Sunday, March 18, 2012

ഓര്‍മകളിലും ചകിതരായി തീവ്രവാദത്തിന്റെ ഇരകള്‍

ഉറ്റവര്‍ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നീറി ജീവിക്കുന്നവര്‍ . വെട്ടും കുത്തുമേറ്റ് ജീവച്ഛവമായവര്‍ . കുടുംബാംഗങ്ങളെ കൊല്ലാക്കൊല ചെയ്യുന്നതിന് സാക്ഷിയായി വിറങ്ങലിച്ച സ്ത്രീകളും കുട്ടികളും. വീടും ജീവിതസമ്പാദ്യവും തകര്‍ക്കുന്നതും കൊള്ളയടിക്കുന്നതും നിസ്സഹായതയോടെ നോക്കിനില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ ... ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്കും സത്യഗ്രഹങ്ങള്‍ക്കും വേദിയായ കണ്ണൂര്‍ കലക്ടറേറ്റിനുമുന്നില്‍ ശനിയാഴ്ചത്തെ കാഴ്ചകളാണിത്. "ലീഗ് കോടതി" വിധിയില്‍ ജീവിതം വഴിമുട്ടിയവരുടെ രോദനമാണ് കലക്ടറേറ്റിനു മുന്നില്‍ ഉയര്‍ന്നത്. അക്രമങ്ങളും ഭീഷണിയും കൊണ്ട് പിറന്ന നാട്ടില്‍നിന്ന് ഇനിയും ആട്ടിയോടിക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ നല്‍കി ചെറുക്കുമെന്ന മുന്നറിയിപ്പും കൂട്ടായ്മയില്‍ മുഴങ്ങി. "സിപിഐ എം കോടതി"യെക്കുറിച്ച് വാചാലരായവരെ നിശബ്ദമാക്കുന്നതായിരുന്നു ഇരകളുടെ നേര്‍സാക്ഷ്യം. ആഘോഷങ്ങളിലും ദുഃഖത്തിലും അയല്‍ക്കാരായി ജീവിച്ചവര്‍ തീവ്രവാദത്തിന്റെ തണലില്‍ കൊലവാളുമേന്തി വീടാക്രമിച്ചതിന്റെ അവിശ്വസനീയത അവരുടെ മുഖങ്ങളിലുണ്ടായിരുന്നു.

പട്ടുവത്ത് ദേശാഭിമാനി വിതരണത്തിനിടെ ലീഗ് തീവ്രവാദികള്‍ വധിക്കാന്‍ ശ്രമിച്ച സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കുന്നൂല്‍ രാജന്റെ അനങ്ങാനാവാത്ത കിടപ്പ് ഈ നരാധമരുടെ കൊടുംക്രൂരത പ്രതിഫലിപ്പിച്ചു. ലീഗുകാര്‍ പൈശാചികമായി കൊന്ന തളിപ്പറമ്പിലെ കൃഷ്ണന്റെ സഹോദരിയും സഹോദരനും സങ്കടക്കടല്‍ താണ്ടിയാണ് സത്യഗ്രഹത്തിനെത്തിയത്. ജീവിതത്തിനായി പൊരുതുന്ന വള്ളേരി മോഹനന്റെ ഭാര്യയും അമ്മയും ഫെബ്രുവരി 21 എന്ന ദുര്‍ദിനം മറക്കാന്‍ ശ്രമിക്കുകയാണ്.

സത്യഗ്രഹം ഉദ്ഘാടനം ചെയ്യാനെത്തിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി വത്സല കണ്ണീരണിഞ്ഞാണ് സംസാരിച്ചത്. ലീഗിന്റെ ക്രൂരതയില്‍ മനംനൊന്ത അവര്‍ കമ്യൂണിസ്റ്റുകാരുടെ മനുഷ്യപ്പറ്റില്‍ ഊന്നിയാണ് സംസാരിച്ചത്. 2000 നവംബര്‍ 11ന് തളിപ്പറമ്പ് പുഷ്പഗിരിക്കുന്നില്‍ ലീഗുകാര്‍ കൊലപ്പെടുത്തിയ ഓട്ടോ ഡ്രൈവര്‍ കൃഷ്ണന്റെ അനുജത്തി ജ്യോതിയും അനുജന്‍ ചന്ദ്രനും പൊട്ടിക്കരഞ്ഞാണ് ജീവിതാനുഭവം വിവരിച്ചത്. അഞ്ചുസഹോദരിമാര്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ അത്താണിയായ കൃഷ്ണനെ എന്തിന് കൊന്നുതള്ളിയെന്ന ചോദ്യം "പാര്‍ടി കോടതി"യുടെ പ്രചാരണക്കാരും കേള്‍ക്കുന്നുണ്ടായിരുന്നു. ലീഗുകാര്‍ വധിക്കാന്‍ ലക്ഷ്യമിട്ട വള്ളേരി മോഹനന്റെ ഭാര്യ രാധയ്ക്കും അമ്മ കല്യാണിക്കും നടുക്കം മാറിയിട്ടില്ല. മോഹനനെ ആശുപത്രിയിലെത്തിക്കാന്‍ സഹിച്ച പ്രയാസം വിവരിക്കുമ്പോള്‍ ഇരുവരുടെയും സങ്കടം അലമുറയായി മാറി.

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ലീഗുകാര്‍ കാല്‍വെട്ടിമാറ്റിയ കെ ദിനേശന്‍ , കാലിന് വെട്ടേറ്റ് ഇപ്പോഴും പ്രയാസം നേരിടുന്ന പരിയാരത്തെ റബ്കോ ജീവനക്കാരന്‍ എം പി മനോഹരന്‍ , പട്ടുവം അരിയില്‍ സിപിഐ എം പ്രകടനത്തെ ആക്രമിച്ചപ്പോള്‍ പരിക്കേറ്റ യു വി ശരത്ത്, വീട് തകര്‍ക്കപ്പെട്ട വി വി രാജന്റെ ഭാര്യ ജയശ്രീ, വീടിന് അക്രമം നേരിട്ട ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. സി എച്ച് മേമി, രണ്ടുതവണ വീട് ആക്രമിക്കുന്നതിന് ദൃക്സാക്ഷിയായ കാരക്കാടന്‍ കല്യാണി, ചപ്പാരപ്പടവ് മങ്കര ബദരിയാ നഗറിലെ സി പി മൊയ്തു, കമ്പില്‍ പുലരി ഹോട്ടലിലെ ലീല, കാങ്കോലിലെ ഷാജിത്ത്, തളിപ്പറമ്പിലെ റഷീദ്, ലത്തീഫ് തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം എം സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജന്‍ , കെ കെ നാരായണന്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. ഒ വി നാരായണന്‍ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ , മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ , ഓട്ടോതൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരും അഭിവാദ്യം അര്‍പ്പിച്ചു.

തളിപ്പറമ്പിലെ ഇരകളെ സംരക്ഷിക്കേണ്ടത് മുഖ്യമന്ത്രി: പി വത്സല

കണ്ണൂര്‍ : തളിപ്പറമ്പില്‍ അക്രമത്തിന് ഇരയായവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുണ്ടെന്ന് സാഹിത്യകാരി പി വത്സല പറഞ്ഞു. വടക്കേ ഇന്ത്യയില്‍ നടക്കുന്നതുപോലെയുള്ള കാര്യങ്ങളാണ് തളിപ്പറമ്പില്‍ നടന്നത്. ഇടതുപക്ഷ മാധ്യമങ്ങള്‍ ഒഴിച്ചുള്ളവ ഇവ റിപ്പോര്‍ട്ട് ചെയ്തില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. പത്രവാര്‍ത്തകളെ വിശ്വസിച്ചതാണ് മുഖ്യമന്ത്രിക്ക് പറ്റിയ തെറ്റെന്നും വത്സല പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ മുസ്ലിംലീഗ്അക്രമത്തിന് ഇരയായവരുടെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍ .

നാല്‍പത് വര്‍ഷത്തിലേറെയായി കണ്ണൂരുമായി എനിക്ക് അടുത്തബന്ധമാണുള്ളത്. കണ്ണൂരാണ് ഇന്ത്യയിലെ കമ്യൂണിസത്തിന്റെ ഈറ്റില്ലമെന്ന് പറയാന്‍ ചരിത്രവിദ്യാര്‍ഥിയാവേണ്ട ആവശ്യമില്ല. ഒന്നുമില്ലാത്തവന്റെയും ഗതികിട്ടാത്തവരുടെയും പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ടി. എന്റെ വീട്ടില്‍ കാരണവരായി ഒരു പഴയ സഖാവുണ്ടായിരുന്നു. ആ സഖാവിന്റെ ജീവിത സന്ദേശമാണ് എനിക്ക് മാര്‍ഗദര്‍ശകമായത്. മനുഷ്യബന്ധത്തിലും സ്നേഹത്തിലും അധിഷ്ഠിതമാണ് കമ്യൂണിസം. കമ്യൂണിസ്റ്റ് ഗ്രാമങ്ങള്‍ എന്നുപറയുന്ന കണ്ണൂരിലെ പാര്‍ടി ഗ്രാമങ്ങളില്‍ താമസിക്കുന്നതിന്റെ ആഹ്ലാദം എവിടെയും കിട്ടില്ല. ഇന്ത്യയില്‍ ഒരിടത്തും ഇത്രയും സൗഹാര്‍ദത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിക്കുന്ന ജനങ്ങളെ കാണാന്‍ പറ്റില്ല. മനുഷ്യ കാരുണ്യത്തിന്റെ മാതൃകകളാണ് കണ്ണൂരിലെ ഗ്രാമങ്ങള്‍ . ഇവിടെ താമസിച്ച് എഴുതുമ്പോള്‍ എനിക്ക് ഇത് ബോധ്യപ്പെട്ടതാണ്.
സാഹിത്യ കൃതികളിലൂടെ മാത്രം ജനങ്ങളില്‍ എല്ലാകാര്യങ്ങളും എത്തിക്കാന്‍ പറ്റില്ലെന്ന് ബോധ്യപ്പെട്ടു. പത്രവാര്‍ത്തകളിലൂടെയാണ് ജനങ്ങള്‍ എല്ലാം അറിയുന്നത്. ഇപ്പോള്‍ മിക്ക പത്രങ്ങളും ഫോണില്‍ വിളിച്ചുചോദിച്ച് ഭാവനാവിലാസം വച്ചാണ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. അതിനാല്‍ പത്രങ്ങളില്‍ വരുന്നതെല്ലാം വിശ്വസിക്കാന്‍ കഴിയില്ല. സ്വത്വ അന്വേഷണത്തിലൂടെ മാധ്യകാലഘട്ടത്തിലെ അന്ധവിശ്വാസത്തിന്റെയും ചതിയുടെയും അന്ധകാരത്തിലേക്ക് ചിലര്‍ ജനങ്ങളെ നയിക്കുകയാണ്. തളിപ്പറമ്പില്‍നിന്നുള്ള വാര്‍ത്തകള്‍ അത്തരത്തിലുള്ളതാണ്. ഇടതുപക്ഷപത്രങ്ങളില്‍മാത്രമാണ് ഇക്കാര്യം ശരിയായ രൂപത്തില്‍ വരുന്നത്. മറ്റുള്ള പത്രങ്ങള്‍ ഇത് തമസ്കരിക്കുന്നു- വത്സല പറഞ്ഞു.

