Sunday, March 18, 2012

ആറളം ഫാമില്‍ തുലച്ചത് അരക്കോടി

പാതിവഴിക്കായ റബ്ബര്‍തൈ നേഴ്സറി നിര്‍മാണത്തിലൂടെ ആറളം ഫാമില്‍ അരക്കോടി രൂപ തുലച്ചു. മാനേജ്മെന്റിന്റെ അശ്രദ്ധയും കെടുകാര്യസ്ഥതയുമാണ് ഫാമിന് 50 ലക്ഷത്തിന്റെ നഷ്ടം ഉണ്ടാക്കിയതെന്ന് തൊഴിലാളികള്‍ ആരോപിച്ചു. 1970ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സഹായം ലഭ്യമാക്കി തുടങ്ങിയ ഫാമില്‍ റബര്‍ തൈ കിളിര്‍പ്പിക്കുന്ന നേഴ്സറിയുണ്ടായിരുന്നില്ല. സംസ്ഥാനത്തിന് ഫാം വിട്ടുകിട്ടിയ ശേഷം കഴിഞ്ഞ കൊല്ലം നേഴ്സറി തുടങ്ങാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. ഒരുലക്ഷം ബഡ് തൈകള്‍ ഫാമില്‍ പുന:കൃഷിക്കും ആവര്‍ത്തന കൃഷിക്കും പുറമെ വില്‍പ്പനക്കും ഉദ്ദേശിച്ച് തയ്യാറാക്കാനുള്ള നേഴ്സറി സജ്ജമാക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനായി തിരക്കിട്ട് ഒരു ലക്ഷം യങ് ബഡ് റൂട്ട് ട്രെയിനര്‍ പ്ലാസ്റ്റിക് കപ്പുകള്‍ വാങ്ങിക്കൂട്ടി. ഒരു ലക്ഷം റബര്‍ കുരു തിരുവനന്തപുരത്തിനടുത്ത മാര്‍ത്താണ്ഡത്തുനിന്ന് എത്തിച്ചു. ഇവ കപ്പുകളില്‍ കിളിര്‍പ്പിച്ചതില്‍ കടുത്ത അപാകമുണ്ടായി. ചകിരിച്ചോറ് വളപട്ടണത്തുനിന്ന് എത്തിച്ച് കപ്പുകളില്‍ നിറച്ചു. ചകിരി നിറയ്ക്കല്‍ ശാസ്ത്രീയമായില്ല. ഇരുമ്പ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച് ബഡ്റൂട്ട് ട്രെയിനറില്‍ റബര്‍ തൈകള്‍ കിളിര്‍പ്പിക്കാത്തതിനാല്‍ പദ്ധതി താളം തെറ്റി. വേരോട്ടം കിട്ടാതെ അരലക്ഷത്തിലധികം തൈകള്‍ ഉണങ്ങി. മുളപ്പിച്ച തൈകള്‍ ബഡ് ചെയ്യാന്‍ ബഡ് വുഡും തയ്യാറാക്കിയില്ല.

തൈ ഒരെണ്ണം ബഡ് ചെയ്യാന്‍ പാലക്കാടുനിന്നുമെത്തിയ സംഘത്തിന് നാലുരൂപ നിരക്കില്‍ കരാര്‍ നല്‍കിയാണ് പ്രവൃത്തി നടത്തിയത്. തൈ ഒന്നിന് അഞ്ച് രൂപ വ്യവസ്ഥയില്‍ കിളിര്‍ത്ത തൈകള്‍ക്കുമാത്രം തുക നല്‍കിയാല്‍ മതിയെന്ന് ഫാം തൊഴിലാളികളും സമീപത്തെ വിദഗ്ധ തൊഴിലാളികളും അറിയിച്ചു. ഇത് മറികടന്ന് പാലക്കാടുനിന്നെത്തിയവര്‍ മൊത്തം തൈകള്‍ എണ്ണി തുക കൈപ്പറ്റി മടങ്ങി. അരലക്ഷത്തിലധികം തൈകള്‍ ഉണങ്ങി ഉപയോഗശൂന്യമായി. 50 ലക്ഷം രൂപ ബഡ്ഡിങ്ങിനും അനുബന്ധ സാമഗ്രികള്‍ക്കും മുടക്കിയത് പാഴായി. ബഡ് തൈ വിറ്റ് അരക്കോടി നേടാമെന്ന പദ്ധതിയും അവതാളത്തിലായി. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ തിരക്കിട്ടിറങ്ങിയ റബര്‍ തൈ നേഴ്സറി പദ്ധതി ഫലത്തില്‍ ഫാമിന് വന്‍ തിരിച്ചടിയായി. പുനഃകൃഷിക്കും ആവര്‍ത്തനകൃഷിക്കും ഫാമിലേക്ക് റബര്‍ തൈ ഇനി സ്വകാര്യ മേഖലയില്‍നിന്ന് വാങ്ങണം. നേഴ്സറി സ്ഥാപിക്കാന്‍ തുലച്ച ലക്ഷങ്ങള്‍ വേറെയും. ഫാമിന്റെ പണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

deshabhimani 180312

1 comment:

  1. പാതിവഴിക്കായ റബ്ബര്‍തൈ നേഴ്സറി നിര്‍മാണത്തിലൂടെ ആറളം ഫാമില്‍ അരക്കോടി രൂപ തുലച്ചു. മാനേജ്മെന്റിന്റെ അശ്രദ്ധയും കെടുകാര്യസ്ഥതയുമാണ് ഫാമിന് 50 ലക്ഷത്തിന്റെ നഷ്ടം ഉണ്ടാക്കിയതെന്ന് തൊഴിലാളികള്‍ ആരോപിച്ചു.

    ReplyDelete