2012-13 ലെ റവന്യൂ വരവ് 48120.34 കോടി രൂപയും റവന്യൂ ചിലവ് 51605.36 കോടിരൂപയും ആയിരിക്കുമെന്ന് ബജറ്റ് രേഖകള്‍ പറയുന്നു. 3485.02 കോടിയുടെ റവന്യൂകമ്മി വര്‍ഷാന്ത്യത്തില്‍ വര്‍ദ്ധിക്കുവാനാണ് എല്ലാ സാധ്യതകളും. ധനകാര്യ മാനേജ്‌മെന്റിന്റെ മികവിനെക്കുറിച്ചും സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചും വലിയ വായില്‍ വര്‍ത്തമാനം പറയുമ്പോഴും യു ഡി എഫ് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനശീലങ്ങളിലൊന്നും അതില്ലെന്ന് 9 മാസം കൊണ്ട് കേരളം കണ്ടതാണ്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ നടന്ന ധനവിതരണത്തിന്റെയും അതിനുവേണ്ടി സന്നാഹങ്ങളൊരുക്കാന്‍ ചിലവഴിച്ച പണത്തിന്റെയും യഥാര്‍ഥമായ കണക്കുകള്‍ പരിശോധിച്ചാല്‍ ധനമാനേജ്‌മെന്റിന്റെ 'മികവ്' ആര്‍ക്കും ബോധ്യമാകും. 10815.76 കോടിയുടെ പൊതുകടത്തെപ്പറ്റിയും ബജറ്റ് സൂചിപ്പിക്കുന്നുണ്ട്. ഈ കടം ആര്‍ക്കുവേണ്ടി എങ്ങനെ ചിലവഴിക്കുമെന്നതാണ് മൗലികമായ ചോദ്യം. യു ഡി എഫ് സര്‍ക്കാരിന്റെ വികസന സങ്കല്‍പങ്ങളില്‍ പാവങ്ങള്‍ക്കുവേണ്ടി വാഗ്ദാനവും പണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തനവും എന്നതാണ് നാടിന്റെ അനുഭവം.
പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയതാണ് ഈ ബജറ്റിലെ നിര്‍ണായകമായ പ്രഖ്യാപനം. കേരളത്തെ സംബന്ധിച്ച് തീവ്രമായ ആശയസംഘട്ടനം നടക്കുന്ന ഈ വിഷയത്തില്‍ ബജറ്റ് പ്രസംഗത്തിലൂടെ തീരുമാനമെടുത്ത യു ഡി എഫ് നയം അവരെ പിന്തുണക്കുന്ന ചെറുപ്പക്കാരെ തന്നെ രോഷംകൊള്ളിക്കുമെന്നുറപ്പാണ്. സമവായ ചര്‍ച്ചയിലൂടെ തീരുമാനമെന്ന സര്‍ക്കാര്‍ വാഗ്ദാനം നിമിഷനേരം കൊണ്ടാണ് കുഴിച്ചുമൂടപ്പെട്ടത്. 22,000 ല്‍പരം യുവാക്കളുടെ തൊഴില്‍ പ്രതീക്ഷയുടെ കഴുത്തറുത്ത ഈ തീരുമാനം വഴി ഏകദേശം 3500 കോടി രൂപയാണ് സര്‍ക്കാര്‍ കൈക്കലാക്കുന്നത്. ഈ പണം കൊണ്ടാണ് ധനകാര്യമന്ത്രി തന്റെ ചെപ്പടിവിദ്യകള്‍ക്കെല്ലാം ബജറ്റില്‍ കളമൊരുക്കിയത്.
