റോ ആസ്ഥാനത്തേയ്ക്ക് പ്രകടനം നടന്നു. ഓറിഗണിലെ പോര്‍ട്ട്‌ലാന്റില്‍ പ്രക്ഷോഭകര്‍ 76 ഗ്യാസ് സ്റ്റേഷനു (പെട്രോള്‍ സ്റ്റേഷനു)കളില്‍ പ്രകടനം നടത്തി. ചില്ലറ വില്‍പന മേഖലയിലെ വെരിസോണ്‍ സ്റ്റോര്‍ പ്രകടനത്തെ തുടര്‍ന്ന് ഷട്ടറിട്ടു. ന്യൂയോര്‍ക്കിലെ പിഫ്‌സര്‍ മരുന്നു കുത്തക ആസ്ഥാനത്ത് നടന്ന പ്രകടനം ''ലാഭക്കൊള്ളയില്‍ മികച്ചത്'' എന്ന അവാര്‍ഡ് നല്‍കി.

യൂറോമേഖലയില്‍ തൊഴിലില്ലായ്മയും നാണയപ്പെരുപ്പവും കുതിച്ചുയരുന്നു

റോം: യൂറോമേഖലയിലെ രാജ്യങ്ങളിലെ തൊഴിലില്ലായ്മ നിരക്കിലും പണപ്പെരുപ്പ നിരക്കിലും വന്‍വര്‍ധനവ്. യൂറോ അടിസ്ഥാന കറന്‍സിയായി ഉപയോഗിക്കുന്ന 17 രാജ്യങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ജനുവരിയില്‍ 10.7 ശതമാനം വര്‍ധിച്ച് സര്‍വകാല റെക്കോഡിലെത്തി. ഡിസംബര്‍ മാസത്തില്‍ 10.4 ശതമാനം മുതല്‍ 10.6 ശതമാനം വരെയായിരുന്നു ഇത്.
16.9 ദശലക്ഷം ജനങ്ങളാണ് യൂറോസോണ്‍ രാജ്യങ്ങളില്‍ തൊഴില്‍രഹിതരായുളളതെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ യൂറോസ്റ്റാറ്റ് വെളിപ്പെടുത്തി.
യൂറോപ്പിലെ തൊഴിലില്ലായ്മയുടെ നിരക്ക് അമേരിക്കയേക്കാള്‍ കൂടുതലാണ്. അമേരിക്കയില്‍ 8.3 ശതമാനമായിരുന്നു ജനുവരിയിലെ തൊഴിലില്ലായ്മാ നിരക്ക്. ജപ്പാനില്‍ ഡിസംബറില്‍ 4.6 ശതമാനം പേര്‍ തൊഴില്‍ രഹിതരായിരുന്നു.

ഇറ്റലിയില്‍ തൊഴിലില്ലായ്മാ നിരക്ക് ജനുവരിയില്‍ 9.2 ശതമാനമായി വര്‍ധിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയായ ഇസ്റ്റാറ്റിന്റെ പഠനങ്ങളില്‍ പറയുന്നു. ഡിസംബറില്‍ ഇത് 8.9 ശതമാനമായിരുന്നു. 2001 ലെ സാമ്പത്തികമാന്ദ്യത്തിന് ശേഷം ഇറ്റലിയില്‍ തൊഴിലില്ലായ്മ ഇത്രയേറെ രൂക്ഷമാകുന്നത് ഇപ്പോഴാണ്.

യൂറോസോണില്‍ തൊഴിലില്ലായ്മ നിരക്കില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായത് സ്‌പെയിനിലാണ് 23.3 ശതമാനം. ഏറ്റവും കുറവ് ഓസ്ട്രിയയിലും. ഇവിടെ 4 ശതമാനം മാത്രമാണ് തൊഴിലില്ലായ്മാ നിരക്കില്‍ വര്‍ധനവുണ്ടായത്. സാമ്പത്തികമായി കരുത്താര്‍ജിച്ചിട്ടുളള ജര്‍മനിയില്‍ 6.8 ശതമാനമാണ് തൊഴിലില്ലായ്മ.

യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ജനുവരിയില്‍ 10.1 ശതമാനത്തിലെത്തിയതായി യൂറോസ്റ്റാറ്റിന്റെ പഠനം വെളിപ്പെടുത്തുന്നു. 24.3 ദശലക്ഷം ജനങ്ങളാണ് ഈ മേഖലകളില്‍ തൊഴില്‍ രഹിതരായുളളത്.

നാണയപെരുപ്പത്തിന്റെ തോത് ഇനിയും വര്‍ധിക്കുമെന്നാണ് ഭയപ്പെടുന്നത്.യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍പ്പെട്ട 800 ലധികം ബാങ്കുകള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍  713 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് പഠനറിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇതേ തുടര്‍ന്ന് ബാങ്കിംഗ് ഓഹരികളുടെ മൂല്യം കുത്തനെ കുതിച്ചുയര്‍ന്നു.

എന്നാല്‍ മറ്റു പ്രധാന ബാങ്കുകളും ഈ പാത പിന്തുടര്‍ന്ന് കൂടുതല്‍ പണം വിപണിയിലിറക്കിയതോടെ നാണയപ്പെരുപ്പം കൂടുതല്‍ വഷളാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

janayugom 020312

1 comment:

  1. ലിബര്‍ട്ടി പാര്‍ക്കില്‍ നിന്നും പൊലീസ് ബലപ്രയോഗത്തിലൂടെ പുറത്താക്കുകയും കടുത്ത തണുപ്പുകാലത്ത് മാധ്യമങ്ങള്‍ അവഗണിക്കുകയും ചെയ്ത 'വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍' പ്രക്ഷോഭം തിരിച്ചുവരുന്നു. ഫെബ്രുവരി 29 നു കോര്‍പ്പറേഷനുകള്‍ അടച്ചുപൂട്ടുക എന്ന പേരില്‍ അമേരിക്കയില്‍ എണ്‍പതില്‍പരം നഗരങ്ങളില്‍ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും അരങ്ങേറി. ആറിത്തണുത്തെന്ന് മാധ്യമങ്ങളും ഭരണകൂടവും കരുതിയ വാള്‍ സ്ട്രീറ്റ് പ്രക്ഷോഭം ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയത്.

    ReplyDelete