Sunday, March 18, 2012

സര്‍ക്കാരിന്റെ കഴിവുകേട്: പട്ടികജാതി-വര്‍ഗ ഉന്നമനത്തിനുള്ള ഫണ്ടുകള്‍ പാഴാകുന്നു

സര്‍ക്കാരിന്റെ കഴിവുകേടും, അനാസ്ഥയും മൂലം പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള ഫണ്ടുകള്‍ പാഴാകുന്നുവെന്ന് ഇന്നലെ പുറത്തുവന്ന സാമ്പത്തിക സര്‍വെയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ കഴിവ് കേട് മൂലം പട്ടികജാതി പട്ടിക വിഭാഗക്കാര്‍ക്കായുള്ള കോടികളുടെ വികസന പദ്ധതികളാണ് ഇത്തരത്തില്‍ നഷ്ടമാകുന്നത്.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എസ് സി എസ് ടി വിഭാഗങ്ങള്‍ക്കായുള്ള പദ്ധതി വിഹിതം ചെലവഴിച്ചത് റെക്കോഡായിരുന്നു. 90 ശതമാനത്തിലധികം വരെ പദ്ധതി വിഹിതം എസ് സി എസ് ടി വിഭാഗങ്ങള്‍ക്കായി ലഭിച്ചത് ചെലവഴിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് സാധിച്ചിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ചെലവും റെക്കോഡായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇത് പലതവണ പ്രശംസിച്ചിരുന്നതുമാണ്. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും, എസ് സി-എസ് ടി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനുമായുള്ള നിരവധി പദ്ധതികളാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയത്.

പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന്റെ വ്യവസായ പരിശീലന പദ്ധതിയ്ക്കായി സര്‍ക്കാര്‍ അനുവദിച്ച 500 ലക്ഷം രൂപയില്‍ സെപ്തംബര്‍ മാസം വരെയുള്ള കാലയളവില്‍ യു ഡി എഫ് സര്‍ക്കാര്‍ ചെലവഴിച്ചത് വെറും 53.72 ലക്ഷം രൂപ മാത്രമാണ്. 2010-11 കാലയളവില്‍ ഇതേ സ്ഥാനത്ത് 350 ലക്ഷം രൂപ അനുവദിച്ചപ്പോള്‍ 293.98 ലക്ഷം രൂപയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നു. പിന്നോക്ക വികസന കോര്‍പ്പറേഷന്റെ ഓഹരി മൂലധന ചെലവിനായി 1300 ലക്ഷം രൂപ അനുവദിച്ചപ്പോള്‍ അതില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനായി 170 ലക്ഷം രൂപ അനുവദിച്ചപ്പോള്‍ ചെലവഴിച്ചത് 5.33 ലക്ഷം രൂപ മാത്രമാണ്. മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡിനായി അനുവദിച്ച 350 ലക്ഷത്തില്‍ 78.23 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി അനുവദിച്ച 20 ലക്ഷം രൂപയില്‍ 0.02 ലക്ഷം മാത്രമാണ് ഇതുവരെ ചെലവഴിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ കഴിവ് ഉയര്‍ത്തുന്നതിനായി അനുവദിച്ച ഏഴ് ലക്ഷത്തില്‍ നാളിതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വെറും അഞ്ച് ലക്ഷം രൂപ അനുവദിച്ചതില്‍ പകുതിയിലധികം രൂപ ചെലവഴിച്ചിരുന്നു.

'ഭാരത് ദര്‍ശന്‍' എന്ന പേരിലുള്ള പഠന യാത്രാ പദ്ധതിയ്ക്ക് കഴിഞ്ഞ സര്‍ക്കാരിന്റ കാലത്ത് അനുവദിച്ച 20 ലക്ഷം രൂപയില്‍ 19.81 ലക്ഷവും ചെലവഴിച്ചു. ഇതേ പദ്ധതിയില്‍ ഈ വര്‍ഷം 60 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ചെലവഴിച്ചത് 12.91 ലക്ഷം രൂപ മാത്രമാണ്. കോച്ചിംഗ് അനുബന്ധ പദ്ധതി വിഭാഗത്തില്‍ 200 ലക്ഷം രൂപ അനുവദിച്ചതിലും  ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി അനുവദിച്ച 350 ലക്ഷം രൂപയിലും ഒരു രൂപ പോലും ചെലവഴിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി അനുവദിച്ച 400 ലക്ഷം രൂപയില്‍ 0.77 ലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ ചെലവഴിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഈ വിഭാഗത്തില്‍ മാത്രം 40 ശതമാനത്തോളം രൂപ ചെലവഴിച്ചിട്ടുണ്ട്.

ഡോ. അംബേദ്കര്‍ ഭവന്‍ വിഭാഗത്തില്‍ അനുവദിച്ച 300 ലക്ഷം രൂപയിലും ഒരു രൂപ പോലും നാളിതുവരെ ചെലവഴിച്ചിട്ടില്ല. കെട്ടിട നിര്‍മ്മാണത്തിനായി അനുവദിച്ച 1000 ലക്ഷം രൂപയിലും 66.52 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ഈ ഇനത്തില്‍ കഴിഞ്ഞ വര്‍ഷം 500 ലക്ഷം മാത്രമാണ് അനുവദിച്ചത്. ഇതില്‍ 197.19 ലക്ഷം രൂപയും ചെലവഴിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് സാധിച്ചു. പ്രീ എക്‌സാമനിനേഷന്‍ ട്രയിനിങ് സെന്റര്‍ വിഭാഗത്തില്‍ 200 ലക്ഷം രൂപ അനുവദിച്ചതില്‍ 10.67 മാത്രം ചെലവഴിച്ചപ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചത് 100 ലക്ഷം രൂപയാണ്. ഇതില്‍ ചെലവ് വിഹിതം 218.13 ലക്ഷമാണ്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ നടത്തിപ്പിനായി ഈ വര്‍ഷം 700 ലക്ഷം അനുവദിച്ചപ്പോള്‍ 269.75 ലക്ഷം മാത്രമാണ് ചെലവഴിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 550 ലക്ഷത്തില്‍ 446.74 ലക്ഷം ചെലവഴിച്ചു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ നിര്‍മ്മാണത്തിനായി അനുവദിച്ച 800 ലക്ഷത്തിലും 150.22 ലക്ഷം മാത്രം ചെലവഴിച്ചപ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 700 കോടിയില്‍ ചെലവ് 833.87 ലക്ഷമാണ്.

സിവില്‍ സര്‍വ്വീസ് പരീക്ഷാ ഗ്രാന്റായി അനുവദിച്ച 40 ലക്ഷം രൂപയിലും ഒരു രൂപ പോലും യു ഡി എഫ് സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല. ഈ വിഭാഗത്തില്‍ കഴിഞ്ഞ സര്‍ക്കാരിന് ലഭിച്ച 40 ലക്ഷം രൂപയില്‍ 30 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പദ്ധതികള്‍ സമര്‍പ്പിക്കുകയും, പണം അനുവദിക്കുകയും ചെയ്യുന്നതല്ലാതെ യു ഡി എഫ് സര്‍ക്കാര്‍ ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി യാതൊന്നും തന്നെ ചെയ്യുന്നില്ലെന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്ത് വന്ന കണക്കുകള്‍. ഭരണം മാറിയതോടെ ഈ പദ്ധതികള്‍ക്കൊന്നും തുടര്‍ച്ചയുണ്ടായില്ലെന്ന് മാത്രമല്ല ഭൂരിഭാഗം പദ്ധതികളും അവതാളത്തിലായെന്നുമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജി. ഗിരീഷ്‌കുമാര്‍ janayugom 180312

1 comment:

  1. സര്‍ക്കാരിന്റെ കഴിവുകേടും, അനാസ്ഥയും മൂലം പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള ഫണ്ടുകള്‍ പാഴാകുന്നുവെന്ന് ഇന്നലെ പുറത്തുവന്ന സാമ്പത്തിക സര്‍വെയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ കഴിവ് കേട് മൂലം പട്ടികജാതി പട്ടിക വിഭാഗക്കാര്‍ക്കായുള്ള കോടികളുടെ വികസന പദ്ധതികളാണ് ഇത്തരത്തില്‍ നഷ്ടമാകുന്നത്.

    ReplyDelete