വാറ്റ് നികുതി നിരക്കില്‍ ഒരുശതമാനം വര്‍ധന വരുത്തുക വഴി ഭൂരിഭാഗം ഉല്‍പന്നങ്ങള്‍ക്കും പലശതമാനം വിലവര്‍ദ്ധിക്കാനാണ് പോകുന്നത്. നികുതി നിരക്കില്‍ 8 മുതല്‍ 25 ശതമാനം വരെയാണ് വര്‍ദ്ധന. കേന്ദ്രബജറ്റില്‍ എക്‌സൈസ്-സേവന നികുതികളുടെ നിരക്ക് 20 ശതമാനം വര്‍ദ്ധിപ്പിച്ചതും ഇതിനോടു കൂട്ടിവായിക്കേണ്ടതാണ്. ഈ നിരക്കുകളെല്ലാം നികുതിദായകരാണ് അടയ്‌ക്കേണ്ടതെങ്കിലും അതിന്റെ ഭാരം ചുമക്കേണ്ടിവരുന്നത് സത്യത്തില്‍ സാമാന്യജനങ്ങളായിരിക്കും. ഏകദേശം 1166 കോടി രൂപയുടെ അധികഭാരം ജനങ്ങള്‍ പേറേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തേജക പാക്കേജുകള്‍ ലോകത്തു മുഴുവന്‍ പരീക്ഷിക്കപ്പെട്ടതാണ്. ജനങ്ങള്‍ക്കു തൊഴിലും സമ്പദ്ഘടനയില്‍ ചലനാത്മകതയും പ്രദാനം ചെയ്യാന്‍ അവയ്ക്ക് കഴിയുമെന്നതാണ് അനുഭവം. കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അതു ഫലപ്രദമായി നടപ്പിലാക്കിയതാണ്. എന്നാല്‍ ആ വഴിക്കുള്ള പരിശ്രമങ്ങളൊന്നും യു ഡി എഫ് ബജറ്റില്‍ സ്ഥാനം കണ്ടില്ല.
ഭക്ഷ്യ സുരക്ഷയാണ് ആഗോളവല്‍ക്കരണത്തിന്റെയും ആഗോളതാപനത്തിന്റെയും ദിനങ്ങളില്‍ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആ വസ്തുത കണക്കിലെടുക്കുമ്പോള്‍ കേരള ബജറ്റ് കാര്‍ഷികമേഖലയ്ക്കു നല്‍കിയ പരിഗണന തുലോം നിസാരമാണെന്ന് ആരും സമ്മതിക്കും. കര്‍ഷക ബന്ധുവെന്ന് സ്വയം വിളിക്കുന്ന കെ എം മാണിയുടെ ബജറ്റില്‍ കര്‍ഷക ആത്മഹത്യയെക്കുറിച്ച് ഒന്നും മിണ്ടിയില്ല. വിള ഇന്‍ഷ്വറന്‍സും താങ്ങുവിലയും ഒന്നും പ്രധാനപ്പെട്ടതായി യു ഡി എഫ് ഗവണ്‍മെന്റ് കണ്ടില്ല. ഹൈടെക്ക് കൃഷി വ്യാപകമാക്കുമെന്ന പ്രഖ്യാപനം പ്രത്യക്ഷത്തില്‍ ആകര്‍ഷകമായി തോന്നാം. കരാര്‍ കൃഷിയും പുത്തന്‍ രൂപത്തിലുള്ള പാട്ടകൃഷിയും അന്തരീക്ഷത്തില്‍ സ്ഥാനം പിടിച്ചിരിക്കെ അതിന്റെ പിറകിലുള്ള മുലധനതാല്‍പര്യങ്ങള്‍ ചെറുകിട ഇടത്തരം കൃഷിക്കാരെ ദുരിതത്തിലാഴ്ത്തില്ലെന്ന് ആര്‍ക്കു പറയാന്‍ കഴിയും?
സാമ്പത്തിക - വ്യാവസായിക രംഗങ്ങളിലെല്ലാം ദുരക്കാഴ്ചക്കു പകരം കാതടപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളത്. കടല്‍ സുരക്ഷാപദ്ധതിക്ക് രണ്ടുകോടിയും കപ്പല്‍ ഗതാഗതനയവും നല്ലതുതന്നെ. അതിന്റെയെല്ലാം ഒടുവില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ ഘാതകര്‍ക്കു പഞ്ചനക്ഷത്ര പരിഗണനയാണുണ്ടാകുന്നതെങ്കില്‍ പിന്നെയെന്തുഫലം?
