എല്ലാവിഭാഗം ജനങ്ങള്‍ക്കും ഉമ്മന്‍ചാണ്ടി നയിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ എതിരാണെന്ന് ഒമ്പത് മാസക്കാലത്തെ ഭരണംകൊണ്ട് കേരളീയ സമൂഹത്തിനാകെ ബോധ്യപ്പെട്ടിട്ടുണ്ട് . അഭ്യസ്ഥവിദ്യരുടെ ഏറ്റവും വലിയ സംഗമഭൂമിയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ കൊച്ചുകേരളം. അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതരുടെ ശരാശരി നിരക്കില്‍ ഏറ്റവും മുന്നിലാണ് കേരളം നിലകൊള്ളുന്നത്. ഇതാ, ഇപ്പോള്‍ തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികളെയാകെ അവഗണിക്കുകയും അവരുടെ സ്വപ്‌ന ഗോപുരങ്ങള്‍ക്കുമേല്‍ ബോംബുവര്‍ഷം നടത്തുകയും ചെയ്യുന്ന ബജറ്റാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു വേണ്ടി കെ എം മാണി അവതരിപ്പിച്ചിരിക്കുന്നത്. പെന്‍ഷന്‍പ്രായപരിധി 55 ല്‍ നിന്ന് 56 ആക്കി ഉയര്‍ത്തിക്കൊണ്ടാണ് ഉമ്മന്‍ചാണ്ടിയും കെ എം മാണിയും കേരളീയ യുവസമൂഹത്തിന് സമ്മാനം പകര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗം കിനാവു കണ്ടിരുന്ന ഉദ്യോഗാര്‍ഥികളുടെ തലക്കും മാനസത്തിനും കനത്ത അടിയാണ് ചാണ്ടി-മാണിമാരുടെ സമ്മാനം.
നാല്‍പ്പത്തി അഞ്ചുലക്ഷം വിദ്യാസമ്പന്നര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തുകാത്തിരിക്കുന്ന വേളയിലാണ് പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍ പദ്ധതിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രാരംഭം കുറിച്ചിരിക്കുന്നുത്. വരാനിരിക്കുന്ന ബജറ്റുകളില്‍ എത്രമേല്‍ പെന്‍ഷന്‍ പ്രായപരിധി ഉയര്‍ത്തുമെന്നത് കാത്തിരുന്നു കാണുക തന്നെ വേണം.
പി എസ് സി പട്ടികയില്‍ കടന്നുകൂടുകയും ഉദ്യോഗപ്രവേശനം കാത്തിരിക്കുകയും പ്രവേശനപട്ടികാനിഷേധം ഉണ്ടാവുകയില്ലെന്ന് സമാശ്വസിച്ച് ജീവിക്കുകയും ചെയ്യുന്ന ലക്ഷോപലക്ഷം യുവജനങ്ങളുടെ അഭിലാഷങ്ങളെയും സ്വപ്‌നങ്ങളെയുമാണ് ഉമ്മന്‍ചാണ്ടിയും കെ എം മാണിയും നയിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ കാരുണ്യ രഹിതമായി ഹനിക്കുന്നത്. പെന്‍ഷന്‍പ്രായം 56 ആയി ഉയര്‍ത്തുന്നതിലൂടെ പ്രവേശനം സാധ്യമാകുമായിരുന്ന, പ്രവേശന പട്ടികയിലുണ്ടായിരുന്ന ആയിരങ്ങള്‍ക്കാണ് തങ്ങളുടെ സാധ്യത നഷ്ടപ്പെടുക. പെന്‍ഷന്‍ തുകയിലും മറ്റും സര്‍ക്കാരിന് അഥവാ ഖജനാവിന് ലാഭം ഉണ്ടായേക്കും. പക്ഷേ തൊഴില്‍ തേടുന്ന അഭ്യസ്ഥവിദ്യരായ യുവതയെ അവഗണിച്ചാല്‍ സാമൂഹ്യ സമത്വത്തെയും സുരക്ഷിതത്വത്തെയും കുറിച്ച് പറയാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് അര്‍ഹതയില്ലാതാവും. ഇപ്പോള്‍ തന്നെ വിദ്യാസമ്പന്നര്‍ കൊലപാതകങ്ങളിലും കവര്‍ച്ചകളിലും പങ്കാളിയാവുന്ന വാര്‍ത്തകള്‍ നമ്മെ ഞെട്ടിപ്പിക്കുന്നുണ്ട്. തൊഴില്‍രാഹിത്യം രൂക്ഷമാക്കുന്ന ബജറ്റ് പ്രഖ്യാപനം വളരെ പ്രധാന ആലോചനാവിഷയമായി മാറുന്നത് ഈ സാഹചര്യത്തില്‍ക്കൂടിയാണ്.
