സംസ്ഥാനങ്ങളുടെ അംഗീകാരത്തോടെ മാത്രമേ എന്‍സിടിസി സ്ഥാപിക്കൂ എന്ന ഉറപ്പ് പ്രധാനമന്ത്രി നല്‍കിയാല്‍ ഭേദഗതി പിന്‍വലിക്കാന്‍ പ്രതിപക്ഷ പാര്‍ടികള്‍ തയ്യാറാണെന്ന് സിപിഐ എം പാര്‍ലമെന്ററിപാര്‍ടി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍ ഭേദഗതിയുടെ ആവശ്യമില്ലെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപനം അനാവശ്യമായി വോട്ടെടുപ്പിലേക്ക് എത്തിക്കരുതെന്നും യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്‍ , ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പ്രധാനമന്ത്രി സഭയില്‍ ഹാജരുണ്ടായിരുന്നെങ്കിലും നിശബ്ദത പാലിച്ചു. തുടര്‍ന്നാണ് വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
നേരത്തെ ചര്‍ച്ചയ്ക്ക് മറുപടി നല്‍കിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്‍സിടിസിയുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ ശ്രമിക്കുമെന്ന് അറിയിച്ചു. ഏപ്രില്‍ 16ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഭീകരതയും നക്സല്‍ തീവ്രവാദവും നേരിടുന്ന കാര്യത്തില്‍ എന്‍സിടിസി സുപ്രധാന ചുവടുവയ്പാണ്. ഒഡിഷയില്‍ രണ്ട് ഇറ്റാലിയന്‍ പൗരന്മാരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത് ഇത്തരം സംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുടെ വ്യക്തമായ ഓര്‍മപ്പെടുത്തലാണ്. എന്‍സിടിസി എന്ന ആശയവും അത് എങ്ങനെ സ്ഥാപിക്കണമെന്നതും വ്യത്യസ്തമായ കാര്യമാണ്. പ്രവര്‍ത്തനം എങ്ങനെ വേണമെന്ന കാര്യത്തില്‍ സമവായത്തിലെത്താന്‍ ശ്രമിക്കും- പ്രധാനമന്ത്രി പറഞ്ഞു. അറസ്റ്റിനുള്ള അധികാരം എന്‍സിടിസിക്ക് നല്‍കുന്നത് ഫെഡറല്‍ഘടനയ്ക്ക് ദോഷംചെയ്യുമെന്ന് യെച്ചൂരി പറഞ്ഞു. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് അറസ്റ്റിനുള്ള അധികാരം മറ്റൊരു രാജ്യത്തുമില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
ക്രമസമാധാനം സംസ്ഥാന വിഷയമാണെന്നു ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് കുറ്റപ്പെടുത്തി. ശ്രീലങ്കന്‍ തമിഴ്പ്രശ്നത്തില്‍ കഴിഞ്ഞ ദിവസം ലോക്സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രധാനമന്ത്രി മറുപടി പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. യുഎന്‍ മനുഷ്യാവകാശ കമീഷനില്‍ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തിന് പിന്തുണ നല്‍കുന്നതിനുള്ള ഒരു ചായ്വിലേക്ക് സര്‍ക്കാര്‍ മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുഎസ് പ്രമേയത്തിന്റെ പൂര്‍ണമായ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. എന്നാല്‍ , എഐഎഡിഎംകെ അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചോദ്യംചെയ്തു. പകര്‍പ്പ് സര്‍ക്കാരിന് മാത്രമാണ് ലഭിക്കാത്തതെന്നും മറ്റെല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും പകര്‍പ്പടങ്ങിയ സിഡി ഉയര്‍ത്തിക്കാട്ടി എഐഎഡിഎംകെ നേതാവ് മൈത്രേയന്‍ പറഞ്ഞു.
deshabhimani 210312
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം യുപിഎയ്ക്ക് പുറത്തുള്ള സമാജ്വാദി പാര്‍ടിയുടെയും(എസ്പി) ബഹുജന്‍ സമാജ്വാദി പാര്‍ടിയുടെയും (ബിഎസ്പി) പിന്തുണയോടെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കി. എന്നാല്‍ യുപിഎ ഘടകകക്ഷിയായ തൃണമൂലിന്റെ ആറ്അംഗങ്ങള്‍ വോട്ടെടുപ്പ് സമയത്ത് വിട്ടുനിന്നു. ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍സിടിസി) സ്ഥാപിക്കാനുള്ള ശ്രമം തുടരുമെന്ന പരാമര്‍ശം നയപ്രഖ്യാപനത്തില്‍നിന്ന് ഒഴിവാക്കണമെന്ന പ്രതിപക്ഷ ഭേദഗതി 82 നെതിരെ 105 വോട്ടിന് സഭ തള്ളി. ശ്രീലങ്കന്‍ തമിഴ്പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച ഡിഎംകെ, നിര്‍ണായകഘട്ടത്തില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. 17 അംഗ ബിഎസ്പിയും നാല് അംഗങ്ങളുള്ള എസ്പിയും ഭേദഗതിക്ക് എതിരായി വോട്ടുചെയ്തതോടെ സര്‍ക്കാര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ReplyDelete