Sunday, March 4, 2012

പാലോളി, ശ്രീമതി ടീച്ചര്‍, കൊടിയേരി, ഗുരുദാസന്‍, പരിഷത്ത്

സാമ്രാജ്യത്വം രാജ്യത്തെ നശിപ്പിക്കുമ്പോള്‍ ഭരണാധികാരികള്‍ നോക്കിയിരിക്കുന്നു: പാലോളി

പേരാമ്പ്ര: പുതിയ രൂപത്തിലുളള അടിമത്തത്തിലേക്കാണ് രാജ്യം പോകുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് പേരാമ്പ്രയില്‍ "കൂത്താളി സമരസ്മൃതി- കാര്‍ഷികപരിഷ്കരണവും സാമൂഹ്യമാറ്റവും" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമ്രാജ്യത്വ ആക്രമണം സര്‍വ മേഖലയിലും നാശം വിതക്കുകയാണ്. രാജ്യത്തെയവര്‍ കൊള്ളയടിക്കുന്നത് ഭരണാധികാരികള്‍ നോക്കിനില്‍ക്കുന്നു. ഭരണാധികാരികള്‍ സാമ്രാജ്യത്വ ശക്തികളുമായി ചങ്ങാത്തം കൂടുന്നത് ദൗര്‍ഭാഗ്യകരമാണ്. സാമ്രാജ്യത്വ മേല്‍ക്കോയ്മ ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ രാഷ്ട്രീയാധികാരങ്ങളിലും അമേരിക്ക ഇടപെട്ടു തുടങ്ങി. ആണവ കരാര്‍ നടപ്പാക്കിയതും ഇറാനുമായുണ്ടാക്കിയ വാതക കരാര്‍ റദ്ദാക്കിയതും ഇതിന് തെളിവാണ്. രാജ്യത്തെ തകര്‍ക്കാനായി അമേരിക്ക നടത്തുന്ന ശ്രമങ്ങളോട് പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാജ്യ താല്പര്യം മുറുകെ പിടിക്കാത്ത ഭരണാധികാരികളാണ് കേന്ദ്രം ഭരിക്കുന്നത്. ആത്മഹത്യാപരമായ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്നത്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നില്ല. ഉത്പന്നങ്ങള്‍ക്ക് കാലോചിതമായ വില ലഭിക്കുന്നില്ല. അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുമ്പോള്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വില കുറയുന്നത് കര്‍ഷകനെ ദുരിതത്തിലാക്കുന്നു. വിദേശ ഉല്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം പേരിന് മാത്രമാക്കിയത് കമ്പോളത്തില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. വിദേശ ഉല്പന്നങ്ങളുടെ കുത്തൊഴുക്കിനോട് കിടപിടിക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യം കര്‍ഷര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ കുഞ്ഞമ്മദ് എംഎല്‍എ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി വി ദക്ഷിണാമൂര്‍ത്തി, പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ, പ്രൊഫ. എം എം നാരായണന്‍ , ഡോ. കെ കെ എന്‍ കുറുപ്പ്, കേളു ഏട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എ കെ ബാലന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ കൂത്താളി സമരനായകരായ കെ സി അബ്ദുളള, കെ എം കണ്ണന്‍ മാസ്റ്റര്‍ എന്നിവരെ പാലോളി മുഹമ്മദ് കുട്ടി ആദരിച്ചു.

നമുക്കുവേണ്ടത് വിളര്‍ച്ചയില്ലാത്ത ആരോഗ്യരംഗം: പി കെ ശ്രീമതി

കോഴിക്കോട്: വിളര്‍ച്ചയില്ലാത്ത ആരോഗ്യരംഗമാണ് നമുക്ക് വേണ്ടതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ പി കെ ശ്രീമതി പറഞ്ഞു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായി ഇ കെ നായനാര്‍ ഹാളില്‍ (ടൗണ്‍ഹാള്‍) "കേരള ആരോഗ്യ മേഖല-പ്രതിസന്ധികളും പരിഹാരങ്ങളും" വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി.

രാജ്യത്ത് ഒരു പൗരനും ചികിത്സ കിട്ടാതെ മരിക്കുന്ന സ്ഥിതിയുണ്ടാകരുത്. ഭരണാധികാരികള്‍ക്ക് ആരോഗ്യനയത്തിലുള്ള സമീപനം വ്യത്യസ്തമാണ്. 1970കള്‍ക്കുശേഷം സര്‍ക്കാരാശുപത്രികളുടെ കാര്യത്തില്‍ ഇവിടെ വര്‍ധനയുണ്ടായിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളുടെ കാര്യം അധോഗതിയായി. പട്ടണങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ തഴച്ചുവളര്‍ന്നു. ആരോഗ്യ രംഗത്ത് ലോകം വാഴ്ത്തിയ കേരളത്തിന്റെ പൊതു ആരോഗ്യമേഖല പിന്നോക്കം പോയി. സര്‍ക്കാര്‍ ശ്രദ്ധിച്ചാല്‍ കേരളത്തില്‍ പൊതുജനാരോഗ്യ മേഖലയുടെ വീണ്ടെടുപ്പ് സാധ്യമാണെന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചു. മെഡിക്കല്‍ കോളേജുകള്‍ മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെ സ്വകാര്യ ആശുപത്രിയെ വെല്ലുന്ന നിലവാരമുള്ളതാക്കാന്‍ കഴിഞ്ഞു. ആധുനിക ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്ന ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടര്‍മാരെയും നല്‍കി. ഡങ്കി, ചിക്കുന്‍ഗുനിയ പോലുള്ള മാരക പനികള്‍ ഇല്ലാതാക്കാനായി. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികളുമാരംഭിച്ചു. -ശ്രീമതി പറഞ്ഞു.

