കനത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ക്കിടെ കൂടംകുളം പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞദിവസം കൂടങ്കുളം പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാറിന്റെ അനുമതി ലഭിച്ചതോടെയാണ് ഇന്നലെ മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.പ്രതിഷേധക്കാരെ നേരിടാന്‍ ദ്രുതകര്‍മ്മ സേനയുള്‍പ്പെടെ മൂവായിരത്തോളം പൊലീസിനെയും നിരവധി കേന്ദ്രസേനാംഗങ്ങളെയും പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. കൂടങ്കുളവും സമരപ്പന്തലും കനത്ത പൊലീസ് കാവലിലാണ്.
നിലയം ഉള്‍പ്പെടുന്ന ഇടിന്തകരൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ആണവവിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്തു.
മാര്‍ച്ച 19, തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് കൂടങ്കുളം ആണവ നിലയത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ മുഖ്യമന്ത്രി ജയലളിത അനുമതി നല്‍കിയത്.
ഇത്രയും നാള്‍ പദ്ധതിയെ എതിര്‍ത്തിരുന്ന ജയലളിത പെട്ടെന്നാണ് തന്റെ നിലപാട് മാറ്റിയത്. സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെയുള്ള നീക്കങ്ങളുടെ ശക്തി കുറയ്ക്കാന്‍ മേഖലയ്ക്കായി 500 കോടിയുടെ പ്രത്യേക വികസന പാക്കേജ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കു കോള്‍ഡ് സ്‌റ്റോറേജ് സൗകര്യവും ഇതിനോടൊപ്പം ജയലളിത പ്രഖ്യാപിച്ചിട്ടുണ്ട്. കൂടംകുളത്തെ ആദ്യ ആണവ നിലയം ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് ഔദ്യോഗിക വക്താക്കള്‍ പറയുന്നത്.
ജനങ്ങളുടെ എതിര്‍പ്പ് പാഴായി: കൂടംകുളം പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി
ചെന്നൈ: ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ കൂടംകുളം ആണവ പദ്ധതിക്ക് അനുമതി നല്‍കി. ആണവോര്‍ജ നിലയം സ്ഥിതി ചെയ്യുന്ന ഇടിന്തകരൈയില്‍ സംസ്ഥാന സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിക്കെതിരായി സമരം ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 184 പേരെ ഇന്നലെ അറസ്റ്റ് ചെയ്തു. പദ്ധതി നിര്‍വഹണം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ വൈകുന്നേരം അഞ്ചരയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കരുതല്‍ എന്ന നിലയിലാണ് സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
ഇന്നലെ വിളിച്ചു ചേര്‍ത്ത തമിഴ്‌നാട് സര്‍ക്കാരിന്റെ അടിയന്തര മന്ത്രിസഭായോഗമാണ് പദ്ധതി പ്രവര്‍ത്തനയോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ച സംസ്ഥാന മുഖ്യമന്ത്രി ജെ ജയലളിത കേന്ദ്ര-സംസ്ഥാന വിദഗ്ധസമിതികളുടെ റിപ്പോര്‍ട്ടുകളുടെയും സമരസമിതിയുടെ നിവേദനങ്ങളും പഠിച്ചശേഷമാണ് തീരുമാനമുണ്ടായതെന്ന് അറിയിച്ചു. ഇതിനിടെ കൂടംകുളം ആണവ നിലയത്തില്‍ യുറേനിയം നിറച്ചു കഴിഞ്ഞതായി വ്യക്തമായിട്ടുണ്ട്. കൂടംകുളം പദ്ധതി നിര്‍വഹണത്തിനായി കേന്ദ്ര സേനയെയും വിട്ടയച്ചിട്ടുണ്ട്. ഇന്നലെ ഏതാണ്ട് എട്ട് തവണയോളം നാവികസേനയുടെ ഹെലികോപ്ടര്‍ ഈ പ്രദേശത്ത് റോന്ത് ചുറ്റിയതായി പരിസരവാസികള്‍ അറിയിച്ചു.
