Saturday, March 3, 2012

തീരദേശം ഭീതിയുടെ നിഴലില്‍ സര്‍ക്കാരുകള്‍ നിഷ്‌ക്രിയം

കേരളത്തിന്റെ തീരക്കടലില്‍ നിന്നും വീണ്ടും വരുന്നത് മരണത്തിന്റെയും അരക്ഷിതത്വത്തിന്റെയും വാര്‍ത്തയാണ്. ഇറ്റാലിയന്‍ എണ്ണക്കപ്പലില്‍ നിന്നും വെടിയേറ്റ് രണ്ട് മത്സ്യബന്ധന തൊഴിലാളികള്‍ മരിച്ചതിന്റെ ഞെട്ടലില്‍ നിന്നും തീരദേശ ഗ്രാമങ്ങള്‍ ഉണരുംമുമ്പാണ് ഇന്നലെ ആലപ്പുഴ തീരത്ത് അഞ്ചു ജീവന്‍ പൊലിഞ്ഞത്. കഴിഞ്ഞ മൂന്നുമാസങ്ങളില്‍ സമാനമായ പതിനഞ്ച് സംഭവങ്ങള്‍ ഉണ്ടായതായി മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നു. രണ്ടെണ്ണത്തിലായി ഏഴു ജീവിതങ്ങള്‍ പൊലിഞ്ഞതുകൊണ്ടുമാത്രം സംഭവങ്ങള്‍ ജനശ്രദ്ധയില്‍വന്നു. ഇറ്റാലിയന്‍ കടല്‍ക്കൊലയെ തുടര്‍ന്നു പ്രതിരോധമന്ത്രി എ കെ ആന്റണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തൊഴിലാളികള്‍ക്കു സുരക്ഷിതത്വം ഉറപ്പുനല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും സമാനമായ ഉറപ്പുകള്‍ക്കു കുറവുണ്ടായില്ല. അവയെല്ലാം പാഴ്‌വാക്കുകളായി. തീരദേശ മത്സ്യബന്ധന തൊഴിലാളികളും അവരുടെ കുടുംബങ്ങളും സമുദ്രസമ്പത്തിനെ ആശ്രയിച്ചു നിലനില്‍ക്കുന്നവരും ഭീതിയുടെ നിഴലിലാണ്.

തീരസമുദ്രത്തിന്റെയും നമ്മുടെ രാഷ്ട്രപരമാധികാര പരിധിയില്‍ വരുന്ന സമുദ്ര സമ്പദ്‌മേഖലയുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നാവികസേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ് ഗാര്‍ഡും തീരദേശ പൊലീസ് സേനയും ഉള്‍പ്പെട്ട സന്നാഹങ്ങളുണ്ട്. അവയുടെയൊന്നും പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഇറ്റാലിയന്‍ കടല്‍ക്കൊലക്കിരയായവരെ കരയിലെത്തിക്കാന്‍ ഇവരാരും ഉണ്ടായില്ല. ആലപ്പുഴ തീരത്ത് കപ്പലിടിച്ചു തകര്‍ത്ത ബോട്ടിലെ തൊഴിലാളികളെ കരയിലെത്തിക്കാനും മത്സ്യ തൊഴിലാളികളുടെ വേഗത കുറഞ്ഞ ബോട്ടുകള്‍ തന്നെ വേണ്ടിവന്നു. സംഭവത്തില്‍ മരിച്ച സേവ്യറെ യഥാസമയം കരയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആ ജീവന്‍ രക്ഷിക്കാനാവുമായിരുന്നു. തീരദേശ പൊലീസിന്റെ മൂന്ന് അതിവേഗ ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ നാവികരില്ലാതെ കരയിലിരുന്നു നശിക്കുമ്പോഴാണിത്. കോടികള്‍ ചിലവഴിച്ച് ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയ്ക്ക് ഇതില്‍പരം മറ്റെന്തു തെളിവുവേണം. ഈ സംവിധാനങ്ങളെല്ലാമുണ്ടായിട്ടും രാത്രി രണ്ടുമണിക്കു കാണാതായ മൂന്നു തൊഴിലാളികളെ പന്ത്രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും കണ്ടെത്താനായില്ലെന്നതും കൂട്ടിവായിക്കുക.

26/11 ന്റെ മുംബൈ ഭീകരാക്രമണമാണ് അരക്ഷിതമായ തീരദേശം രാഷ്ട്ര സുരക്ഷയ്ക്ക് എത്രമാത്രം ഭീഷണി ഉയര്‍ന്നു എന്ന് രാജ്യത്തെ ഓര്‍മിപ്പിച്ചത്. തുടര്‍ന്നു തീരദേശ പൊലീസ് സ്റ്റേഷനുകളുടെ ഒരു ശൃംഖലതന്നെ സ്ഥാപിക്കപ്പെട്ടു. അത്തരത്തില്‍ സ്ഥാപിക്കപ്പെട്ട ഒരു സ്റ്റേഷന്‍ പരിധിയിലാണ് അത്യാവശ്യ ഘട്ടങ്ങളില്‍ ആശ്രയിക്കേണ്ട മൂന്ന് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ തോട്ടപ്പള്ളിയില്‍ നോക്കുകുത്തികളായി കിടക്കുന്നത്. അത് പ്രവര്‍ത്തിപ്പിക്കാന്‍ നാവികരില്ല. സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം ഭയന്ന് കേരളത്തിന്റെ സമുദ്രാതിര്‍ത്തിക്കകത്ത് സഞ്ചരിക്കുന്ന കപ്പലുകളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി അവയുടെ യാത്ര ക്രമീകരിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ക്കു കഴിയുന്നില്ല. അഥവാ അവര്‍ കൃത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടിരിക്കുന്നു. നമ്മുടെ സമുദ്രതീരം, രാജ്യത്തിന്റെ പരമാധികാര പരിധിയിലുള്ള പ്രദേശങ്ങള്‍, സമുദ്ര വിഭവങ്ങളാല്‍ സമ്പന്നമാണ്. ആയിരക്കണക്കിനു മത്സ്യബന്ധന തൊഴിലാളികളും അവരെ ആശ്രയിച്ചു കരയില്‍ പണി എടുക്കുന്നവരും അവരുടെ എല്ലാം കുടുംബങ്ങളും നിലനില്‍ക്കുന്നത് സമുദ്ര സമ്പത്തിനെ ആശ്രയിച്ചാണ്. സമുദ്ര വിഭവങ്ങളുടെ കയറ്റുമതി നമ്മുടെ സമ്പദ്ഘടനയുടെ അവിഭാജ്യഘടകമാണ്. ഈ തൊഴില്‍-സാമ്പത്തിക മേഖലയും അതില്‍ പണിയെടുക്കുന്നവരും സംരക്ഷിക്കപ്പെടണം. ആ ദേശീയ ഉത്തരവാദിത്വമാണ് പരാജയപ്പെട്ടിരിക്കുന്നത്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല.