ഇടശ്ശേരിയെ ഉദ്ധരിച്ചുകൊണ്ട് വികസന സ്വപ്നം പങ്കുവക്കുന്ന ധനകാര്യമന്ത്രി ഒരു കാര്യം മറക്കാതിരിക്കുക. അദ്ദേഹത്തിന്റെ നാട്ടുകാരന്‍ കൂടിയായ മുന്‍രാഷ്ട്രപതി കെ ആര്‍ നാരായണന്‍ നല്‍കിയ ഒരു മുന്നറിയിപ്പാണത്. വികസനത്തിന്റെ ഹൈവേയിലൂടെ ജീവിതം അതിവേഗം പാഞ്ഞുപോകുമ്പോള്‍ പാതയോരത്തു കാത്തുനില്‍ക്കുന്ന പാവങ്ങളെ മറക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. അവര്‍ക്കു ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും കുടിവെള്ളവും ആരോഗ്യസുരക്ഷയും ലഭ്യമാക്കിയില്ലെങ്കില്‍ വികസനത്തിന്റെ യാത്ര നിരര്‍ഥകമാകുമെന്നാണ് അദ്ദേഹം നല്‍കിയ മുന്നറിയിപ്പ്. യു ഡി എഫ് ബജറ്റ് ആത്യന്തികമായി പ്രായോഗിക രംഗത്ത് അക്കാര്യം പരിഗണിക്കുന്നുണ്ടോ എന്നതാണ് മൗലികമായ ചോദ്യം.
janayugom editorial 200312
2012-13 വര്‍ഷത്തെ ബജറ്റിലൂടെ യു ഡി എഫ് ഗവണ്‍മെന്റും അതിന്റെ ധനകാര്യമന്ത്രിയും വാക്കുകളും അക്കങ്ങളും കൊണ്ട് മായാജാലം കാണിച്ചിരിക്കുകയാണ്. ''സംസ്ഥാന സമ്പദ് വ്യവസ്ഥയെ ആഗോളസമ്പദ് വ്യവസ്ഥയുമായി സമന്വയിപ്പിച്ചുകൊണ്ട് വികസനത്തിന്റെ 'ഹൈവേ'യിലേക്കു കേരളത്തെ നയിക്കുക'' യാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. മുലധനതാല്‍പര്യങ്ങള്‍ സൈ്വര്യവിഹാരം നടത്തുന്ന ആ ഹൈവേയില്‍ ദുര്‍ബലരും പാവപ്പെട്ടവരും ചതഞ്ഞരഞ്ഞു പോകുന്നുവെന്നതാണ് ആഗോളസമ്പദ് വ്യവസ്ഥ മുന്‍വയ്ക്കുന്ന അനുഭവപാഠം. 99 ശതമാനത്തെ ചവിട്ടി അരച്ചുകൊണ്ട് 1 ശതമാനം എല്ലാം കൈയടക്കുന്ന ആ സ്ഥിതി വിശേഷത്തിനെതിരെ ലോകത്തെമ്പാടും ജനങ്ങള്‍ പൊരുതുകയാണെന്ന സത്യം ധനകാര്യമന്ത്രി കാണുന്നില്ല. മഹാഭൂരിപക്ഷം വരുന്ന ദുര്‍ബലരുടെ മുമ്പില്‍ കപട വാഗ്ദാനങ്ങള്‍ ചൊരിഞ്ഞുകൊണ്ട് സമ്പന്നവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സാമര്‍ഥ്യ പ്രകടനമാണ്. ബജറ്റിന്റെ മുഖമുദ്ര അത്തരം സാമര്‍ഥ്യങ്ങളുടെ മുമ്പില്‍ നില്‍ക്കാന്‍ യു ഡി എഫില്‍ മറ്റാരേക്കാളും യോഗ്യന്‍ താനാണെന്ന് ഈ ബജറ്റിലും കെ എം മാണി തെളിയിച്ചു.
ReplyDelete