കേന്ദ്ര സേനയ്‌ക്കൊപ്പം 4000 പൊലീസുകാരെയാണ് കൂടംകുളത്ത് നിയോഗിച്ചിരിക്കുന്നത്. ക്രമസമാധാന വിഭാഗത്തിന്റെ ചുമതലയുള്ള എ ഡി ജി പി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടംകുളത്തേയ്ക്ക് നിയോഗിക്കപ്പെട്ടത്. പത്ത് എസ് പി മാരെയും കൂടംകുളത്തേയ്ക്ക് നിയോഗിച്ചിട്ടുണ്ട്. റാപ്പിഡ് പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെയും ഈ മേഖലയില്‍ നിയോഗിച്ചിട്ടുണ്ട്. സെന്‍ട്രല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ മൂന്നൂറംഗ സംഘം ഇന്ന് മുതല്‍ കൂടംകുളത്ത് സുരക്ഷാ ചുമതലയില്‍ ഉണ്ടാകുമെന്നും അറിയുന്നു. ജനങ്ങളുടെ എതിര്‍പ്പുകളെ ഏതു വിധേനയും അടിച്ചമര്‍ത്താനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം. പ്രകൃതിക്ഷോഭങ്ങള്‍ മൂലം ആണവപദ്ധതിക്ക് അപകടങ്ങള്‍ ഉണ്ടാവില്ലെന്നും പദ്ധതിയുടെ നിര്‍മാണകാര്യത്തില്‍ ബലക്ഷയം സംബന്ധിച്ചെന്ന സംശയം തെറ്റാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിച്ച വിദഗ്ധരുടെ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജയലളിത പറഞ്ഞു.
മന്ത്രിസഭായോഗ തീരുമാനം പുറത്തുവരും മുമ്പ് തന്നെ പത്ത് സമരസമിതി നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു. സമരസമിതി പ്രവര്‍ത്തകരുടെ അറസ്റ്റ് വിവാദമായിരിക്കുകയാണ്. അഭിഭാഷകനും സമരസമിതിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്തുവന്ന അഡ്വ. ശിവ സുബ്രഹ്മണ്യവും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍പ്പെടും. അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തിയ സമരസമിതി കണ്‍വീനര്‍ ഉദയകുമാര്‍, കേന്ദ്രസര്‍ക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരും തമിഴ് ജനതയോട് വഞ്ചനയാണ് കാട്ടുന്നതെന്ന് കുറ്റപ്പെടുത്തി. സമരസമിതി നേതാക്കളെ അറസ്റ്റുചെയ്ത നടപടിയിലും സംസ്ഥാന മന്ത്രിസഭാ യോഗതീരുമാനത്തിലും പ്രതിഷേധിച്ച് ഉദയകുമാര്‍ ഇന്നലെ ഉച്ചമുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്.
ഇടിന്തകരൈയിലെ ലൂര്‍ദ്മാതാ പള്ളിയില്‍ ആയിരക്കണക്കിന് നാട്ടുകാരാണ് സര്‍ക്കാര്‍ തീരുമാനമറിഞ്ഞ് സമരത്തില്‍ പങ്കെടുക്കാനെത്തിയത്. പൊലീസ് ബന്തവസില്‍ ആണവനിലയത്തിലേയ്ക്ക് ജീവനക്കാരെ കടത്തിവിടാനുള്ള നടപടികളും ആരംഭിച്ചു.
പദ്ധതി നടപ്പിലാക്കാന്‍ സഹായം നല്‍കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ 500 കോടിരൂപ കൂടംകുളത്തെ ജനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ്, ഡി എം കെ, സി പി ഐ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം പദ്ധതിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വൈദ്യുതിയും തമിഴ്‌നാടിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ഡി പാണ്ഡ്യന്‍ ആവശ്യപ്പെട്ടു.
പി കെ അജിത് കുമാര്‍ janayugom 210312
No comments:
Post a Comment