ഇറ്റാലിയന്‍ കടല്‍ക്കൊലയില്‍ മരിച്ച കേരളത്തിലെ തൊഴിലാളികളുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം വിസ്മരിക്കുന്നില്ല. പക്ഷേ, ആലംബമറ്റ കുടുംബത്തെ സംബന്ധിച്ച് അത് തുലോം അപര്യാപ്തമാണ്. കൂടുതല്‍ ധനസഹായത്തിനും ആ കുടുംബത്തിന്റെ പുനരധിവാസത്തിനും സര്‍ക്കാര്‍ തയ്യാറാവണം. കഴിഞ്ഞ ദിവസത്തിലെ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോടും പരിക്കേറ്റവരോടും നാശനഷ്ടം സംഭവിച്ചവരോടും ഉദാരമായ സമീപനം സ്വീകരിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ഇതുവരെ ഇക്കാര്യത്തിലുള്ള ഇടപെടല്‍ പ്രസ്താവനകളില്‍ ഒതുങ്ങുന്നു. രാഷ്ട്രാതിര്‍ത്തിയില്‍ അന്യരാജ്യക്കാരുടെ ആക്രണത്തിനു ഇരയായ ഇന്ത്യന്‍ പൗരന്മാരോട് കേന്ദ്രഭരണകൂടത്തിനു ചില ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ബോട്ടുകള്‍ തകര്‍ന്നതടക്കം നാശനഷ്ടം നേരിട്ടവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുകയും അവരെ പുനരധിവസിപ്പിക്കുകയും വഴി ആ ഉത്തരവാദിത്വം നിറവേറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാവണം. ഇറ്റാലിയന്‍ കപ്പലിലെ കുറ്റവാളികളോട് സ്വീകരിച്ച കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സമീപനത്തെ ശ്ലാഘിക്കുന്നു. കഴിഞ്ഞ ദിവസത്തെ അപകടത്തില്‍ ഉള്‍പ്പെട്ട കപ്പല്‍ കണ്ടെത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് കര്‍ക്കശ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം. ഇത്തരം സംഭവങ്ങള്‍ രാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റമറ്റ വ്യഗ്രതയും അലംഭാവമില്ലാത്ത സുരക്ഷാ നടപടികള്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം.

janayugom editorial 020312

1 comment:

  1. കേരളത്തിന്റെ തീരക്കടലില്‍ നിന്നും വീണ്ടും വരുന്നത് മരണത്തിന്റെയും അരക്ഷിതത്വത്തിന്റെയും വാര്‍ത്തയാണ്. ഇറ്റാലിയന്‍ എണ്ണക്കപ്പലില്‍ നിന്നും വെടിയേറ്റ് രണ്ട് മത്സ്യബന്ധന തൊഴിലാളികള്‍ മരിച്ചതിന്റെ ഞെട്ടലില്‍ നിന്നും തീരദേശ ഗ്രാമങ്ങള്‍ ഉണരുംമുമ്പാണ് ഇന്നലെ ആലപ്പുഴ തീരത്ത് അഞ്ചു ജീവന്‍ പൊലിഞ്ഞത്. കഴിഞ്ഞ മൂന്നുമാസങ്ങളില്‍ സമാനമായ പതിനഞ്ച് സംഭവങ്ങള്‍ ഉണ്ടായതായി മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നു. രണ്ടെണ്ണത്തിലായി ഏഴു ജീവിതങ്ങള്‍ പൊലിഞ്ഞതുകൊണ്ടുമാത്രം സംഭവങ്ങള്‍ ജനശ്രദ്ധയില്‍വന്നു. ഇറ്റാലിയന്‍ കടല്‍ക്കൊലയെ തുടര്‍ന്നു പ്രതിരോധമന്ത്രി എ കെ ആന്റണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തൊഴിലാളികള്‍ക്കു സുരക്ഷിതത്വം ഉറപ്പുനല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും സമാനമായ ഉറപ്പുകള്‍ക്കു കുറവുണ്ടായില്ല. അവയെല്ലാം പാഴ്‌വാക്കുകളായി. തീരദേശ മത്സ്യബന്ധന തൊഴിലാളികളും അവരുടെ കുടുംബങ്ങളും സമുദ്രസമ്പത്തിനെ ആശ്രയിച്ചു നിലനില്‍ക്കുന്നവരും ഭീതിയുടെ നിഴലിലാണ്.

    ReplyDelete