മുന്‍ ആരോഗ്യമന്ത്രി കൂടിയായ വി എം സുധീരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. കെ പി അരവിന്ദന്‍ വിഷയം അവതരിപ്പിച്ചു. ഡോ. ബി ഇക്ബാല്‍ അധ്യക്ഷനായി.

വികസന തുടര്‍ച്ചയ്ക്ക് ഒന്നിച്ചില്ലെങ്കില്‍ പദ്ധതികള്‍ പാഴ്ച്ചെലവാകും: കോടിയേരി

കണ്ണൂര്‍ : സര്‍ക്കാരുകള്‍ മാറി വരുമ്പോള്‍ വികസന കാര്യങ്ങളില്‍ തുടര്‍ച്ച ഉണ്ടായില്ലെങ്കില്‍ പദ്ധതികള്‍ പാഴ്ചെലവാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വികസന തുടര്‍ച്ചയ്ക്ക് അഭിപ്രായസമന്വയം ഉണ്ടാകണം. ഭരണ, പ്രതിപക്ഷ രംഗത്ത് മാറിമാറിവരുന്നവര്‍ യോജിച്ചാല്‍ വികസനം ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാവും. പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമ്പോള്‍ പദ്ധതികള്‍ പലതും വഴിക്കുവച്ച് നിന്നുപോകുന്നു. ചിലത് വിവാദങ്ങളില്‍പെട്ട് കാലതാമസമുണ്ടാകുന്നു. രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും എല്ലാവരും നാട്ടില്‍ മാറ്റം ആഗ്രഹിക്കുന്നു. വികസന പദ്ധതികള്‍ മുടങ്ങാതിരിക്കാന്‍ കൂട്ടായി പരിശ്രമിക്കണം. കേന്ദ്ര സംസ്ഥാന തദ്ദേശ ഭരണാധികാരികളോടൊപ്പം സഹകരണ മേഖലയെയും സന്നദ്ധ സംഘടനകളെയും വികസനതല്‍പരരായ ആളുകളെയും വികസനത്തില്‍ പങ്കാളികളാക്കണം. മനുഷ്യ വിഭവശേഷി ഉപയോഗപ്പെടുത്തിയുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. സര്‍ക്കാര്‍ ഏജന്‍സികളെ മാത്രം ആശ്രയിക്കാതെ, സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിനും പ്രാധാന്യം നല്‍കണം. പിന്നോക്കപ്രദേശങ്ങള്‍ക്ക് പ്രത്യേക പാക്കേജുകള്‍ നടപ്പാക്കി സന്തുലിതാവസ്ഥ കൈവരിക്കണം. പൊതു വികസനത്തിനൊപ്പം ഓരോ പ്രദേശത്തിനും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കണം- കോടിയേരി പറഞ്ഞു.

ഖാദിമേഖലയെ സര്‍ക്കാര്‍ അവഗണിക്കുന്നു: പി കെ ഗുരുദാസന്‍

കൊല്ലം: പരമ്പരാഗത തൊഴിലായ ഖാദി മേഖലയെ സഹായിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരു രൂപ പോലും ബജറ്റില്‍ നീക്കിവച്ചിരുന്നില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം പി കെ ഗുരുദാസന്‍ എംഎല്‍എ പറഞ്ഞു. ഖാദി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിന്‍കീഴില്‍ പ്രതിവര്‍ഷം പരമ്പരാഗത തൊഴില്‍മേഖലയെ സംരക്ഷിക്കാന്‍ 82 കോടി രൂപ നീക്കിവച്ചിരുന്നു. അതില്‍ 10 കോടി രൂപ ഖാദി മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനുമായിരുന്നു. പട്ടിണിക്കൂലിമാത്രം ലഭിച്ചിരുന്ന ഖാദിത്തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ഖാദിത്തൊഴിലാളികളുടെ പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ധിപ്പിക്കണം. പടിപടിയായി മിനിമം വേതനം 10,000 രൂപയാക്കി ഉയര്‍ത്തണം. പന്ത്രണ്ടു ലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്ന പരമ്പരാഗത മേഖലയെ ആകെ അവഗണിക്കുന്ന നയപ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത് യുഡിഎഫ് തുടരുന്ന നയമാണ്.

