Wednesday, March 21, 2012

വികാരാധീനനായി കുഞ്ഞായന്‍ ; അനുഭവങ്ങളുടെ കനല്‍കെട്ടഴിച്ച് ആദ്യകാല പ്രവര്‍ത്തകര്‍


മകന്റെയും ബ്രാഞ്ച് സെക്രട്ടറിയുടെയും കൈപിടിച്ചെത്തിയ വി പി കുഞ്ഞായന്‍ സംഗമവേദിയിലെത്തിയപ്പോള്‍ വികാരാധീനനായി. മിഠായിത്തെരുവില്‍ പാര്‍ടി കെട്ടിപ്പടുക്കാന്‍ ജീവിതകാലം മുഴുവന്‍ പരിശ്രമിച്ച കുഞ്ഞയിക്കയ്ക്ക് കരയാതിരിക്കാനാകുമായിരുന്നില്ല. വേദനകളുടെയും കഷ്ടപ്പാടിന്റെയും പോയകാലങ്ങളില്‍ പാര്‍ടി വളര്‍ത്താന്‍ ഒപ്പമുണ്ടായിരുന്ന ജ്യേഷ്ഠന്‍ വി പി ബീരാന്‍കോയയെയും ആദരിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ കണ്ടതോടെയാണ് ആഹ്ലാദവും പാര്‍ടിയുടെ സ്നേഹാദരവും ഓര്‍ത്ത് കരച്ചിലടക്കാന്‍ പാടുപെട്ടത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ ഒരുക്കിയ ആദരിക്കല്‍ സംഗമത്തില്‍ ഇത് രണ്ടാം തവണയാണ് കുഞ്ഞായന്‍ എത്തുന്നത്. അടിയന്തരാവസ്ഥാ പീഡിതരെ ആദരിച്ചപ്പോഴും അക്കൂട്ടത്തിലുണ്ടായിരുന്നു.

ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായ ഇദ്ദേഹം 1964ല്‍ സിപിഐ എം രൂപീകരിച്ച 64 മുതല്‍ നഗരത്തിന്റെ ജീവനാഡിയായ മിഠായിത്തെരുവില്‍ സജീവം. ചെമ്പുപാത്രങ്ങള്‍ക്ക് ഈയം പൂശുന്ന പണിയെടുത്ത് കുടുംബം പോറ്റുമ്പോഴും എന്നും ഭൂരിഭാഗം സമയവും പാര്‍ടി പ്രവര്‍ത്തനത്തിലായിരിക്കും. ദുരിതങ്ങളും പ്രയാസങ്ങളും ഭരണകൂട പീഡനങ്ങളും നിറഞ്ഞ കാലത്ത് രണ്ടുപതിറ്റാണ്ടോളം ബ്രാഞ്ച് സെക്രട്ടറിയായി മിഠായിത്തെരുവില്‍ പാര്‍ടിയെ നയിച്ചു. ഭാര്യ കുഞ്ഞിപ്പാത്തുവും അഞ്ചു മക്കളുമൊത്ത് ഇപ്പോള്‍ നല്ലളം അരീക്കാടാണ് താമസം. ബ്രാഞ്ച് സെക്രട്ടറി കുട്ടിമോന്റെയും മകന്‍ റാഫിയുടെയും കൈപിടിച്ചാണ് എത്തിയത്. അപ്പോഴാണ് ജേഷ്ഠന്‍വി പി ബീരാന്‍കോയയെ കണ്ടത്. പുതിയങ്ങാടിയില്‍ താമസിക്കുന്ന വീരാന്‍കോയയും 77 മുതല്‍ പാര്‍ടി മെമ്പറാണ്. വേദിയില്‍ ജില്ലയിലെ ആദ്യകാല പാര്‍ടി പ്രവര്‍ത്തകര്‍ ഓര്‍മകള്‍ പങ്കുവയ്ക്കലിന്റെ ഭാഗമായി പാട്ടുപാടിയും സദസ്സിനെ ആവേശഭരിതമാക്കി. മുന്‍ ജില്ലാ സെക്രട്ടറി എം കേളപ്പന്‍ പാട്ടുപാടിയതോടെ മലയോരത്ത് പാര്‍ടി കെട്ടിപ്പടുത്ത് ജില്ലക്ക് ആവേശമായ നടന്‍കൂടിയായ ജോസ് വര്‍ഗീസ് വിപ്ലവഗാനം അവതരിപ്പിച്ച് സദസ്സിനെ വിസ്മയിപ്പിച്ചു. ജില്ലയിലെ മുഴുവന്‍ ഏരിയകളില്‍നിന്നായി 250 ആദ്യകാല സിപിഐ എം പ്രവര്‍ത്തകര്‍ സംഗമത്തിനെത്തി.

deshabhimani 210312

1 comment:

  1. മകന്റെയും ബ്രാഞ്ച് സെക്രട്ടറിയുടെയും കൈപിടിച്ചെത്തിയ വി പി കുഞ്ഞായന്‍ സംഗമവേദിയിലെത്തിയപ്പോള്‍ വികാരാധീനനായി. മിഠായിത്തെരുവില്‍ പാര്‍ടി കെട്ടിപ്പടുക്കാന്‍ ജീവിതകാലം മുഴുവന്‍ പരിശ്രമിച്ച കുഞ്ഞയിക്കയ്ക്ക് കരയാതിരിക്കാനാകുമായിരുന്നില്ല. വേദനകളുടെയും കഷ്ടപ്പാടിന്റെയും പോയകാലങ്ങളില്‍ പാര്‍ടി വളര്‍ത്താന്‍ ഒപ്പമുണ്ടായിരുന്ന ജ്യേഷ്ഠന്‍ വി പി ബീരാന്‍കോയയെയും ആദരിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ കണ്ടതോടെയാണ് ആഹ്ലാദവും പാര്‍ടിയുടെ സ്നേഹാദരവും ഓര്‍ത്ത് കരച്ചിലടക്കാന്‍ പാടുപെട്ടത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ ഒരുക്കിയ ആദരിക്കല്‍ സംഗമത്തില്‍ ഇത് രണ്ടാം തവണയാണ് കുഞ്ഞായന്‍ എത്തുന്നത്. അടിയന്തരാവസ്ഥാ പീഡിതരെ ആദരിച്ചപ്പോഴും അക്കൂട്ടത്തിലുണ്ടായിരുന്നു.

    ReplyDelete