Wednesday, March 21, 2012

ആസൂത്രണ കമീഷന്റെ കണക്ക് തട്ടിപ്പ്: പിബി

രാജ്യത്തെ ദരിദ്രരുടെ എണ്ണം വ്യാജമാര്‍ഗങ്ങളിലൂടെ ബോധപൂര്‍വം കുറച്ചുകാട്ടാന്‍ ആസൂത്രണ കമീഷന്‍ നടത്തുന്ന ശ്രമത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ അപലപിച്ചു. ക്ഷേമപദ്ധതികള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനും ബിപിഎല്‍ കാര്‍ഡവകാശം നിര്‍ണയിക്കുന്നതിനും ഇത്തരം വ്യാജ മാനദണ്ഡങ്ങള്‍ കണക്കിലെടുക്കില്ലെന്ന് പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് പിബി ആവശ്യപ്പെട്ടു.

സുപ്രീംകോടതി മുമ്പാകെ ആസൂത്രണകമീഷന്‍ സമര്‍പ്പിച്ച ദാരിദ്ര്യരേഖാ മാനദണ്ഡങ്ങള്‍ക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ , ടെണ്ടുല്‍ക്കര്‍ കമ്മിറ്റി നിര്‍ദേശിച്ച അതേ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിയിരിക്കയാണ് ആസൂത്രണകമീഷന്‍ . ഗ്രാമങ്ങളില്‍ 22.40 രൂപയും നഗരങ്ങളില്‍ 28.65 രൂപയും പ്രതിദിനം ചെലവഴിക്കുന്നവര്‍ ദാരിദ്ര്യരേഖയ്ക്കു പുറത്താകും. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് 2004-05 മുതല്‍ 2009-10 വരെദരിദ്രരുടെ എണ്ണത്തില്‍ ഏഴുശതമാനം കുറവുവന്നെന്ന് ആസൂത്രണകമീഷന്‍ അവകാശപ്പെടുന്നത്. കുറഞ്ഞ വരുമാനത്തിലും വിലക്കയറ്റത്തിലും നട്ടംതിരിയുന്ന കോടിക്കണക്കിനു ജനങ്ങളും ആസൂത്രണകമീഷന്‍ അംഗങ്ങളും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ മാനദണ്ഡം. ഇത്തരം അടിസ്ഥാനരഹിതമായ കണക്കുകള്‍ പ്രധാനമന്ത്രി അധ്യക്ഷനായ സ്ഥാപനത്തില്‍നിന്ന് ഉണ്ടാകുന്നത് ലജ്ജാകരമാണ്. ഏറ്റവും താഴ്ന്ന നിരക്കുകളുടെ അടിസ്ഥാനത്തില്‍ കണക്കെടുപ്പ് നടത്തിയിട്ടും രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കൊടുംദാരിദ്ര്യത്തില്‍ കഴിയുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍ 37-39 ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ബിഹാര്‍ , ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ 50 ശതമാനത്തിന് അടുത്താണ് ദരിദ്രരുടെ എണ്ണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മണിപ്പുര്‍ , നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ കൊടുംദരിദ്രരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമുണ്ട്. യുപിഎ സര്‍ക്കാരിനു കീഴില്‍ സമ്പൂര്‍ണ വളര്‍ച്ചയെന്ന പ്രചാരണത്തിന്റെ കള്ളി പൊളിക്കുന്നതാണ് ഈ കണക്കുകള്‍ .

ഭവനസൗകര്യവും സ്വത്തും സംബന്ധിച്ച 2011ലെ സെന്‍സസ് രാജ്യത്ത് വിവിധ മേഖലകളില്‍ വ്യാപിച്ചിട്ടുള്ള ദാരിദ്ര്യത്തിന്റെ തോത് വെളിപ്പെടുത്തുന്നുണ്ട്. രാജ്യത്തെ 24.6 കോടി വീടുകളില്‍ 29 ശതമാനം മാത്രമാണ് വാര്‍പ്പുവീടുകള്‍ . പൈപ്പിലൂടെ കുടിവെള്ളം എത്തുന്നത് 32 ശതമാനം വീടുകളില്‍മാത്രമാണ്. 47 ശതമാനത്തിനു മാത്രമാണ് വീടുകളോട് ചേര്‍ന്നുതന്നെ മൂത്രപ്പുരയുള്ളത്. 49.8 ശതമാനം വീടുകളിലും തുറസ്സായ സ്ഥലത്താണ് ഇപ്പോഴും മലമൂത്രവിസര്‍ജനം. 49 ശതമാനം വീടുകളില്‍ ഇപ്പോഴും വിറകാണ് പാചകത്തിന് ഉപയോഗിക്കുന്നത്. 17 ശതമാനം വീടുകളില്‍ ചാണകവരളിയോ കാര്‍ഷിക അവശിഷ്ടങ്ങളോ ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്. 39 ശതമാനം വീടുകളില്‍ അടുക്കളയില്ല. രാജ്യത്ത് അസമത്വവും ദാരിദ്ര്യവും വര്‍ധിക്കുകയാണെന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് ആസൂത്രണ കമീഷന്റെ ദാരിദ്ര്യ കണക്കുകള്‍ . ക്ഷേമപദ്ധതികള്‍ക്കും മറ്റും ഉപയോക്താക്കളെ നിശ്ചയിക്കുന്നതിന് ഈ കണക്കുകള്‍ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കിയുള്ള പ്രസ്താവന പ്രധാനമന്ത്രിയില്‍നിന്നുണ്ടാകണം- പിബി ആവശ്യപ്പെട്ടു.

deshabhimani 210312

1 comment:

  1. രാജ്യത്തെ ദരിദ്രരുടെ എണ്ണം വ്യാജമാര്‍ഗങ്ങളിലൂടെ ബോധപൂര്‍വം കുറച്ചുകാട്ടാന്‍ ആസൂത്രണ കമീഷന്‍ നടത്തുന്ന ശ്രമത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ അപലപിച്ചു. ക്ഷേമപദ്ധതികള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനും ബിപിഎല്‍ കാര്‍ഡവകാശം നിര്‍ണയിക്കുന്നതിനും ഇത്തരം വ്യാജ മാനദണ്ഡങ്ങള്‍ കണക്കിലെടുക്കില്ലെന്ന് പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് പിബി ആവശ്യപ്പെട്ടു.

    ReplyDelete