രമാദേവി അന്തര്‍ജനം നഗറില്‍ (കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയം) ചേര്‍ന്ന സമ്മേളനത്തില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സോണി കോമത്ത് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ , ജെ മേഴ്സിക്കുട്ടിയമ്മ, സിഐടിയു ജില്ലാ സെക്രട്ടറി കെ തുളസീധരന്‍ , ഖാദിബോര്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി ആര്‍ തുളസീധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു. കരിങ്ങന്നൂര്‍ മുരളി സ്വാഗതം പറഞ്ഞു. ചന്ദ്രമതി രക്തസാക്ഷിപ്രമേയവും ധനഞ്ജയന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി കൃഷ്ണന്‍ എംഎല്‍എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രേഡ് യൂണിയന്‍ ക്ലാസ് സിഐടിയു സംസ്ഥാന സെക്രട്ടറി എന്‍ പത്മലോചനന്‍ ഉദ്ഘാടനംചെയ്തു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

സര്‍ക്കാര്‍ അലംഭാവം വെടിയണം: ശാസ്ത്ര സാഹിത്യ പരിഷത്ത്

പമ്പ-അച്ചന്‍കോവില്‍ - വൈപ്പാര്‍ നദീസംയോജന വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം വെടിയണമെന്ന് കേരളശാസ്ത്രസാഹിത്യപരിഷത്ത് ആവശ്യപ്പെട്ടു. നദീസംയോജനപദ്ധതി നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് സുപ്രീംകോടതിയെയും കേന്ദ്രസര്‍ക്കാരിനെയും ബോധ്യപ്പെടുത്തി പദ്ധതിയില്‍നിന്നും പമ്പ-അച്ചന്‍കോവില്‍ ആറുകളെ ഒഴിവാക്കണം. മറ്റ് നദികളുടെ സംയോജനത്തിന്റെ കാര്യത്തിലും വിപുലവും ശാസ്ത്രീയവുമായ പരിസ്ഥിതികാഘാതപഠനം നടത്തേണ്ടത് അത്യാവശ്യമാണ്. സുപ്രീംകോടതി വിധി കേരളത്തിന് ബാധകമല്ലെന്ന സര്‍ക്കാരിന്റെ വിചിത്രനിലപാട് കൂടുതല്‍ ദോഷം ചെയ്യും. പല കാരണത്താല്‍ കേരളത്തിലെ ജലാശയങ്ങള്‍ നശിക്കുകയാണ്. വേനല്‍ക്കാലത്ത് കുട്ടനാട്ടിലും ആലപ്പുഴയിലും പകര്‍ച്ച വ്യാധിപിടിപെടുന്നത് സാധാരണയായി. പമ്പയിലൂടെ തുടര്‍ച്ചയായി പടിഞ്ഞാറോട്ട് ഒഴുക്കു നിലനിര്‍ത്തിയാലെ കുട്ടനാട്ടില്‍ ശുദ്ധജലം ലഭിക്കൂ. അന്താരാഷ്ട്രതലത്തില്‍ സംഭവിക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവും സ്ഥിതിഗതി കൂടുതല്‍ രൂക്ഷമാക്കും. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പരിഷത്ത് പ്രസിഡന്റ് കെ ടി രാധാകൃഷ്ണനും ജനറല്‍സെക്രട്ടറി ടി പി ശ്രീശങ്കറും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

deshabhimani 040312

1 comment:

  1. സാമ്രാജ്യത്വ ആക്രമണം സര്‍വ മേഖലയിലും നാശം വിതക്കുകയാണ്. രാജ്യത്തെയവര്‍ കൊള്ളയടിക്കുന്നത് ഭരണാധികാരികള്‍ നോക്കിനില്‍ക്കുന്നു. ഭരണാധികാരികള്‍ സാമ്രാജ്യത്വ ശക്തികളുമായി ചങ്ങാത്തം കൂടുന്നത് ദൗര്‍ഭാഗ്യകരമാണ്. സാമ്രാജ്യത്വ മേല്‍ക്കോയ്മ ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ രാഷ്ട്രീയാധികാരങ്ങളിലും അമേരിക്ക ഇടപെട്ടു തുടങ്ങി. ആണവ കരാര്‍ നടപ്പാക്കിയതും ഇറാനുമായുണ്ടാക്കിയ വാതക കരാര്‍ റദ്ദാക്കിയതും ഇതിന് തെളിവാണ്. രാജ്യത്തെ തകര്‍ക്കാനായി അമേരിക്ക നടത്തുന്ന ശ്രമങ്ങളോട് പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാജ്യ താല്പര്യം മുറുകെ പിടിക്കാത്ത ഭരണാധികാരികളാണ് കേന്ദ്രം ഭരിക്കുന്നത്. ആത്മഹത്യാപരമായ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്നത്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നില്ല. ഉത്പന്നങ്ങള്‍ക്ക് കാലോചിതമായ വില ലഭിക്കുന്നില്ല. അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുമ്പോള്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വില കുറയുന്നത് കര്‍ഷകനെ ദുരിതത്തിലാക്കുന്നു. വിദേശ ഉല്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം പേരിന് മാത്രമാക്കിയത് കമ്പോളത്തില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. വിദേശ ഉല്പന്നങ്ങളുടെ കുത്തൊഴുക്കിനോട് കിടപിടിക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യം കര്‍ഷര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete