Wednesday, March 21, 2012

നാളെയുടെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജവുമായി....


സഹനശക്തിയും നിശ്ചയദാര്‍ഢ്യവും മാത്രം കൈമുതലാക്കി ഇന്നലെകളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനഹൃദയങ്ങളിലെത്തിക്കാന്‍ ത്യാഗോജ്വലം പ്രയത്നിച്ച ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരുടെ സംഗമം നാളെയുടെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജമായി. ജീവിതം പ്രസ്ഥാനത്തിനു പകുത്തുനല്‍കിയ 250 ആദ്യകാല സഖാക്കളെയാണ് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഇ കെ നായനാര്‍ നഗറില്‍ (ടൗണ്‍ഹാള്‍) നടത്തിയ സംഗമത്തില്‍ ആദരിച്ചത്. പ്രസ്ഥാനം പിറവികൊണ്ട 1964 മുതല്‍ പാര്‍ടി മെമ്പര്‍മാരായിരുന്നവരാണ് എല്ലാവരും. സംഗമം പുന്നപ്ര വയലാര്‍ സമര സേനാനിയും സിപിഐ എമ്മിന്റെ സമുന്നത നേതാവുമായ പി കെ ചന്ദ്രാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട്ടെ ദേശാഭിമാനിയിലും കല്ലായിയിലെ തിരുവണ്ണൂര്‍ കോട്ടന്‍മില്ലിനു സമീപവും ഒളിവില്‍ കഴിയേണ്ടിവന്ന കാലവും അന്നത്തെ സഖാക്കളുടെ അര്‍പ്പണബോധവും ഓര്‍ത്തെടുത്ത പി കെ സി പോരാട്ടങ്ങളുടെ കനല്‍പാതകള്‍ താണ്ടിയ അക്കാലം സദസ്സുമായി പങ്കുവച്ചു. തങ്ങള്‍ അടക്കമുള്ള എണ്ണമറ്റ സ്വാതന്ത്ര്യ സമരഭടര്‍ പോരാടി നേടിയ സ്വാതന്ത്ര്യം ഇന്ന് മന്‍മോഹന്‍സിങ്ങും കൂട്ടരും അമേരിക്കയുടെ വാലില്‍ കെട്ടി തൂക്കിയിരിക്കുകയാണ്. സ്വതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ കുത്തകകളായി ടാറ്റയും ബിര്‍ളയുമേ ഉണ്ടായിരുന്നുള്ളൂ. രാജ്യം ഭരിച്ചവര്‍ കുത്തകകളുടെ എണ്ണം 59 ആക്കി. സാമ്രാജ്യത്വത്തിനും കുത്തകകള്‍ക്കുമെതിരെയുള്ള പോരാട്ടം കൂടുതല്‍ കരുത്തോടെ തുടരണം- അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി പി ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ സഖാക്കളെ ആദരിച്ചു ആദരിച്ചു. ജീവിതകാലം മുഴുവന്‍ പ്രസ്ഥാനത്തിനുവേണ്ടി ത്യാഗംസഹിച്ച ആദ്യകാല പ്രവര്‍ത്തകര്‍ പാര്‍ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തും ആവേശവുമാണെന്ന് അദ്ദേഹം പറഞ്ഞു. സഖാക്കളെ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്‍ പരിചയപ്പെടുത്തി. കൂത്താളി രക്തസാക്ഷി ചോയിയോടെപ്പം സമരമുഖത്തുണ്ടായിരിക്കുകയും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്ത കെ എം കണ്ണന്‍മാസ്റ്റര്‍ , കോട്ടപ്പള്ളിക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ ജീവപര്യന്തം തടവനുഭവിച്ച ധീര പോരാളി ടി കെ ബാലന്‍ നായര്‍ , ഇ എം ബാലന്‍ , ഗോവ മമ്മു, കയര്‍ തൊഴിലാളികളെ സംഘടിപ്പിച്ച എം കെ കണ്ടക്കുട്ടിയേട്ടന്‍ , കുടിയേറ്റ കര്‍ഷകരെ സംഘടിപ്പിച്ച് മലയോരത്ത് പാര്‍ടി കെട്ടിപ്പടുത്ത കലാകാരന്‍കൂടിയായ ജോസ് വര്‍ഗീസ്, മുന്‍ ജില്ലാ സെക്രട്ടറി എം കേളപ്പന്‍ , കെ മാനുക്കുട്ടന്‍ , പി ടി രാജന്‍ തുടങ്ങി ജില്ലയിലെ മുഴുവന്‍ ഏരിയകളിലെയും ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചു. കണ്‍വീനര്‍ വി ബാലകൃഷ്ണന്‍ സ്വാഗതവും മാമ്പറ്റ ശ്രീധരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിപ്ലവഗാനമേളയും വൈകിട്ട് ടി സുരേഷ് ബാബു സംവിധാനം നിര്‍വഹിച്ച ഇ കെ അയമുവിന്റെ "ജ്ജ് നല്ലൊരു മനിസനാകാന്‍ നോക്ക്" നാടകവും അരങ്ങേറി.

deshabhimani 210312

1 comment:

  1. സഹനശക്തിയും നിശ്ചയദാര്‍ഢ്യവും മാത്രം കൈമുതലാക്കി ഇന്നലെകളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനഹൃദയങ്ങളിലെത്തിക്കാന്‍ ത്യാഗോജ്വലം പ്രയത്നിച്ച ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരുടെ സംഗമം നാളെയുടെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജമായി. ജീവിതം പ്രസ്ഥാനത്തിനു പകുത്തുനല്‍കിയ 250 ആദ്യകാല സഖാക്കളെയാണ് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഇ കെ നായനാര്‍ നഗറില്‍ (ടൗണ്‍ഹാള്‍) നടത്തിയ സംഗമത്തില്‍ ആദരിച്ചത്. പ്രസ്ഥാനം പിറവികൊണ്ട 1964 മുതല്‍ പാര്‍ടി മെമ്പര്‍മാരായിരുന്നവരാണ് എല്ലാവരും. സംഗമം പുന്നപ്ര വയലാര്‍ സമര സേനാനിയും സിപിഐ എമ്മിന്റെ സമുന്നത നേതാവുമായ പി കെ ചന്ദ്രാനന്ദന്‍ ഉദ്ഘാടനം ചെയ്തു

    ReplyDelete