നിയമസഭയും സര്‍ക്കാരും ജനങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും സാക്ഷാത്ക്കരിക്കുമെന്നാണ് പാവങ്ങളില്‍ പാവങ്ങളായ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് . കെ എം മാണി അവതരിപ്പിച്ച ബജറ്റ് - ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡ് അദ്ദേഹം കൈവരിച്ചിരിക്കാം- സാധാരണക്കാരെയും യുവജനസമൂഹത്തെയും അവഗണിക്കുന്നതാണെന്ന് പറയാതെ വയ്യ. മാണിയുടെ പത്താം ബജറ്റ് എന്നതല്ല തങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ എന്തെല്ലാം എന്നാണ് ജനത ചിന്തിക്കുന്നത്. ആ നിലയില്‍ പൊതുസമൂഹത്തിനാകെ നിരാശാജനകമായ ബജറ്റ് യുവസമൂഹത്തിന്റെ ശിരസ്സിനുമേല്‍ കൊള്ളിമീന്‍ പതിപ്പിക്കുകയും ചെയ്തു.
ആയുര്‍ദൈര്‍ഘ്യവും വിദ്യാസമ്പന്നതയും മുന്‍നിരയിലായതുകൊണ്ട് കേരളീയ യുവസമൂഹത്തിന് അതു ദൗര്‍ഭാഗ്യമായി മാറിതീര്‍ന്നുകൂടാ. 1957 ല്‍ അധികാരത്തില്‍ വന്ന സി പി ഐ സര്‍ക്കാരിന്റെ കാലം മുതല്‍ നടപ്പാക്കപ്പെട്ട കേരള മോഡല്‍ പരിഷ്‌ക്കരണത്തിന്റെ പരിണിതഫലമാണ് ആയുര്‍ദൈര്‍ഘ്യവും വിദ്യാസമ്പന്നതയും. കേരളം ആര്‍ജ്ജിച്ച സാമൂഹിക മുന്നേറ്റം പുതുതലമുറയുടെ സാധ്യതകളെ നിരാകരിച്ചു കൂടാ. മുന്നേറ്റം പുതുതലമുറയെ ഹനിക്കുവാനുള്ള ആയുധമാക്കുന്നത് നികൃഷ്ടമാണ്.
ഇരുപത് വര്‍ഷം മുതല്‍ മുപ്പത്തിയെട്ടുവര്‍ഷം വരെ സര്‍ക്കാര്‍ സര്‍വീസില്‍ വിരാജിക്കുന്നവര്‍ വീണ്ടും വീണ്ടും തങ്ങള്‍ തന്നെയിരുന്നേ മതിയാവൂ എന്ന സ്വാര്‍ഥത പ്രകടിപ്പിക്കുന്നതിലൂടെ അവര്‍ തന്നെ അപമാനിതരാവുകയാണെന്ന യാഥാര്‍ഥ്യം സര്‍വീസ് സംഘടനകളും അതിന്റെ വക്താക്കളും തിരിച്ചറിയേണ്ടതുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ പ്രായപരിധി ചൂണ്ടിക്കാട്ടി കേരളത്തില്‍ ആവശ്യമുന്നയിക്കുന്നതില്‍ അര്‍ഥമൊന്നുമില്ലെന്ന് ന്യായീകരണവാദങ്ങളുമായി ചാനല്‍മുറികളില്‍ എത്തുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എന്ന് അവകാശപ്പെടുന്നവരും ചാണ്ടിമാരും മാണിമാരും തിരിച്ചറിയേണ്ടതുണ്ട്. പ്രാഥമിക - ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം ആര്‍ജ്ജിച്ച നേട്ടം വിദ്യാസമ്പന്നതയിലെ ശരാശരി ഇതൊന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെടാനില്ലെന്ന തെളിമയുള്ള സത്യം കൂടി അവര്‍ ശരിയായ നിലയില്‍ ഗ്രഹിക്കേണ്ടതുണ്ട്.
അശരണരെയും പാവപ്പട്ടവരെയും കര്‍ഷകരെയും തൊഴിലാളികളെയും അവഗണിക്കുന്ന ബജറ്റ് അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരെയും തള്ളിക്കളയുന്നു. റയില്‍വേ ബജറ്റ് അവതരിപ്പിച്ച മന്ത്രിക്ക് കൂട്ടായി സ്വന്തം പാര്‍ട്ടി പോലും ഇല്ലാത്ത ദയനീയ കാഴ്ച ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നു. ആത്മാര്‍ഥതയുണ്ടെങ്കില്‍ രാഹുല്‍ഗാന്ധിയുടെ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് മിടുക്കരായി നിയമസഭയില്‍ എത്തിപ്പെട്ട യൂത്ത് ബ്രിഗേഡുകാരെങ്കിലും യുവജന വിരുദ്ധ ബജറ്റിനെ എതിര്‍ക്കുവാന്‍ മുന്നോട്ടുവരണം. അതിനു സന്നദ്ധമല്ലെങ്കില്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും മാത്രം ജീവിക്കുന്ന കപട യുവജനസ്‌നേഹികള്‍ എന്ന ചാര്‍ത്ത് അവര്‍ക്ക് ലഭ്യമാകും. കെ എം മാണിയും ഉമ്മന്‍ചാണ്ടിയും ആര്‍ക്കും ബോധ്യപ്പെടാത്ത വിദണ്ഡ വാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതേറ്റുപാടി അപമാനിതരാവുകയാണ് യൂത്ത് കോണ്‍ഗ്രസ് പുലികള്‍.
വി പി ഉണ്ണികൃഷ്ണന്‍ janayugom 200312

ReplyDelete