Wednesday, March 21, 2012

കാര്‍ഷിക സര്‍വകലാശാലാ ഭൂമി അനധികൃതമായി കൈമാറാന്‍ നീക്കം

തൃശൂര്‍ : ലക്ഷങ്ങള്‍ വിലമതിക്കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഭൂമി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന് അനധികൃതമായി കൈമാറാന്‍ തീരുമാനം. കൈമാറ്റത്തിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങാന്‍ സര്‍വകലാശാലാ സ്റ്റേഷന്‍ ഹെഡ്ഡിന് രജിസ്ട്രാര്‍ നിര്‍ദേശം നല്‍കി. സര്‍വകലാശാലാ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ബന്ധപ്പെട്ട ഗവേഷണ കേന്ദ്ര മേധാവിയടക്കമുള്ളവര്‍ സ്ഥലം നല്‍കുന്നതിനെ എതിര്‍ത്തെങ്കിലും ഇത് അവഗണിച്ചാണ് 35 ലക്ഷത്തിലധികം വില വരുന്ന ഭൂമി സൗജന്യമായി നല്‍കാന്‍ തീരുമാനം.

കൊല്ലം ജില്ലയിലെ വെട്ടിക്കവല പഞ്ചായത്തിലെ സദാനന്ദപുരത്തെ കാര്‍ഷിക സര്‍വകലാശാലയുടെ കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിന്റെ (ഫാമിങ് സിസ്റ്റം റിസര്‍ച്ച് സ്റ്റേഷന്‍) 13.5 സെന്റ് സ്ഥലമാണ് പഞ്ചായത്തിന് നല്‍കാന്‍ നിര്‍വാഹകസമിതി തീരുമാനിച്ചത്. 2011 നവംബര്‍ 15നു ചേര്‍ന്ന കാര്‍ഷിക സര്‍വകലാശാലയുടെ 487-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് വെട്ടിക്കവല പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗത്തിന്റെ ആവശ്യപ്രകാരം സ്ഥലം നല്‍കാന്‍ തീരുമാനിച്ചത്. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ രണ്ട് സ്ഥലങ്ങളിലായി ആകെ 12 ഏക്കര്‍ 17 സെന്റിലാണ് സര്‍വകലാശാലാ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. 1986ല്‍ 45 ലക്ഷം രൂപ വിലയ്ക്ക് സര്‍വകലാശാല വാങ്ങിയ ഭൂമിയ്ക്ക് കാലോചിതമായി വില പരിഷ്കരിച്ചുനല്‍കണമെന്ന ആവശ്യത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 78 ലക്ഷം രൂപ സര്‍വകലാശാല വീണ്ടും നല്‍കി. ഈ സ്ഥലത്തുനിന്നാണ് സെന്റിന് രണ്ടരലക്ഷം രൂപ വില വരുന്ന 13.5 സെന്റ് ഭൂമി വിട്ടുകൊടുക്കാന്‍ തീരുമാനം. സര്‍വകലാശാലാ കേന്ദ്രത്തിന്റെ കിഴക്കുവശത്തുകൂടി ഒരു മീറ്റര്‍ വീതിയില്‍ 200 മീറ്റര്‍ നീളത്തില്‍ വഴിയും വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാന്‍ സ്ഥലവും നല്‍കണമെന്ന് പഞ്ചായത്തംഗവും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ എം പി സജീവ് ആണ് സര്‍വകലാശാലയോട് ആവശ്യപ്പെട്ടത്. 2010 ഡിസംബറില്‍ ഇതു സംബന്ധിച്ച നിവേദനം സര്‍ക്കാരിന് നല്‍കി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതില്‍ നടപടിയെടുത്തില്ല.

യുഡിഎഫ് അധികാരത്തില്‍ വന്നതിനെത്തുടര്‍ന്നാണ് വഴി നല്‍കുന്ന കാര്യം വീണ്ടും പരിഗണിച്ചത്. പഞ്ചായത്തിന് വഴിക്കായി സര്‍വകലാശാല ഭൂമി നേരത്തേതന്നെ വിട്ടുകൊടുത്തിട്ടുണ്ടെന്നും ഇവിടെ എല്ലാ വീടുകളിലും വൈദ്യുതിയുണ്ടെന്നും കാണിച്ച് സ്റ്റേഷന്‍ ഹെഡ് 2011 ജൂലൈ ഏഴിന് സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ചകളോ അന്വേഷണങ്ങളോ നടത്തിയില്ല. പഞ്ചായത്ത് ആവശ്യപ്പെട്ടതിനേക്കാള്‍ കൂടുതലായി 1.5 മീറ്റര്‍ വീതം ക്യാമ്പസിന്റെ ചുറ്റുമായി നല്‍കാനുള്ള നീക്കം നടക്കുകയാണ്. ഇതു സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രജിസ്ട്രാര്‍ ഡോ. പി ബി പുഷ്പലത സ്റ്റേഷന്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ജനുവരിയിലാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.
(മഞ്ജു കുട്ടികൃഷ്ണന്‍)

deshabhimani 210312

1 comment:

  1. ലക്ഷങ്ങള്‍ വിലമതിക്കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഭൂമി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന് അനധികൃതമായി കൈമാറാന്‍ തീരുമാനം. കൈമാറ്റത്തിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങാന്‍ സര്‍വകലാശാലാ സ്റ്റേഷന്‍ ഹെഡ്ഡിന് രജിസ്ട്രാര്‍ നിര്‍ദേശം നല്‍കി. സര്‍വകലാശാലാ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ബന്ധപ്പെട്ട ഗവേഷണ കേന്ദ്ര മേധാവിയടക്കമുള്ളവര്‍ സ്ഥലം നല്‍കുന്നതിനെ എതിര്‍ത്തെങ്കിലും ഇത് അവഗണിച്ചാണ് 35 ലക്ഷത്തിലധികം വില വരുന്ന ഭൂമി സൗജന്യമായി നല്‍കാന്‍ തീരുമാനം.

    ReplyDelete