Wednesday, March 21, 2012

പഴന്തോട്ടത്തെ ലാത്തിച്ചാര്‍ജിനു പിന്നില്‍ രണ്ടു മന്ത്രിമാര്‍ : യാക്കോബായ സഭ

തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ യാക്കോബായ സഭയെ ഉമ്മന്‍ചാണ്ടി വഞ്ചിച്ചതായി സഭയുടെ മുഖപത്രമായ വിശ്വാസസംരക്ഷകനും സഭയുടെ വെബ്സൈറ്റായ മലങ്കര സിറിയാക് വോയ്സും. "നിന്ദ്യം, നീചം, വഞ്ചന- ഉമ്മന്‍ചാണ്ടി വീണ്ടും യാക്കോബായ സഭക്കെതിരെ" എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ "വിശ്വാസസംരക്ഷക"ന്റെ ഇന്റര്‍നെറ്റ് പതിപ്പില്‍ പിറവം തെരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ചുമണിക്കുതന്നെ നരനായാട്ട് നടത്തിയ സര്‍ക്കാരിന്റെ വഞ്ചനയുടെ മുഖം വെളിപ്പെട്ടുവെന്ന് ആരോപിക്കുന്നു. പഴന്തോട്ടം സെന്‍റ് മേരീസ് പള്ളിയില്‍ നടന്ന ലാത്തിച്ചാര്‍ജ് ആസൂത്രണം ചെയ്തത് സംസ്ഥാന മന്ത്രിസഭയിലെ രണ്ടുമന്ത്രിമാര്‍ ചേര്‍ന്നാണെന്ന ഗുരുതര ആരോപണവും പത്രം ഉന്നയിക്കുന്നു.

ഉമ്മന്‍ചാണ്ടിയും കെ ബാബുവുംകൂടി യാക്കോബായ സഭയെ വഞ്ചിക്കുകയായിരുന്നു. ആറുവര്‍ഷം മുമ്പ് ആലുവയില്‍ നടത്തിയതിനെക്കാള്‍ ക്രൂരമായ നരനായാട്ടാണ് പഴന്തോട്ടത്ത് സത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കുനേരെ നടത്തിയത്. ഒരു മാധ്യമവും ഉമ്മന്‍ചാണ്ടിയും സഭയുടെ എതിര്‍വിഭാഗവും ഇതിനായി ഗൂഢാലോചന നടത്തി. മനോരമ പത്രത്തിലൂടെ ഉമ്മന്‍ചാണ്ടിയുടെ മുഖം രക്ഷിക്കാന്‍ സാധിക്കുമായിരിക്കും. പക്ഷെ മനുഷ്യഹൃദയത്തില്‍ ക്രൂരനായ ഭരണാധികാരി എന്നതായിരിക്കും അദ്ദേഹത്തിെന്‍റ സ്ഥാനം. സംഭവത്തിന് ഒരുദിവസം മുമ്പ് മരിച്ച ഇടയനാല്‍ ഇ വി തോമസിന്റെ മൃതദേഹം പഴന്തോട്ടം പള്ളിയില്‍ അഞ്ചു മണിക്കുശേഷമേ സംസ്കരിക്കാവൂ എന്ന് മന്ത്രി കെ ബാബു ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ യാക്കോബായ സഭ ആ നിര്‍ദേശം അംഗീകരിച്ചു. അഞ്ചുമണിക്ക് മൃതദേഹവുമായി പള്ളിയില്‍ എത്തിയ വൈദികര്‍ക്കും വിശ്വാസികള്‍ക്കും വഞ്ചന മനസിലായി. നരനായാട്ട് കഴിഞ്ഞെന്ന് ഉറപ്പായശേഷം പത്തു മണിയോടെ മാത്രമാണ് മന്ത്രി ബാബുവിന്റെയും വി പി സജീന്ദ്രന്‍ എംഎല്‍എയുടെയും സെല്‍ഫോണ്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. അടികൊണ്ട സഭാ സെക്രട്ടറിയെയും വൈദികരെയും തിരക്കാന്‍ ഒരു കോണ്‍ഗ്രസുകാരനുമില്ലായിരുന്നു.

ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കെ ബാബു, ബെന്നി ബഹനാന്‍ എംഎല്‍എ എന്നിവരാണ് പഴന്തോട്ടത്തെ പ്രശ്നങ്ങളിലെ സംശയിക്കപ്പെടുന്ന പ്രതികളെന്ന് മലങ്കര സിറിയാക് വോയ്സ് പറയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്നും വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു. വി എസ് അച്യൂതാനന്ദന്റെ ഭരണകാലം സഭാപ്രശ്നത്തില്‍ സമാധാനത്തിന്റെ കാലമായിരുന്നുവെന്ന് "വിശ്വാസസംരക്ഷകന്‍" പറയുന്നു. ശ്രേഷ്ഠ ബാവയ്ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷം വഴിയില്‍ കിടക്കേണ്ടി വന്നില്ല. വി എസും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വിഷയങ്ങള്‍ ശരിയായി പഠിച്ച് നീതിപൂര്‍വമായ നിലപാടുകള്‍ സ്വീകരിച്ചു. എസ് ശര്‍മ മാന്യമായ നിലപാട് സ്വീകരിച്ചു. ഗോപി കോട്ടമുറിക്കലും പി രാജീവ് എം പിയും സജീവമായി ഇടപെട്ടു. വഞ്ചന അവരുടെ നിഘണ്ടുവില്‍ ഇല്ലായിരുന്നു. ദൈവത്തെ കൂടെ കൊണ്ടു നടക്കുമെന്നു പറയുന്ന വലതുപക്ഷത്തെക്കാള്‍ എത്ര നീതിയോടെയും സത്യത്തോടെയുമുള്ള നിലപാടാണ് ഇടതുപക്ഷസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നുവെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.
(ലെനി ജോസഫ്)

deshabhimani 210312

1 comment:

  1. ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കെ ബാബു, ബെന്നി ബഹനാന്‍ എംഎല്‍എ എന്നിവരാണ് പഴന്തോട്ടത്തെ പ്രശ്നങ്ങളിലെ സംശയിക്കപ്പെടുന്ന പ്രതികളെന്ന് മലങ്കര സിറിയാക് വോയ്സ് പറയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്നും വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു.

    ReplyDelete