Tuesday, March 20, 2012

ധനമന്ത്രിയുടെ പൊള്ളത്തരം പുറത്തായ ബജറ്റ്: ഐസക്

സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവള പത്രത്തിലും പുറത്തും ധനമന്ത്രി കെ എം മാണി പറഞ്ഞതിന്റെയെല്ലാം പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ് തിങ്കളാഴ്ച അവതരിപ്പിച്ച ബജറ്റെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ബജറ്റാണ് കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ചത്. വാറ്റ് നികുതി ഒരു ശതമാനം ഉയര്‍ത്തിയതിന്റെ അടിസ്ഥാനത്തില്‍ ചുരുക്കംചില ഉല്‍പ്പന്നമൊഴികെ മറ്റെല്ലാത്തിനും കുത്തനെ വില ഉയരും. പെന്‍ഷന്‍ പ്രായം ഏകീകരണവും പെന്‍ഷന്‍ പ്രായം ഉയര്‍ത്തലും ഒന്നാണെന്ന് വ്യാഖ്യാനിക്കാനുള്ള തന്ത്രം തട്ടിപ്പാണ്. ഭരണപരമായ കാരണങ്ങള്‍ കൊണ്ടാണ് ഏകീകരണം നടപ്പാക്കിയത്. പെന്‍ഷന്‍ പ്രായം ഏകീകരണം നിര്‍ത്തലാക്കിയാലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതിയോളം വരുന്ന അധ്യാപകര്‍ക്ക് ഏകീകരിച്ച രീതി തുടരും. ഇതും പെന്‍ഷന്‍ പ്രായം ഉയര്‍ത്തലും ഒന്നല്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതോടെ ഫലത്തില്‍ ഒരുവര്‍ഷത്തേക്ക് നിയമന നിരോധനമാണ് കൊണ്ടുവന്നിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നല്‍കിയില്ലെങ്കിലും പൊതു സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ഫലമായി മറ്റേതെങ്കിലും മേഖലയില്‍ തൊഴില്‍ ലഭിക്കുമെന്ന പ്രതീക്ഷയും ബജറ്റ് നല്‍കുന്നില്ല. പുതുതായി പ്രഖ്യാപിച്ച തൊഴില്‍ദാന പദ്ധതിയുടെയെല്ലാം വിജയം പൊതു സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചാണ്. എന്നാല്‍ , പൊതു സാമ്പത്തിക സ്ഥിതി കേരളത്തില്‍ മോശമായി തുടരുകയാണ്.

ഒരു മണ്ഡലത്തില്‍ അഞ്ചുകോടി രൂപ വീതം അനുവദിച്ചെന്ന് ആവര്‍ത്തിക്കുന്ന ധനമന്ത്രി എല്‍ഡിഎഫ് ഭരണകാലത്ത് ഒരു മണ്ഡലത്തില്‍ 15 കോടി രൂപ വീതം വകയിരുത്തിയതെന്ന കാര്യം മനഃപൂര്‍വം വിസ്മരിക്കുകയാണെന്നും ഐസക് പറഞ്ഞു.

deshabhimani 200312

1 comment:

  1. സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവള പത്രത്തിലും പുറത്തും ധനമന്ത്രി കെ എം മാണി പറഞ്ഞതിന്റെയെല്ലാം പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ് തിങ്കളാഴ്ച അവതരിപ്പിച്ച ബജറ്റെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete