Sunday, March 18, 2012

കെംപ് ആംബുലന്‍സുകള്‍ മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

കല്‍പ്പറ്റ/പനമരം: അത്യാഹിത ഘട്ടങ്ങളില്‍ അടിയന്തിരവൈദ്യസഹായമെത്തിക്കുന്ന (കെംപ്) ആംബുലന്‍സുകള്‍ ജില്ലയില്‍ നിന്ന് കടത്തികൊണ്ട്പോകാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേയും മാനന്തവാടി ജില്ലാആശുപത്രിയിലേയും ആംബുലന്‍സുകള്‍ കടത്താനുള്ള നീക്കമാണ് തടഞ്ഞത്. രഹസ്യവിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യുവജനസംഘടനകളും നാട്ടുകാരും ഇടപെട്ടതോടെയാണ് നീക്കം പരാജയപ്പെട്ടത്. പനമരത്ത് നാട്ടുകാര്‍ സംഘടിച്ചെത്തിയത് സംഘര്‍ഷം സൃഷ്ടിച്ചു. കല്‍പ്പറ്റ ഗവ.ആശുപത്രിക്ക് സമീപത്ത് രാവിലെഏഴ്മണിയോടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞത്. പിന്നീട് യുവമോര്‍ച്ച, എഐവൈഎഫ്, യുവജനതാദള്‍ എന്നീ സംഘടനകളും സമരത്തില്‍ പങ്കെടുത്തു. കെ സുഗതന്‍ , കെ ടി ബാബു, മാടായി ലത്തീഫ്, ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി എം മധു, പി എം സന്തോഷ്, വി ഹാരിസ്, എഐവൈഎഫ് നേതാക്കളായ ശ്രീജിത്, രാജന്‍ കാളാടന്‍ , യുവമോര്‍ച്ച നേതാക്കളായ പി ജി ആനന്ദ്കുമാര്‍ , ഇ എ സുഭാഷ്, എന്നിവര്‍ കല്‍പ്പറ്റയില്‍ സമരത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ജില്ലാകലക്ടറുമായും ജില്ല പൊലീസ് സൂപ്രണ്ടുമായും നടത്തിയ ചര്‍ച്ചയില്‍ ആംബുലന്‍സ് ജില്ലയില്‍ തന്നെ നിലനിര്‍ത്തണമെന്ന ആവശ്യം സര്‍ക്കാറില്‍ അറിയിക്കാമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്.

രാവിലെ ആറ് മണിക്ക് മാനന്തവാടി ജില്ല ആശുപത്രിയില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് ഏഴുമണിയോടെ പനമരം ബസ്സ്റ്റാന്‍ഡിന് സമീപത്ത്വെച്ചാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ തടഞ്ഞത്. വിവിധ രാഷ്ട്രീയ പാര്‍ടികളുടെ കൊടികള്‍ പ്രതിഷേധക്കാര്‍ വാഹനത്തില്‍ തൂക്കി. നാട്ടുകാര്‍ വാഹനം തടഞ്ഞ വിവരം അറിഞ്ഞെത്തിയ പനമരം എസ്ഐ കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിരിഞ്ഞു പോയില്ല. പത്ത് മണിയോടെ ഡെപ്യൂട്ടി ഡിഎംഒയും സ്ഥലത്തെത്തിയങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. തുടര്‍ന്ന് പനമരം പഞ്ചായത്ത് പ്രസിഡണ്ട് വാസു അമ്മാനിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് നാട്ടുകാര്‍ ആംബുലന്‍സ് മാറ്റാന്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ചു. സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ വിവിധ ആവശ്യങ്ങള്‍ക്ക് ടൗണിലെത്തിയ ജനങ്ങളും വലഞ്ഞു. തുടര്‍ന്ന് എഡിഎം പി അറുമുഖന്‍ ,തഹസില്‍ദാര്‍ പിപി കൃഷ്ണന്‍കുട്ടി, ഡെ.ഡിഎംഒ ഡോ.അജയകുമാര്‍ , എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തി. 23ന് മന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്നും അതുവരെ തല്‍സ്ഥിതി നിലനിര്‍ത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

സമരത്തിന് പഞ്ചായത്ത് പ്രസിഡന്റിന് പുറമേ വൈസ്പ്രസിഡന്റ് പികെ അസ്മത്ത്, സൗജിത് ഉസ്മാന്‍ ,ഡോ.ചന്ദ്രശേഖരന്‍ ,സിപിഐഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ജി പ്രതാപചന്ദ്രന്‍ , ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെപി ഷിജു, സജേഷ്, ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഷാന്ത്,ഹംസ,ബെന്നി,എന്‍സിപി നേതാവ് ടി മുഹമ്മദ്,മുസ്ലിംലീഗ്നേതാവ് കണ്ണോളി മുഹമ്മദ്,എെഐവൈഎഫ് താലൂക്ക്സെക്രട്ടറി വിപി മുഹമ്മദാലി, എന്നിവര്‍ നേതൃത്വം നല്‍കി.

എല്ലാ ആധുനിക ചികിത്സസംവിധാനവുമുള്ള കെംപ് ആംബുലന്‍സിന് പകരം ഒരു സൗകര്യവുമില്ലാത്ത ആംബുലന്‍സുകളാണ് കലക്ടറേറ്റില്‍ എത്തിച്ചത്. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്റെ കമ്പനിയായ "സികിത്സ"യെ ഏല്‍പ്പിക്കുന്നതിന്റെ മുന്നോടിയായാണ് വയനാട്ടില്‍ നിന്നുള്ള ആംബുലന്‍സുകള്‍ പിന്‍വലിക്കുന്നതെന്നാരോപണമുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് സംസ്ഥാനത്ത് എന്‍ആര്‍എച്ച്എമ്മിന്റെ കീഴില്‍ കേരള എമര്‍ജന്‍സിങ് മെഡിക്കല്‍ സര്‍വീസ് പ്രൊജക്ട് (കെംപ്) ആരംഭിക്കുന്നത്. സംസ്ഥാനത്ത് 25 ആംബുലന്‍സുകളാണ് സര്‍വീസ് നടത്തുന്നത്. ചികിത്സാസൗകര്യങ്ങള്‍ കുറവായ ജില്ലയില്‍ ആംബുലന്‍സ് ഏറെ പ്രയോജനപ്പെട്ടിരുന്നു. ഇതിനകം ആയിരത്തോളം രോഗികള്‍ക്ക് ആബുലന്‍സ് സേവനം ലഭ്യമായിരുന്നു. വയനാട്ടില്‍ നിന്നും കോഴിക്കോട് ജില്ലയിലേക്ക് റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് കോഴിക്കോട് നിന്നും ആംബുലന്‍സുകള്‍ എത്തിയതിന് ശേഷം മാത്രമേ ചികിത്സ ലഭിക്കാറുള്ളു. കിലോമീറ്ററിന് 50 മുതല്‍ 80 രൂപ വരെ ആംബുലന്‍സ് വാടകയായി നല്‍കേണ്ടിയും വരും. ഈ പ്രശ്നം കെംപ് ആംബുലന്‍സുകള്‍ വന്നതോടെ പരിഹരിക്കപ്പെട്ടിരുന്നു. ആധുനിക ചികിത്സസൗകര്യങ്ങളില്ലാത്ത ജില്ലക്ക് ഏറെ പ്രയോജനപ്രദമാകുന്ന ആംബുലന്‍സ് പിന്‍വലിക്കാന്‍ മുമ്പും നീക്കം നടന്നെങ്കിലും ജനകീയ ചെറുത്ത് നില്‍പ്പില്‍ പരാജയപ്പെടുകയായിരുന്നു.

"108" ആംബുലന്‍സ് വിട്ടുകൊടുക്കില്ല

മലപ്പുറം: മഞ്ചേരി ജനറല്‍ ആശുപത്രിയിലെ "108" ആംബുലന്‍സ് ആലപ്പുഴയിലേക്ക് വിട്ടുനല്‍കില്ലെന്ന് സര്‍ക്കാരിനെ അറിയിക്കാന്‍ കലക്ടര്‍ എം സി മോഹന്‍ദാസ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം തീരുമാനിച്ചു. ആംബുലന്‍സ് ആലപ്പുഴയിലേക്ക് കടത്താനുള്ള ശ്രമം കഴിഞ്ഞദിവസം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കലക്ടറുടെ അധ്യക്ഷതയില്‍ ശനിയാഴ്ച യോഗംചേര്‍ന്നത്. ഭാവിയില്‍ ഇത്തരത്തിലൊരു ഉത്തരവ് വന്നാലും ആംബുലന്‍സ് വിട്ടുനല്‍കാതിരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ആംബുലന്‍സ് കൊണ്ടുപോകുന്നത് തടയാന്‍ ജില്ലയിലെ യുഡിഎഫ് എംഎല്‍എമാര്‍ ഇടപെട്ടില്ലെന്ന് യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. നാല് മന്ത്രിമാരുണ്ടായിട്ടും ജില്ലയുടെ പൊതു ആവശ്യത്തിനുവേണ്ടി സമ്മര്‍ദം ചെലുത്താത്തതും പോരായ്മയായി ചൂണ്ടിക്കാട്ടി. എന്നാല്‍ , ഇക്കാര്യത്തില്‍ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നായിരുന്നു ലീഗ് നേതാക്കളുടെ വാദം.

ആധുനിക സൗകര്യങ്ങളോടെയുള്ള ജില്ലയിലെ ഏക ആംബുലന്‍സ് ആലപ്പുഴയിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ആശുപത്രി സൂപ്രണ്ട് നിര്‍ദേശംനല്‍കിയത്. ആംബുലന്‍സ് ഡിഎംഒ ഓഫീസിലെത്തിക്കാന്‍ കൊണ്ടുപോകുമ്പോള്‍കച്ചേരിപ്പടിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ് തിരികെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കലക്ടര്‍ എം സി മോഹന്‍ദാസ് അധ്യക്ഷനായി. എഡിഎം എന്‍ കെ ആന്റണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന, ആശുപത്രി സൂപ്രണ്ട് എ പി പാര്‍വതി, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി വിജയലക്ഷ്മി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി സത്യന്‍ , സംസ്ഥാന വൈസ്പ്രസിഡന്റ് വി പി റജീന, മഞ്ചേരി ബ്ലോക്ക്് സെക്രട്ടറി അഡ്വ. കെ മുഹമ്മദ് ഷരീഫ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. കെ കെ സമദ്, പ്രൊഫ. പി ഗൗരി എന്നിവര്‍ സംസാരിച്ചു.

deshabhimani 180312

1 comment:

  1. എല്ലാ ആധുനിക ചികിത്സസംവിധാനവുമുള്ള കെംപ് ആംബുലന്‍സിന് പകരം ഒരു സൗകര്യവുമില്ലാത്ത ആംബുലന്‍സുകളാണ് കലക്ടറേറ്റില്‍ എത്തിച്ചത്. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്റെ കമ്പനിയായ "സികിത്സ"യെ ഏല്‍പ്പിക്കുന്നതിന്റെ മുന്നോടിയായാണ് വയനാട്ടില്‍ നിന്നുള്ള ആംബുലന്‍സുകള്‍ പിന്‍വലിക്കുന്നതെന്നാരോപണമുണ്ട്.

    ReplyDelete