പൊലീസിന് വീഴ്ചയുണ്ടായതായി വ്യാപക പരാതി: മനുഷ്യാവകാശ കമീഷന്‍

പട്ടുവം അരിയില്‍ അനിഷ്ടസംഭവങ്ങള്‍ തടയുന്നതില്‍ പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് പരാതികള്‍ ശ്രദ്ധയില്‍പെട്ടതായി മനുഷ്യാവകാശ കമീഷന്‍ . അരിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമീഷനംഗം കെ ഇ ഗംഗാധരന്‍ .

പത്രവിതരണക്കാരനായ മുതലപ്പാറയിലെ കുന്നൂല്‍ രാജന് വെട്ടേറ്റതാണ് അനിഷ്ടസംഭവങ്ങളുടെ തുടക്കം. പൊലീസ് സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍ ഒഴിവാക്കാനാകുമായിരുന്നുവെന്നാണ് എല്ലാ വിഭാഗക്കാരുടെയും അഭിപ്രായം. വെട്ടേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വള്ളിയേരി മോഹനന്റെ വീട്ടുകാരും മരിച്ച ഷുക്കൂറിന്റെ സുഹൃത്തുക്കളുമാണ് ഈ ആക്ഷേപം ഉന്നയിച്ചത്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് കമീഷന്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി മോഹനനെയും കമീഷന്‍ സന്ദര്‍ശിച്ചു. ഡോക്ടര്‍മാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് മോഹനന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ശയ്യാവലംബിയായി കഴിയുന്ന കുന്നൂല്‍ രാജനെയും മുതലപ്പാറയിലെ വീട്ടില്‍ കമീഷന്‍ സന്ദര്‍ശിച്ചു.

deshabhimani 180312

1 comment:

  1. ഉറ്റവര്‍ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നീറി ജീവിക്കുന്നവര്‍ . വെട്ടും കുത്തുമേറ്റ് ജീവച്ഛവമായവര്‍ . കുടുംബാംഗങ്ങളെ കൊല്ലാക്കൊല ചെയ്യുന്നതിന് സാക്ഷിയായി വിറങ്ങലിച്ച സ്ത്രീകളും കുട്ടികളും. വീടും ജീവിതസമ്പാദ്യവും തകര്‍ക്കുന്നതും കൊള്ളയടിക്കുന്നതും നിസ്സഹായതയോടെ നോക്കിനില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ ... ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്കും സത്യഗ്രഹങ്ങള്‍ക്കും വേദിയായ കണ്ണൂര്‍ കലക്ടറേറ്റിനുമുന്നില്‍ ശനിയാഴ്ചത്തെ കാഴ്ചകളാണിത്. "ലീഗ് കോടതി" വിധിയില്‍ ജീവിതം വഴിമുട്ടിയവരുടെ രോദനമാണ് കലക്ടറേറ്റിനു മുന്നില്‍ ഉയര്‍ന്നത്. അക്രമങ്ങളും ഭീഷണിയും കൊണ്ട് പിറന്ന നാട്ടില്‍നിന്ന് ഇനിയും ആട്ടിയോടിക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ നല്‍കി ചെറുക്കുമെന്ന മുന്നറിയിപ്പും കൂട്ടായ്മയില്‍ മുഴങ്ങി. "സിപിഐ എം കോടതി"യെക്കുറിച്ച് വാചാലരായവരെ നിശബ്ദമാക്കുന്നതായിരുന്നു ഇരകളുടെ നേര്‍സാക്ഷ്യം. ആഘോഷങ്ങളിലും ദുഃഖത്തിലും അയല്‍ക്കാരായി ജീവിച്ചവര്‍ തീവ്രവാദത്തിന്റെ തണലില്‍ കൊലവാളുമേന്തി വീടാക്രമിച്ചതിന്റെ അവിശ്വസനീയത അവരുടെ മുഖങ്ങളിലുണ്ടായിരുന്നു.

    ReplyDelete